തിരുവനന്തപുരത്ത് 10 വയസുകാരി മകളെ പീഡിപ്പിച്ച ഡെപ്യൂട്ടി തഹസില്‍ദാര്‍ക്ക് പതിനേഴ് വര്‍ഷം തടവ് ശിക്ഷ
Thursday, May 05, 2022
തിരുവനന്തപുരത്ത് ഉറങ്ങിക്കിടന്ന പത്ത് വയസ്സുകാരി മകളെ പീഡിപ്പിച്ച സംഭവത്തിൽ ഡെപ്യൂട്ടി തഹസിൽദാരായ പിതാവിന് കോടതി ശിക്ഷ വിധിച്ചു. 17 വർഷം തടവുശിക്ഷയും 16.5 ലക്ഷം പിഴയുമാണ് തിരുവനന്തപുരം പോക്സോ കോടതി ജഡ്ജി കെവി രജനീഷ് വിധിച്ചത്.2019ലാണ് കേസിനാസ്പദമായ സംഭവം. ഉറങ്ങിക്കിടക്കുകയായിരുന്ന മകളെ പിതാവ് പീഡിപ്പിച്ചുവെന്നാണ് കേസ്.പഠനത്തിൽ മിടുക്കിയായിരുന്ന കുട്ടി ക്ലാസ്സിൽ പഠനത്തിൽ ശ്രദ്ധിക്കാതെ വന്നതോടെ ടീച്ചർ നടത്തിയ അന്വേഷണത്തിലാണ് കുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്. തുടർന്ന് അധ്യാപകർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. ക്രൈംബ്രാഞ്ച് ഡെപ്യൂട്ടി സൂപ്രണ്ട് എ പ്രമോദ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 19 സാക്ഷികളെ വിസ്തരിച്ചു. 21 രേഖകൾ തെളിവായി ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കാട്ടായിക്കോണം ജെകെ അജിത്പ്രസാദ്, അഭിഭാഷകരായ ഹശ്മി വി ഇസഡ്, ബിന്ദു വിസി എന്നിവരാണ് കോടതിയിൽ ഹാജരായത്.കുട്ടിയെ തിരിച്ചറിയുന്നത് ബാധിക്കുമെന്നതിനാലാണ് പ്രതിയുടെ പേരുവിവരങ്ങൾ വാർത്തയിൽ ഉൾപ്പെടുത്താത്തത്.