നീണ്ട പതിനാലു വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം മറ്റൊരു കിരീടനേട്ടത്തിനരികെ എത്തി നിൽകുമ്പോൾ റോയൽസ് ആരാധകൻ എന്നതിലുപരി ഒരു മലയാളി എന്ന നിലയിലും ഏറെ അഭിമാന മുഹൂർത്തം.മലയാളികൾക്ക് അഭിമാനമായി,ക്രിക്കറ്റ് രാജാക്കന്മാർ അരങ്ങു വാഴുന്ന ഐ പി ൽ വേദികളിൽ കഴിഞ്ഞ പത്തു വർഷക്കാലമായി തന്റെ വില്ലോ മരക്കഷ്ണം കൊണ്ട് ബ്ലാസ്റ്റിംഗ് പെർഫോമൻസുകളുടെ പ്രവാഹം തീർത്ത സഞ്ജു വിശ്വനാഥ് സാംസൺ എന്ന തിരുവനന്തപുരം പൂവാറുകാരനാണ് ആ ടീമിന്റെ നായക പദവിയിൽ എന്നത് കൊണ്ട് തന്നെ.തങ്കത്തിൽ പൊതിഞ്ഞ ആ കിരീടം ഒരു മലയാളിയുടെ കരങ്ങൾ കൊണ്ട് ഏറ്റുവാങ്ങാൻ നമുക്കൊന്നായി പ്രാർത്ഥനകളോടെ കാത്തിരിക്കാം.
തങ്കത്തിൽ പൊതിഞ്ഞ ആ കിരീടം മലയാളിയുടെ കൈകൾ കൊണ്ട് ഏറ്റുവാങ്ങാൻ ഭാഗ്യമുണ്ടാകട്ടെ
Sunday, May 29, 2022
ലോകമെങ്ങുമുള്ള ക്രിക്കറ്റ് ആരാധകർക്ക് കളിയാസ്വാദനത്തിന്റെ പുതിയ മാനങ്ങൾ നൽകി 2008ൽ വിരുന്നെത്തിയ ഐ പി ൽ മാമാങ്കത്തിന്റെ ആദ്യ എഡിഷൻ മുതൽ ചങ്കിൽ ചേർത്തുവെച്ച ഒരേയൊരു നാമം രാജസ്ഥാൻ റോയൽസ്.ആധുനിക ക്രിക്കറ്റിലെ സ്പിൻ മാന്ത്രികൻ ഷെയിൻ വോൺ നായകനായും പരിശീലകനായും നേതൃത്വം നൽകിയ ടീമിൽ ദക്ഷിണാഫ്രിക്കൻ നായകൻ ഗ്രേം സ്മിത്ത്,ഓസ്‌ട്രേലിയൻ ഓൾ റൗണ്ടർ ഷെയിൻ വാട്സൺ,പാക്കിസ്ഥാൻ താരങ്ങളായ സുഹൈൽ തൻവീർ,കമ്രാൻ അക്മൽ, യൂനിസ് ഖാൻ തുടങ്ങിയവർക്കൊപ്പം ഇന്ത്യൻ നിരയിൽ നിന്ന് ഏവരെയും അത്ഭുതപ്പെടുത്തിയ പ്രകടനങ്ങളുമായി വെടിക്കെട്ടിന്റെ മാലപ്പടക്കത്തിന് തിരി കൊളുത്തി യൂസുഫ് പത്താനും,മുഹമ്മദ് കൈഫ്, മുനാഫ് പട്ടേൽ ഒപ്പം ആഭ്യന്തര മത്സരങ്ങളിൽ മികവ് പുലർത്തിയ സിദ്ധാർഥ് ത്രിവേദി, സ്വപ്‌നിൽ അസ്നോദ്‌കർ തുടങ്ങി ഒരുപിടി മികച്ചതാരങ്ങളെ അണിനിരത്തി ഐ പി ൽ ചരിത്രത്തിലെ തന്നെ പ്രഥമ ചാമ്പ്യൻ പട്ടം ചൂടി ചരിത്രം രചിച്ച രാജസ്ഥാൻ റോയൽസ്.