മഞ്ജു വാരിയരുടെ ജീവന്‍ തുലാസിലാണെന്നും അവര്‍ തടവറയിലാണെന്നും സൂചിപ്പിച്ചുകൊണ്ട് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍ പങ്കുവച്ച ഫെയ്സ്ബുക് പോസ്റ്റുകള്‍ വിവാദമായിരുന്നു. നടിയെ പീഡിപ്പിച്ചെന്ന കേസിലെ അന്വേഷണ സംഘത്തെ വകവരുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസുമായി ബന്ധപ്പെട്ട് മഞ്ജു വാരിയരുടെ മൊഴിയെടുത്തതിനു തൊട്ടുപിന്നാലെയാണ് കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയതെന്നും സാഹചര്യങ്ങള്‍ വച്ച് നോക്കുമ്പോള്‍ മഞ്ജു ഉള്‍പ്പെടെ ചില മനുഷ്യരുടെ ജീവന്‍ തുലാസിലാണെന്ന് സംശയിക്കുന്നതായും സനല്‍ പോസ്റ്റില്‍ ആരോപിച്ചിരുന്നു.
ഇതിനു മുമ്പും മഞ്ജു വാരിയര്‍ തനിക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് സനല്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. അന്ന് മഞ്ജുവിനെക്കുറിച്ച് സമൂഹമാധ്യമത്തില്‍ പങ്കുവച്ച ചില കാര്യങ്ങളാണ് നടിയെ പ്രകോപിപ്പിച്ചതെന്നായിരുന്നു സനല്‍ പറഞ്ഞത്.നേരത്തെ, നുണ പ്രചാരണങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ വഴിയും നടക്കുന്നുണ്ടോ എന്ന് സംശയം പ്രകടിപ്പിച്ച് സംവിധായകന്‍ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. ഒരു മാധ്യമപ്രവര്‍ത്തകന്റെ ഫോണ്‍ കോളിന്റെ റെക്കോര്‍ഡിംഗും ഇതിനൊപ്പം സനല്‍കുമാര്‍ പുറത്ത് വിട്ടിരുന്നു. കേസ് തനിക്കെതിരാണെന്ന വാര്‍ത്ത താന്‍ കണ്ടിരുന്നില്ലെന്നും അതുകൊണ്ടാണ് മാധ്യമപ്രവര്‍ത്തകന്റെ ഫോണ്‍കോള്‍ പോസ്റ്റ് ചെയ്തതെന്നും അറിയിച്ച് നേരത്തയിട്ട പോസ്റ്റ് സനല്‍കുമാര്‍ പിന്‍വലിച്ചു.