Type Here to Get Search Results !

മാനസ്സിക ആരോഗ്യ കേന്ദ്രത്തിൽ പോലീസ് കാവലിലായിരുന്ന പ്രതി രക്ഷപ്പെട്ട സംഭവത്തിൽ സൂപ്രണ്ടിന് സസ്‌പെന്‍ഷന്‍

മാനസ്സിക ആരോഗ്യ കേന്ദ്രത്തിൽ പോലീസ് കാവലിലായിരുന്ന പ്രതി രക്ഷപ്പെട്ട സംഭവത്തിൽ സൂപ്രണ്ടിന് സസ്‌പെന്‍ഷന്‍ kuthiravattom mental health hospital
കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ സൂപ്രണ്ടിന് സസ്‌പെന്‍ഷന്‍. മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും രക്ഷപ്പട്ട അന്തേവാസിയുടെ അപകടമരണത്തിലെ അന്വേഷണത്തെ തുടര്‍ന്നാണ് നടപടി.ഡോ. കെസി രമേശനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദ്ദേശ പ്രകാരമാണ് സസ്‌പെന്‍ഷന്‍.രക്ഷപ്പെട്ടു പോയ അന്തേവാസിയുടെ മരണത്തെ കുറിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കിയിരുന്നു. അന്വേഷണത്തില്‍ സൂപ്രണ്ടിന്റെ ഭാഗത്ത് നിന്നും കൃത്യവിലോപം സംഭവിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. മാനസികാരോഗ്യ കേന്ദ്രത്തില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാകാന്‍ വേണ്ടി അനാസ്ഥ കാണിക്കുന്ന സൂപ്രണ്ടിന് എതിരെ നടപടിയുണ്ടാകണമെന്ന് റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്തിരുന്നു.


കല്‍പ്പകഞ്ചേരി സ്വദേശി മുഹമ്മദ് ഇര്‍ഫാനാണ് കഴിഞ്ഞ ദിവസം വാഹനാപകടത്തില്‍ മരിച്ചത്. മാനസികാരോഗ്യ കേന്ദ്രത്തിലെ റിമാന്‍ഡ് തടവുകാരനായിരുന്നു.മെയ് 30നാണ് പൊലീസ് കാവലുള്ള സെല്ലില്‍ നിന്ന് യുവാവ് രക്ഷപ്പെട്ടത്.സ്പൂണ്‍ ഉപയോഗിച്ച് ശുചിമുറിയുടെ ഭിത്തി തുരന്ന് രക്ഷപ്പെടുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഇവിടെ നിന്ന് രക്ഷപ്പെട്ട് മലപ്പുറത്തേക്ക് പോകുന്ന വഴിയാണ് അപകടമുണ്ടായത്. ഇയാള്‍ സഞ്ചരിച്ച ബൈക്ക് അപകടത്തില്‍പ്പെടുകയായിരുന്നു.ഗുരുതരാവസ്ഥയില്‍ മുഹമ്മദ് ഇര്‍ഫാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും രക്ഷിക്കാനായില്ല.ബുള്ളറ്റ് മോഷ്ടിച്ച് രക്ഷപ്പെടാനായിരുന്നു മുഹമ്മദ് ഇര്‍ഫാന്‍ ശ്രമിച്ചത്. കോട്ടയ്ക്കലില്‍ വച്ച് മറ്റൊരു വണ്ടിയെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ ബുള്ളറ്റ് ഡിവൈഡറില്‍ തട്ടി മറിഞ്ഞ് പരിക്കേല്‍ക്കുകയായിരുന്നു. നിരവധി മോഷണ കേസുകളിലെ പ്രതിയായിരുന്നു.നേരത്തെ ജില്ലാ ജയിലില്‍ ആയിരുന്ന ഇയാളെ കുതിരവട്ടത്തേക്ക് മാറ്റുകയായിരുന്നു.ഇത്രയും ബുദ്ധി ഉപയോഗിച്ച് രക്ഷപ്പെട്ട് പോകണമെങ്കിൽ ഇയാൾക്ക് കാര്യമായ മാനസിക പ്രശ്നം ഇല്ലായിരുന്നു എന്നു വേണം കരുതാൻ.പിന്നെന്തിനാണ് ഇയാളെ കുതിരവട്ടത്തേയ്ക്ക് മാറ്റിയത് എന്നത് ചോദ്യമായി തുടരുകയാണ്. അടുത്തിടെ ഭർത്താവിനെ അന്വേഷിച്ച് അന്യസംസ്ഥാനത്ത് നിന്ന് വന്ന യുവതിയെ പോലീസ് കുതിരവട്ടത്ത് എത്തിയ്ക്കുകയും പിന്നീട് കൂടെയുണ്ടായിരുന്ന അന്തേവാസിയുടെ മർദനത്തിൽ കൊല്ലപ്പെടുകയും ചെയ്തതിന് പിന്നാലെയാണ് ഈ സംഭവം.