സംഭവത്തെ കുറിച്ച് സന്ധ്യ പറയുന്നത് ഇങ്ങനെ ;
‘നാലാം മൈലിൽ നിന്നാണ് ബസ് കയറിയത്. വേങ്ങപ്പള്ളിയിലേക്കാണ് പോകേണ്ടിയിരുന്നത്. സ്ഥലം അറിയാത്തതുകൊണ്ട് ഡോറിനടുത്തുള്ള സീറ്റിലാണ് ഇരുന്നത്. പടിഞ്ഞാറത്തറ ബസ് സ്റ്റാൻഡിൽ നിന്ന് കയറിയ ഒരാൾ തൊട്ടടുത്ത സീറ്റിൽ വന്നിരുന്നു. അസ്വാഭാവികത ഒന്നും തോന്നിയില്ല. കുറച്ചുസമയം കഴിഞ്ഞപ്പോൾ ശല്യംചെയ്യൽ തുടങ്ങി. പിന്നിൽ സീറ്റ് കാലിയുണ്ടെന്നും അവിടെ പോയി ഇരുന്നോളൂവെന്നും ഞാൻ പറഞ്ഞു.ബസിലുണ്ടായിരുന്ന മറ്റൊരു സ്ത്രീയും അയാളോട് മാറിയിരിക്കാൻ പറഞ്ഞു. അയാൾ തയ്യാറാകാതിരുന്നതോടെ ഞാൻ കണ്ടക്ടറോട് കാര്യം പറഞ്ഞു. കണ്ടക്ടർ ആവശ്യപ്പെട്ടപ്പോൾ ഇയാൾ എണീറ്റുപോയി.
തുടർന്ന് എന്നേയും കണ്ടക്ടറേയും അടക്കം തെറിവിളിച്ചു. പിന്നീട് ബസിന് മുന്നിൽ കയറിനിന്നുകൊണ്ട് കേൾക്കുമ്പോൾ അറപ്പുളവാക്കുന്ന വാക്കുകൾ എന്നെ നോക്കി പറഞ്ഞുകൊണ്ടിരുന്നു. അപ്പോഴൊന്നും പ്രതികരിച്ചില്ല. പിന്നീട് ബസിലേക്ക് കയറി വന്നിട്ട് ഈ വാക്കുകൾ തന്നെ പറഞ്ഞുകൊണ്ട് എന്റെ താടിക്ക് തോണ്ടികൊണ്ടിരുന്നു. അപ്പോഴാണ് താഴെ ഇറങ്ങി അയാളെ കൈകാര്യം ചെയ്തത്.ബസിലുള്ള മറ്റുള്ള ആളുകൾ ഇയാളെ കൈകാര്യംചെയ്യാൻ ശ്രമിച്ചെങ്കിലും ഞാൻ അവരെ തടയുകയായിരുന്നു. അവർ അടിച്ചാൽ പിന്നീട് കേസ് മാറും. അതുകൊണ്ടുതന്നെ ശല്യം ചെയ്തതിന് ഞാൻതന്നെ നോക്കിക്കൊള്ളാമെന്ന് അവരോട് പറയുകയായിരുന്നു.