Type Here to Get Search Results !

സ്വാതന്ത്രസമരസേനാനിയും പ്രമുഖ ഗാന്ധിയനുമായ പി ഗോപിനാഥന്‍ നായര്‍ (100) അന്തരിച്ചു

സ്വാതന്ത്രസമരസേനാനിയും പ്രമുഖ ഗാന്ധിയനുമായ പി ഗോപിനാഥന്‍ നായര്‍ (100) അന്തരിച്ചു
സ്വാതന്ത്രസമരസേനാനിയും പ്രമുഖ ഗാന്ധിയനുമായ പി ഗോപിനാഥന്‍ നായര്‍ അന്തരിച്ചു.നൂറു വയസായിരുന്നു. നെയ്യാറ്റിന്‍കരയിലെ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.തലച്ചോറില്‍ രക്തം കട്ട പിടിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് രണ്ടാഴ്ച മുന്‍പാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയക്ക് ശേഷം ആരോഗ്യനില മെച്ചപ്പെട്ടെങ്കിലും വീണ്ടും വഷളാവുകയായിരുന്നു.1922 ജൂലൈയില്‍ നെയ്യാറ്റിന്‍കരയില്‍ ജനിച്ച ഗോപിനാഥന്‍ നായര്‍ വളരെ ചെറിയ പ്രായത്തില്‍ ഗാന്ധിമാര്‍ഗ്ഗത്തില്‍ എത്തിയ ആളാണ്. കുട്ടിയായിരുന്നപ്പോള്‍ നെയ്യാറ്റിന്‍കരയില്‍ വന്ന ഗാന്ധിജിയെ നേരില്‍ കാണുകയും ചെയ്തു.കോളജ് വിദ്യാര്‍ഥിയായിരുന്നപ്പോള്‍ സ്വാതന്ത്ര്യസമരത്തിനിറങ്ങി.ക്വിറ്റ് ഇന്ത്യാ സമരത്തില്‍ പങ്കെടുത്ത് ജയിലിലായിട്ടുണ്ട്.


ജീവിതത്തില്‍ ശക്തമായ സ്വാധീനം ചെലുത്തിയത് ശാന്തിനികേതനിലെ പഠനമാണ്.1946-48 കാലത്ത് ചീനാഭവനില്‍ വിശ്വഭാരതി സര്‍വകലാശാലയില്‍ ഗവേഷണ വിദ്യാര്‍ഥിയായി.1951ല്‍ കെ. കേളപ്പന്റെ അധ്യക്ഷതയില്‍ രൂപംകൊണ്ട ഗാന്ധി സ്മാരകനിധിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടാണ് കേരളത്തിലെ പ്രവര്‍ത്തനം ആരംഭിച്ചത്.പിന്നീട് അതിന്റെ അധ്യക്ഷ സ്ഥാനത്തത്തെി.സര്‍വസേവാ സംഘത്തിന്റെ കര്‍മസമിതി അംഗമായും അഖിലേന്ത്യാ പ്രസിഡന്റായും സംഘത്തെ നയിച്ചിട്ടുണ്ട്.ഭൂദാനയജ്ഞത്തിന് നേതൃത്വം നല്‍കിയ വിനോബാഭാവെയുടെ പദയാത്രയില്‍ 13 വര്‍ഷവും ഗോപിനാഥന്‍നായര്‍ പങ്കെടുത്തു. ജയപ്രകാശ് നാരായണന്‍ നയിച്ച സത്യഗ്രഹങ്ങളില്‍ പ്രധാന പങ്കുവഹിച്ചു.