തിരുവനന്തപുരം കാട്ടാക്കടയിൽ വയോധികയെ അവശയായ നിലയിൽ ശുചിമുറിയിൽ കണ്ടെത്തി
Thursday, July 14, 2022
തിരുവനന്തപുരം കാട്ടാക്കടയിൽ ശുചിമുറിയിൽ കഴിയുന്ന കിടപ്പുരോഗിയായ വയോധിക ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകുന്നതിന് പോലീസ് സഹായം വേണമെന്നാവശ്യപ്പെട്ട് വിളവൂർക്കലിലെ നാട്ടുകാർ.വിളവൂർക്കൽ പുതുവീട്ടുമേലെ വാർഡിൽ വാളിയോട്ടുകോണം പോങ്ങുവിള ലില്ലികോട്ടേജിൽ ലളിതഭാഗ്യം(78) ന്റെ തുടർപരിചരണത്തിന് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിനാണ് നാട്ടുകാർ പോലീസിന്റെ സഹായം തേടിയത്.സംരക്ഷണത്തിന് ആരുമില്ലാതെ സഹോദരിയുടെ കുടുബത്തോടൊപ്പമാണിവർ കഴിയുന്നത്.സഹോദരി ലില്ലി നിർമ്മലയും രണ്ട് ആൺമക്കളുമാണിവിടെ താമസിക്കുന്നത്.അയൽക്കാരുമായി ഇവർക്ക് ബന്ധമില്ല.വിളവൂർക്കൽ പഞ്ചായത്തിലെ ആരോഗ്യ പ്രവർത്തകർ കിടപ്പുരോഗികളുടെ പരിചരണത്തിനായി ഇവിടെ എത്താറുണ്ടെങ്കിലും വീടിനകത്ത് ആയതിനാൽ അവരുടെ ശ്രദ്ധയിൽ പെട്ടിട്ടില്ലായിരിക്കാമെന്ന് നാട്ടുകാർ പറയുന്നു.ചൊവ്വാഴ്ച വാതിൽ തുറന്നിരുന്നതിനാൽ അയൽവാസികളും നാട്ടുകാരും അകത്തുകയറി പരിശോധിച്ചു.അവശ നിലയിലായതിനാൽ ഡോക്ടറും ആംബുലൻസുമെത്തിച്ച് വാർഡ് മെമ്പറുടെ നേതൃത്വത്തിൽ അവരെ ആശുപത്രിയിൽ കൊണ്ടുപോകാൻ ആവശ്യപ്പെട്ടെങ്കിലും പോകാനിവർ കൂട്ടാക്കിയില്ല.തുടർന്ന് പഞ്ചായത്ത് അധികൃതരെ അറിയിച്ച് പോലീസിന്റെ സഹായം തേടാൻ തീരുമാനിക്കുകയായിരുന്നു.