Type Here to Get Search Results !

ബാങ്ക് വിളി കേട്ട് സന്ധ്യാദീപം കൊളുത്താനുള്ള സമയമായെന്ന് ഓര്‍ക്കുന്നവരുടെ നാടാണ് കേരളമെന്ന് എഎന്‍ ഷംസീര്‍

ബാങ്ക് വിളി കേട്ട് സന്ധ്യാദീപം കൊളുത്താനുള്ള സമയമായെന്ന് ഓര്‍ക്കുന്നവരുടെ നാടാണ് കേരളമെന്ന് എഎന്‍ ഷംസീര്‍
ഗണപതി ഭഗവാനെ കുറിച്ചുള്ള പരാമര്‍ശത്തില്‍ കൂടുതല്‍ വിശദീകരണവുമായി സ്പീക്കര്‍ എഎന്‍ ഷംസീര്‍.കേരളത്തിന്റെ മഹിതമായ മതനിരപേക്ഷത ഉയര്‍ത്തിപിടിക്കാനാണ് ശ്രമിക്കുന്നത്.മതേതര ഇന്ത്യയെ മതരാഷ്ട്രമാക്കാനാണ് ശ്രമം.അത് ചെറുത്ത് തോല്‍പ്പിക്കണമെന്നും സ്പീക്കര്‍ പറഞ്ഞു.ശാസ്ത്രത്തെ പ്രചരിപ്പിക്കുക എന്നതിന്റെ അര്‍ഥം വിശ്വാസത്തെ തള്ളിപ്പറയുക എന്നല്ലെന്ന് സ്പീക്കര്‍ എഎന്‍ ഷംസീര്‍.ആധുനിക ഇന്ത്യയില്‍ ശാസ്ത്രത്തെ പ്രചരിപ്പിക്കേണ്ടത് ഏറ്റവും അനിവാര്യമാണെന്നും ശാസ്ത്ര പ്രചരണം ഒരിക്കലും ഒരു മതവിശ്വാസത്തെ തള്ളലല്ലെന്നും ഷംസീര്‍ പറഞ്ഞു.മലപ്പുറത്ത് നടന്ന ചടങ്ങിലാണ് സ്പീക്കറുടെ പ്രതികരണം.


ഇന്ത്യ എന്ന രാജ്യം സെക്കുലറാണ്. സെക്കുലര്‍ എന്ന വാക്കിന് അര്‍ഥം മതനിരാസം എന്നല്ല,മതനിരപേക്ഷത എന്നാണ്.അതിനര്‍ഥം രാഷ്ട്രത്തിന് മതമില്ല എന്നാണ്.എന്നാല്‍ രാഷ്ട്രത്തിലെ പൗരന്‍മാര്‍ക്ക് മതമാകാം.നിങ്ങള്‍ക്ക് നിങ്ങളുടെ മതത്തില്‍ വിശ്വസിക്കാം,മതം പ്രചരിപ്പിക്കാം.അതാണ് ഇന്ത്യന്‍ ഭരണഘടന പറയുന്നത്.എന്നാല്‍ ഇന്ത്യയെ മതരാഷ്ട്രമാക്കി മാറ്റാനാണ് ഇപ്പോള്‍ ശ്രമം.അതിനുള്ള സംഘടിതമായ നീക്കം നടക്കുമ്പോള്‍ അതിനെ ചെറുത്തുതോല്‍പ്പിക്കേണ്ടത് മതവിശ്വാസിയുടെയും രാജ്യത്തെ സ്നേഹിക്കുന്നവരുടെയും ഉത്തരവാദിത്വമാണെന്നും ഷംസീര്‍ പറഞ്ഞു.


നായനാര്‍ സര്‍ക്കാര്‍ ആരംഭിച്ച സാക്ഷരതാ പ്രസ്ഥനത്തിന് ഏറ്റവും കൂടുതല്‍ സംഭാവന നല്‍കിയത് മലപ്പുറമാണ്.സാക്ഷരത പോലെ ഭരണഘടനയും പഠിപ്പിക്കണമെന്നും ഷംസീര്‍ പറഞ്ഞു.റംസാന് നോമ്പു തുറക്കാന്‍ ഹൈന്ദവരെ ക്ഷണിക്കുന്ന നാടാണിത്.ഓണം ദേശീയ ഉത്സവമാണെങ്കിലും അത് ആഘോഷിക്കുന്നത് ഹിന്ദു മതവിശ്വാസികളാണ്.ഓണത്തിന് ഹിന്ദുക്കള്‍ മറ്റു മതസ്ഥരെ വീട്ടിലേക്ക് ക്ഷണിക്കുകയും ചെയ്യാറുണ്ട്.വൈകിട്ട് ബാങ്ക് വിളിക്കുന്നത് കേട്ട് സന്ധ്യക്ക് നാമം ജപിക്കാനും സന്ധ്യാദീപം കൊളുത്താനുള്ള സമയമായെന്ന് ഓര്‍ക്കുന്നവരുടെ നാടാണിത്.അതിനാല്‍ മതനിരപേക്ഷത കാത്തുസൂക്ഷിക്കാന്‍ ഏവരും ശ്രമിക്കണമെന്നും ഷംസീര്‍ വ്യക്തമാക്കി.