Type Here to Get Search Results !

ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെ വെടിയേറ്റു, അക്രമിയുടെ വെടിയേറ്റ് മണിക്കൂറുകൾക്കകം മരണം

ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെ വെടിയേറ്റു, അക്രമിയുടെ വെടിയേറ്റ് മണിക്കൂറുകൾക്കകം മരണം
മുൻ ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ (67) വെടിയേറ്റുമരിച്ചു.കിഴക്കൻ ജപ്പാനിലെനരാ നഗരത്തിൽ വച്ച് ആബെയ്ക്ക് വെടിയേറ്റത്.പാർലമെന്റിന്റെ ഉപരിസഭയിലേക്ക് ഞായറാഴ്ച നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന്റെ പ്രചാരണ യോഗത്തിൽ സംസാരിക്കവെയാണ് ആബെയ്ക്ക് വെടിയേറ്റത്.ജപ്പാൻ സമയം രാവിലെ പതിനൊന്നരയോടെയാണ് സംഭവം.നരാ നഗരവാസിയായ മുൻ പ്രതിരോധസേനാംഗം (മാരിടൈം സെൽഫ് ഡിഫൻസ് ഫോഴ്സ്) തെത്സുയ യമാഗമി എന്ന നാൽപ്പത്തിയൊന്നുകാരനാണ് ആബെയെ നാടൻ തോക്ക് ഉപയോഗിച്ച് വെടിവച്ചതെന്നാണ് ജപ്പാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. ഇയാൾ സ്വയം നിർമിച്ച തോക്ക് ഉപയോഗിച്ചാണ് വെടിവച്ചതെന്നു സൂചനയുണ്ട്.

പിന്നിലൂടെയെത്തിയ അക്രമി പ്രസംഗിച്ചുകൊണ്ടിരിക്കെ ആബെയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു എന്നാണ് ദൃശ്യങ്ങൾ തെളിയിക്കുന്നത്.വെടിയേറ്റ് വീണ് അബോധാവസ്ഥയിലായ ആബെയെ ഹെലികോപ്റ്ററിലാണ് ആശുപത്രിയിലേക്ക് മാറ്റിയത്.ആബെയ്ക്ക് ഹൃദയാഘാതം സംഭവിച്ചതായി അഗ്നിരക്ഷാസേന അറിയിച്ചു.ശ്വാസതടസ്സം, ഹൃദയത്തിന്റെ പ്രവർത്തനത്തെയും സാരമായി ബാധിച്ചു.എയർ ആംബുലൻസിൽ കയറ്റുമ്പോൾ തന്നെ ആബെയുടെ ശ്വാസം നിലച്ചിരുന്നതായും രക്ഷാപ്രവർത്തകർ അറിയിച്ചു.ആദ്യം വെടിയൊച്ച കേട്ടെങ്കിലും ആബെ വീണില്ലെന്നും രണ്ടാമത് വലിയൊരു വെടിയൊച്ച കേട്ടതോടെ ആബെ വീഴുന്നതാണ് കണ്ടതെന്നും ദൃക്‌സാക്ഷി പറഞ്ഞു.വെടിയൊച്ചയ്ക്കൊപ്പം പുകയും ഉയർന്നിരുന്നു.ആബെ വീണതോടെ അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്നവർ ഓടിയെത്തി പ്രാഥമിക ശുശ്രൂഷ നൽകി.