Type Here to Get Search Results !

സിനിമ നാട്ടുകാര്‍ കാണാന്‍ വേണ്ടി മിണ്ടാതിരിക്കണ്ട : ഹരീഷ് പേരടി

സിനിമ നാട്ടുകാര്‍ കാണാന്‍ വേണ്ടി മിണ്ടാതിരിക്കണ്ട : ഹരീഷ് പേരടി
കൃഷിയുമായി ബന്ധപ്പെട്ട് നടന്‍ ജയസൂര്യ നടത്തിയ ചില പരാമര്‍ശങ്ങള്‍ സമൂഹമാധ്യമങ്ങളിലടക്കം ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു.കര്‍ഷകര്‍ അവഗണന നേരിടുകയാണെന്നും പുതിയ തലമുറ കൃഷിയില്‍ താല്‍പ്പര്യം കാണിക്കുന്നില്ലെന്ന് പരാതി പറയുന്നവര്‍ കൃഷിക്കാര്‍ക്ക് എന്താണ് ലഭിക്കുന്നതെന്ന് ചിന്തിക്കണമെന്നും ജയസൂര്യ വിമര്‍ശിച്ചിരുന്നു.മന്ത്രിമാരായ പി പ്രസാദിനെയും പി രാജീവിനെയും വേദിയില്‍ ഇരുത്തിയായിരുന്നു ജയസൂര്യയുടെ പ്രസംഗം.ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി.പറഞ്ഞിതിലെ ശരിയും തെറ്റും വിലയിരുത്തുന്നതിനേക്കാള്‍ തന്നെ ആകര്‍ഷിച്ചത് മുഖ്യധാര മലയാള സിനിമാനടന്‍മാര്‍ പൊതു വിഷയങ്ങളില്‍ പ്രതികരിക്കാന്‍ തുടങ്ങിയതാണെന്ന് ഹരീഷ് പേരടി കുറിച്ചു.കാര്യങ്ങള്‍ ഉറക്കെ പറഞ്ഞതിന് ജയസൂര്യ കൈയ്യടി അര്‍ഹിക്കുന്നുണ്ടെന്നും,മറ്റ് നായക നടന്‍മാരുടെ ശ്രദ്ധക്ക്.നിങ്ങള്‍ പൊതു വിഷയങ്ങളോട് പ്രതികരിച്ചാലും ഇല്ലെങ്കിലും നിങ്ങളുടെ സിനിമ നന്നായാല്‍ മാത്രമേ ജനം കാണൂ.അതുകൊണ്ട് സിനിമ നാട്ടുക്കാര്‍ കാണാന്‍ വേണ്ടി മിണ്ടാതിരിക്കണ്ടെന്നും നടന്റെ കുറിപ്പില്‍ പറയുന്നുണ്ട്.


ഹരീഷ് പേരടിയുടെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം....


പറഞ്ഞിതിലെ ശരിയും തെറ്റും വിലയിരുത്തുന്നതിനേക്കാള്‍ എന്നെ ആകര്‍ഷിച്ചത്….മുഖ്യധാര മലയാള സിനിമാനടന്‍മാര്‍ പൊതു വിഷയങ്ങളില്‍ പ്രതികരിക്കാന്‍ തുടങ്ങിയെന്നതാണ്..പ്രത്യേകിച്ചും രണ്ട് മന്ത്രിമാര്‍ ഇരിക്കുന്ന വേദിയില്‍ അവരെ സുഖിപ്പിക്കാത്ത രാഷ്ട്രിയം പറഞ്ഞുവെന്നതാണ്..അന്യ സംസ്ഥാനത്ത് നിന്ന് വരുന്ന പച്ചക്കറികള്‍ വിഷം പുരട്ടിയാതാണെന്ന ജയസൂര്യയുടെ പ്രസ്താവനയോട് ഞാന്‍ ഒട്ടും യോജിക്കുന്നില്ല…ജൈവ കൃഷികൊണ്ടല്ല..രാസവളങ്ങള്‍ ഉപയോഗിച്ചുള്ള കൃഷി കൊണ്ടാണ് നമ്മുടെ രാജ്യത്തിന്റെ ഗോഡൗണുകള്‍ സമ്പന്നമായ്ത് എന്നത് ഒരു സത്യമാണ്..അത് തിരിച്ചറിവില്ലാത്ത പ്രസ്താവനയാണ്…അത് അവിടെ നില്‍ക്കട്ടെ..എന്തായാലും കാര്യങ്ങള്‍ ഉറക്കെ പറഞ്ഞതിന് ജയസൂര്യ കൈയ്യടി അര്‍ഹിക്കുന്നു…മറ്റ് നായക നടന്‍മാരുടെ ശ്രദ്ധക്ക്..നിങ്ങള്‍ പൊതു വിഷയങ്ങളോട് പ്രതികരിച്ചാലും ഇല്ലെങ്കിലും നിങ്ങളുടെ സിനിമ നന്നായാല്‍ മാത്രമേ ജനം കാണു…അതുകൊണ്ട് സിനിമ നാട്ടുക്കാര്‍ കാണാന്‍ വേണ്ടി മിണ്ടാതിരിക്കണ്ട…നാട്ടുക്കാര്‍ക്ക് നിങ്ങളെക്കാള്‍ ബുദ്ധിയും വിവരവുമുണ്ട്…പറയാനുള്ളത് ഉറക്കെ പറഞ്ഞ് സിനിമയില്‍ അഭിനയിക്കുക…നിങ്ങളുടെ അഭിനയവും നിലവിലുള്ളതിനേക്കാര്‍ നന്നാവും..ജയസൂര്യാ..അഭിവാദ്യങ്ങള്‍..