മഞ്ചേരി മെഡിക്കല്‍ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോക്ടർ രമേശന്‍ സികെ,കോട്ടയം സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ ഷഹന,കോഴിക്കോട് മെഡിക്കല്‍ കോളേജലെ നഴ്‌സുമാരായ രഹന, മഞ്ജു കെജി എന്നിവരാണ് കേസിലെ പ്രതികള്‍.ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇവരെ പ്രതിചേര്‍ത്തിരിക്കുന്നത്.ഹര്‍ഷിനയുടെ പരാതി പ്രകാരം നേരത്തെ പ്രതിചേര്‍ത്തിരുന്ന മെഡിക്കല്‍ കോളേജ് ഐഎംസിഎച്ച് മുന്‍ സൂപ്രണ്ട്, യൂണിറ്റ് മേധാവിമാരായിരുന്ന രണ്ടു ഡോക്ടര്‍മാര്‍ എന്നിവരെ സംഭവത്തില്‍ പങ്കില്ലെന്നുകണ്ട് പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.ഇതുസംബന്ധിച്ച റിപ്പോര്‍ട്ടും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.മെഡിക്കല്‍ നെഗ്ലിജെന്‍സ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസില്‍ രണ്ടു വര്‍ഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
ശസ്ത്രക്രിയയ്ക്ക് ശേഷം കടുത്ത വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഹര്‍ഷീന വീണ്ടും ആശുപത്രിയിലെത്തിയത്.എന്നാല്‍ വേദന തുന്നലിട്ടതിന്റേതെന്നായിരുന്നു ഡോക്ടര്‍മാരുടെ വാദം.തുടര്‍ന്ന് ശാരീരിക ബുദ്ധിമുട്ടുകളും, അണുബാധയും ഉണ്ടായതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയപ്പോഴാണ്,വയറിനുള്ളിലെ ലോഹവസ്തുവിനെപ്പറ്റി വിവരം ലഭിക്കുന്നത്.കോഴിക്കോട് മെഡിക്കല്‍കോളേജില്‍ നടത്തിയ ശസ്ത്രക്രിയയിലൂടെയാണ് കത്രിക പുറത്തെടുത്തത്.മെഡിക്കൽ കോളജിലെ ശസ്ത്രക്രിയയ്ക്കിടെയാണു ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയതെന്ന പൊലീസ് കണ്ടെത്തൽ ജില്ലാതല മെഡിക്കൽ ബോർഡ് തള്ളിയെങ്കിലും തുടർ നടപടികളുമായി പൊലീസ് മുന്നോട്ടു പോകുകയായിരുന്നു.