Type Here to Get Search Results !

കാലഹരണപ്പെട്ട കമ്യൂണിസത്തിന്റെ അളവുകോല്‍ വച്ച് ക്രൈസ്തവതയെ അളക്കരുതെന്ന് എംവി ഗോവിന്ദനോട് കത്തോലിക്കാ കോണ്‍ഗ്രസ്

കാലഹരണപ്പെട്ട കമ്യൂണിസത്തിന്റെ അളവുകോല്‍ വച്ച് ക്രൈസ്തവതയെ അളക്കരുതെന്ന് എംവി ഗോവിന്ദനോട് കത്തോലിക്കാ കോണ്‍ഗ്രസ്
കാലഹരണപ്പെട്ട പ്രത്യയശാസ്ത്രമായ കമ്യുണിസത്തിന്റെ അളവ് കോല്‍ വച്ച് ക്രൈസ്തവതയെയും,കത്തോലിക്ക സഭയെയും അളക്കരുതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനോട് കത്തോലിക്കാ കോണ്‍ഗ്രസ്.ഇംഗ്‌ളണ്ടില്‍ പള്ളികള്‍ വില്‍ക്കുകയാണെന്നും, അച്ചന്‍മാരുടെയും കന്യാസ്ത്രീകളുടെയും സേവനങ്ങള്‍ തൊഴില്‍ ആണെന്നും അവര്‍ വേതന വര്‍ധന ആവശ്യപ്പെടുകയാണെന്നുമാണ് എംവി ഗോവിന്ദന്‍ തളിപ്പറമ്പില്‍ പ്രസംഗിച്ചത്.ഇതിനെതിരെയാണ് കടുത്ത പരാമര്‍ശങ്ങളുമായി കത്തോലിക്കാ കോണ്‍ഗ്രസ് രംഗത്ത് വന്നത.താങ്കള്‍ക്ക് സെക്രട്ടറി പദവി തൊഴിലായിരിക്കും എന്നാല്‍ കന്യാസ്ത്രീകള്‍ക്ക് തങ്ങളുടെ സന്യാസം തൊഴിലല്ല ദൈവ സമര്‍പ്പണമാണ് എന്ന സാമാന്യ ബോധം എങ്കിലും അങ്ങേയ്ക്ക് ഉണ്ടാകണമെന്നും സംഘടന തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.


കത്തോലിക്കാ കോണ്‍ഗ്രസ് ഗ്‌ളോബലിന്റെ ഫേസ് ബുക്ക് പോസ്റ്റ് ;


