Type Here to Get Search Results !

റോഡുകളുടെ ശോചനീയ അവസ്ഥകൂടി എഐ ക്യാമറയിലൂടെ നിരീക്ഷിച്ചുകൂടേ എന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രൻ

റോഡുകളുടെ ശോചനീയ അവസ്ഥകൂടി എഐ ക്യാമറയിലൂടെ നിരീക്ഷിച്ചുകൂടേ എന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രൻ
റോഡുകളിലെ നിലവിലെ ശോച്യ സ്ഥിതി എഐ ക്യാമറയുടെ സഹായത്തോടെ നിരീക്ഷിക്കാനാകുമോ എന്ന് സര്‍ക്കാരിനോട് ചോദിച്ച് ഹൈക്കോടതി.റോഡുകളുടെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം തേടി ഫയല്‍ ചെയ്ത ഹര്‍ജി പരിഗണിക്കവെയാണ് എഐ ക്യാമറ വഴി റോഡുകളുടെ അവസ്ഥ കൂടി പരിശോധിക്കാനാവില്ലേ എന്ന ഹൈക്കോടതിയുടെ ചോദ്യം.ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് ഇത്തരത്തിലൊരു സാധ്യത സര്‍ക്കാരിനോട് ആരാഞ്ഞത്.റോഡുകളുടെ ശോചനീയവസ്ഥ യഥാസമയം അറിയാത്തതാണ് പ്രശ്നം പരിഹരിക്കാന്‍ വൈകുന്നതിന് കാരണമെന്ന തരത്തിലുള്ള വിലയിരുത്തലിലാണ് പുത്തന്‍ സാധ്യതയെ കുറിച്ച് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചിരിക്കുന്നത്.റോഡുകളിലെ ശോച്യാവസ്ഥയില്‍ എഐ.ക്യാമറ നിരീക്ഷണത്തിന്റെ സാധ്യത പരിശോധിക്കാമെന്നാണ് ജസ്റ്റിസിന്റെ ചോദ്യത്തിന് സര്‍ക്കാര്‍ അഭിഭാഷകന്റെ മറുപടി.എല്ലായിടത്തും എഐ ക്യാമറ സ്ഥാപിച്ചിട്ടില്ലെന്നും, സ്ഥാപിച്ചിട്ടുള്ളിടത്ത് റോഡിന്റെ സ്ഥിതിയും നിരീക്ഷിക്കാനാകുമോ എന്നത് പരിശോധിക്കാമെന്നും പൊതുമരാമത്ത് വകുപ്പിന്റെ അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിച്ചു.എറണാകുളത്ത് ഇടപ്പള്ളി മുതല്‍ കണ്ടെയിനര്‍ റോഡുവരെയുള്ള ഭാഗത്തെ റോഡിന്റെ അറ്റകുറ്റപ്പണി ആരംഭിച്ചതായി ദേശിയപാത അതോറിറ്റിയും ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.