തിരുവനന്തപുരം വര്‍ക്കല അയിരൂരില്‍ വീട് ആക്രമിച്ച് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ അഞ്ച് പേര്‍ പിടിയിലായി. നടയറ സ്വദേശി റമീസ് (24), ചെമ്മരുതി മുട്ടപ്പലം ചാവടിമുക്ക് സെമീന മന്‍സിലില്‍ മുനീര്‍ (24), വര്‍ക്കല നടയറ സ്വദേശി അമീര്‍ ഖാന്‍ (24), അഷീബ് (23), അജയകുമാര്‍ (24) എന്നിവരാണ് അറസ്റ്റിലായത്.ചെമ്മരുതി ചാവടിമുക്കിന് സമീപം കഴിഞ്ഞ വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. ഒന്നാം പ്രതിയായ റമീസ് കൂട്ടുകാരുമൊത്താണ് +2 വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയുടെ വീട് ആക്രമിച്ചത്. പെണ്‍കുട്ടിയുമായി പ്രണയത്തിലാണെന്നും, ഇറക്കി വിടണമെന്നും ആവശ്യപ്പെട്ടാണ് എട്ടംഗ സംഘം എത്തിയത്. മാരകായുധങ്ങളുമായി എത്തിയ ഇവര്‍ വീടിന്റെ മുന്‍വശത്തെ വാതില്‍ ചവിട്ടിപ്പൊളിക്കാന്‍ ശ്രമിച്ചു. മുറികളുടെ വാതിലുകള്‍ അടിച്ചുതകര്‍ത്തു.
ഒച്ചയും ബഹളവും കേട്ടെത്തിയ നാട്ടുകാരെ സംഘം ആയുധങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി. പിറകുവശത്തെ വാതില്‍ പൊളിച്ചാണ് ഇവര്‍ പെണ്‍കുട്ടിയെ കടത്തിക്കൊണ്ട് പോയത്. വീട്ടുകാരേയും മര്‍ദ്ദിച്ചു. Police അന്വേഷണത്തില്‍ റമീസും പെണ്‍കുട്ടിയും തമ്മില്‍ പ്രണയത്തിലാണെന്ന് കണ്ടെത്തി. എന്നാല്‍ അറസ്റ്റിലായ റമീസിനോടൊപ്പം സ്റ്റേഷനിലെത്തിയ പെണ്‍കുട്ടിയെ സ്വീകരിക്കാന്‍ ഇരുവീട്ടുകാരും തയ്യാറായിരുന്നില്ല. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തിരുവനന്തപുരം മഹിളാ മന്ദിരത്തിലേക്ക് മാറ്റിയിരിക്കുകയാണ്.പ്രതികള്‍ക്കെതിരെ വീടു കയറി ആക്രമിച്ചതിനും, തട്ടിക്കൊണ്ട് പോവാന്‍ ശ്രമിച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്. അറസ്റ്റിലായ അഞ്ച് പേര്‍ക്ക് പുറമേ മൂന്ന് പേര്‍ കൂടി പിടിയിലാകാനുള്ളതായി അയിരൂര്‍ Police പറഞ്ഞു.