പാവം മാര്‍ക്‌സിസ്റ്റ് അണികള്‍ അങ്ങയെ ‘മാഷ് ‘ എന്ന് വിളിക്കുന്നു എന്ന് കരുതി എന്തും നാട്ടാരെ പഠിപ്പിക്കാം എന്ന് കരുതരുത്.താങ്കള്‍ക്ക് സെക്രട്ടറി പദവി തൊഴിലായിരിക്കും എന്നാല്‍ കന്യാസ്ത്രീകള്‍ക്ക് തങ്ങളുടെ സന്യാസം തൊഴിലല്ല ദൈവ സമര്‍പ്പണമാണ് എന്ന സാമാന്യ ബോധം എങ്കിലും അങ്ങേയ്ക്ക് ഉണ്ടാകണം.കമ്മ്യൂണിസത്തില്‍ പെട്ടു പോയതു കൊണ്ട് മാത്രം കുത്തുപാളയെടുത്ത ഏതെങ്കിലും രാജ്യത്തോ ജനങ്ങളുടെ ഇടയിലോ പോയ യാത്രാ വിവരണം നടത്താന്‍ മാഷിന് ധൈര്യമുണ്ടോ?അങ്ങനെ പോയാല്‍ പഴയ കമ്യൂണിസ്റ്റ് റഷ്യയില്‍ ദാരിദ്ര്യം കൊണ്ട് ജീവിക്കാന്‍ മാനം വില്‍ക്കേണ്ടി വന്ന ഹതഭാഗ്യരുടെയും കമ്മ്യൂണിസ്റ്റ് ബംഗാളില്‍ നിന്ന് കേരളത്തില്‍ പണിയെടുത്ത് ജീവിതം പുലര്‍ത്തേണ്ടി വന്ന പാര്‍ട്ടി ഭാരവാഹികളുടെയും വിവരണം പറയേണ്ടി വരും.ഇനി കേരള മോഡല്‍ നിലവാരം കണ്ടാണ് മാഷ് ഈ വിടുവാത്തരം പറയുന്നതെങ്കില്‍ ആ നിലവാരത്തില്‍ പാര്‍ട്ടിക്കാരുടെ പങ്ക് വ്യാജ യൂണിവേഴ്‌സിറ്റി സര്‍ട്ടിഫിക്കറ്റ് അനുയായികള്‍ക്ക് ഏര്‍പെടുത്തി കൊടുത്തു എന്നത് മാത്രമാണ്.കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇന്‍ഡ്യയില്‍ ജനിക്കുന്നതിനും 100 കൊല്ലം മുമ്പ് കേരളത്തില്‍ ക്രൈസ്തവ മിഷണറിമാര്‍ പണിത വിദ്യാലയങ്ങള്‍ ഉണ്ടായിരുന്നു.നിങ്ങളുടെ പാര്‍ട്ടി ഉണ്ടാകുന്നതിന് 70 ല്‍ ഏറെ വര്‍ഷങ്ങള്‍ക്ക് മുമ്പ് വി ചാവറയച്ചന്‍ മാന്നാനത്ത് എല്ലാ ജാതിക്കാരെയും ഒരുമിച്ച് ഇരുത്തി സംസ്‌കൃതം പഠിപ്പിച്ചിരുന്നു ,പാവങ്ങളെ സ്‌കൂളിലെത്തിക്കാന്‍ ഉച്ചക്കഞ്ഞിയും നടപ്പിലാക്കിയിരുന്നു.പാര്‍ട്ടി കൊട്ടി ഘോഷിക്കുന്ന കേരള നവോത്ഥാനം കേരള വിദ്യാഭ്യാസത്തിന്റെ സംഭാവനയായിരുന്നു.


താങ്കള്‍ പോയ രാജ്യവും വികസിതമായത് ക്രൈസ്തവ വിദ്യാഭ്യാസത്തിലും മൂല്യത്തിലും ഊന്നിയാണ്.ലോകത്ത് ഏറ്റവും കൂടുതല്‍ മനുഷ്യക്കുരുതി നടത്തിയ കമ്മ്യൂണിസ്റ്റ് പ്രത്യയ ശാസ്ത്രത്തിന് ജനാധിപത്യത്തെ പറ്റി പറയാന്‍ എന്ത് അവകാശമാണ് ഉള്ളത് ?ഭരിച്ചിരുന്ന ഇടങ്ങളിലെല്ലാം ജനാധിപത്യത്തെ കശക്കി എറിഞ്ഞവരല്ലെ നിങ്ങള്‍ ? മരുന്നിനെങ്കിലും ഒരു പാര്‍ട്ടി ഓഫിസ് നിങ്ങള്‍ ഭരിച്ചിരുന്ന പല രാജ്യത്തും ഇന്ന് ഇല്ല എന്ന് നിങ്ങള്‍ തിരിച്ചറിയുക ! തൂത്തെറിയപ്പെട്ട പ്രത്യയ ശാസ്ത്രത്തിന്റെ അവശിഷ്ടത്തിലിരുന്ന് ഈ പുംഗത്തം പറയുന്നത് ഹിതകരമല്ല എന്ന് മാത്രം അറിയിക്കട്ടെ.2000 വര്‍ഷം പഴക്കമുള്ള കത്തോലിക്ക സഭ ഇന്നും ഒരു കോട്ടവും തട്ടാതെ നിങ്ങളുടെ മുമ്പിലുണ്ട്.100 വര്‍ഷം എങ്കിലും കമ്യൂണിസം നില നിന്ന ഒരു രാജ്യം നിങ്ങള്‍ക്ക് കാട്ടിത്തരാന്‍ പറ്റുമോ?മാഷിനോട് പറയാനുള്ളത് ഒന്ന് മാത്രമാണ്,കാലഹരണപ്പെട്ട പ്രത്യയ ശാസ്ത്രമായ കമ്യൂണിസത്തിന്റെ അളവുകോല്‍ വച്ച് ക്രൈസ്തവ മതത്തെയും കത്തോലിക്ക സഭയെയും അളക്കരുത്.