സ്വര്‍ണ കള്ളക്കടത്ത് കേസിലും ഗൂഡാലോചന കേസിലും ഷാജ് കിരണിന്റെ രഹസ്യമൊഴി എടുക്കും
Saturday, July 09, 2022
സ്വപ്ന സുരേഷ് ഉള്‍പ്പെട്ട ഗൂഢാലോചന കേസില്‍ മുന്‍ മാധ്യമ പ്രവര്‍ത്തകന്‍ ഷാജ് കിരണിന്റെ രഹസ്യമൊഴി രേഖപ്പെടുത്തും. പാലക്കാട് മജിസ്‌ട്രേറ്റ് കോടതിയില്‍ ബുധനാഴ്ചയാണ് മൊഴി രേഖപ്പെടുത്തുക എന്നറിയുന്നു.ഷാജ് കിരണിന്റെ സുഹൃത്ത് ഇബ്രാഹിം രഹസ്യ മൊഴി നല്‍കിയിരുന്നു. പ്രത്യേക അന്വേഷണ സംഘത്തിന്റെ ആവശ്യപ്രകാരമാണ് ഇരുവരും രഹസ്യമൊഴി നല്‍കുന്നത്.നയതന്ത്രസ്വര്‍ണക്കടത്ത് കേസില്‍ ഷാജ് കിരണും സുഹൃത്ത് ഇബ്രാഹിമും മൊബൈല്‍ ഫോണ്‍ രേഖകള്‍ നശിപ്പിച്ചെന്നാണ് ED യുടെ സംശയം.ED അന്വേഷണ സംഘം മൊബൈല്‍ ഫോണ്‍ ആവശ്യപ്പെട്ടെങ്കിലും ക്രൈംബ്രാഞ്ചിന് സമര്‍പ്പിച്ചിരിക്കുകയാണെന്നാണ് ഇരുവരും മറുപടി നല്‍കിയത്.സ്വര്‍ണക്കടത്ത് കേസ് ഒത്തുതീര്‍പ്പാക്കാനെന്ന രീതിയില്‍ സ്വപ്ന സുരേഷുമായി നടത്തിയ സംഭാഷണം വിവാദമായതോടെ ഷാജ് കിരണ്‍ കേരളത്തിനു പുറത്തേക്ക് യാത്ര ചെയ്തത് ഫോണ്‍രേഖകള്‍ തിരിച്ചെടുക്കാനാകാത്ത വിധം നശിപ്പിക്കാനാണെന്നും കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ സംശയിക്കുന്നു.സ്വപ്ന സുരേഷ് മുഖ്യമന്ത്രിക്കെതിരെ ഗൂഢാലോചന നടത്തിയെന്നാണ് കേസ്.പാലക്കാട് കസബ പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇബ്രാഹിം പാലക്കാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ രഹസ്യമൊഴി നല്‍കിയത്.സ്വപ്നയെ സ്വാധീനിച്ച് മൊഴിമാറ്റിക്കാന്‍ ശ്രമിച്ച കേസില്‍ ഷാജ് കിരണിനെ പ്രതി ചേര്‍ക്കാവുന്നതാണെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് നിയമോപദേശം ലഭിച്ചിരുന്നു.