|
മർദ്ദനമേറ്റ ലിജേഷും സുരേഷും |
വിവരാവകാശരേഖ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടതിന് യുവാവിനെ CPM Branch Secretary യുടെ നേതൃത്വത്തിൽ മർദ്ദിച്ച സംഭവത്തിൽ പയ്യന്നൂർ പോലീസ് അന്വേഷണം തുടങ്ങി. കണ്ണൂർ കിഴക്കെ കണ്ടങ്കാളി കാരാളി ക്ഷേത്രത്തിന് സമീപത്തെ പിവി ലിജേഷിന്റെ (36) പരാതിയിലാണ് പോലീസ് കേസെടുത്തിട്ടുള്ളത്. ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിലാണ് മർദ്ദിച്ചത് എന്നാണ് ലിജേഷിന്റെ പരാതി.കഴിഞ്ഞ 27ന് വൈകുന്നേരം അഞ്ചരയോടെയാണ് പരാതിക്ക് ആസ്പദമായ സംഭവമുണ്ടായത്. കിഴക്കേ കണ്ടങ്കാളി വട്ടക്കുളം റോഡിലെ പഴയ കള്‍വെര്‍ട്ട് പുതുക്കി നിര്‍മ്മിക്കുന്നതിനെ സംബന്ധിച്ചുള്ള വിവരാവകാശരേഖ ലിജേഷ് ഫേസ്ബുക്കിലൂടെ പുറത്തുവിട്ടിരുന്നു. ഇതിൽ പ്രകോപിതരായ സിപിഎം ബ്രാഞ്ച് സെക്രട്ടറി പിപി പവിത്രന്റെ നേതൃത്വത്തിൽ നാലംഗസംഘം തന്നെ മർദ്ദിച്ചതിൽ പ്രതിക്ഷേധങ്ങൾക്കൊടുവിൽ കേസ്സെടുത്തെങ്കിലും പ്രതികളെ അറസ്റ്റു ചെയ്യാൻ പോലീസ് ഇതുവരെ തയ്യാറായിട്ടില്ല എന്നാണ് ലിജേഷിന്റെ ആക്ഷേപം.
|
മർദ്ദിച്ച CPM ബ്രാഞ്ച് സെക്രട്ടറി പവിത്രൻ |
ഏഴ് ലക്ഷം രുപയുടെ എസ്റ്റിമേറ്റിലുള്ള കള്‍വെര്‍ട്ടിന്റെ നിര്‍മ്മാണ പ്രവർത്തനങ്ങൾ നടന്നുവരികയാണ്. ഏഴര മീറ്റര്‍ നീളത്തിലും അഞ്ചര മീറ്റര്‍ വീതിയിലും കള്‍വെര്‍ട്ട് നിര്‍മ്മിക്കുന്നതിനുള്ള എസ്റ്റിമേറ്റാണ് തയ്യാറാക്കിയിരുന്നത്.എന്നാൽ നിർമ്മാണ തുക കുറയ്ക്കാതെ വീതി പിന്നീട് നാലു മീറ്ററായി ചുരുക്കി. ഇത് സംബന്ധിച്ചുള്ള വിവരാവകാശരേഖയാണ് ലിജേഷ് പുറത്ത് വിട്ടത്. ലിജേഷിന്റെ സുഹൃത്ത് സുരേഷിനും മർദ്ദനമേറ്റിട്ടുണ്ട്.CPM ബ്രാഞ്ച് സെക്രട്ടറി പവിത്രൻ, പ്രവർത്തകരായ ഷിബു, കലേഷ്, അജിത്ത് എന്നിവർക്ക് എതിരെയാണ് പോലീസ് കേസ് എടുത്തിട്ടുള്ളത്.കൾവെർട്ട് നിർമാണത്തിന് യാതൊരുവിധത്തിലുള്ള ക്രമക്കേടും നടത്തിയിട്ടില്ലെന്ന് CPM നേതൃത്വം പ്രതികരിച്ചു. നിർമ്മാണ പ്രവർത്തികളിൽ ക്രമക്കേട് നടന്നു എന്നത് രാഷ്ട്രീയപ്രേരിതമായ ആരോപണം ആണെന്ന് CPM കൗൺസിലർ എം പ്രസാദ് വ്യക്തമാക്കി. സമീപത്തായി ഒരു മരം നിൽക്കുന്നത് കൊണ്ടാണ് പാലത്തിൻ്റ വീതി നാലുമീറ്റർ ആയി കുറക്കേണ്ടി വന്നത്.നാട്ടുകാർ മരം മുറിച്ചു നൽകുകയാണെങ്കിൽ അഞ്ചര മീറ്റർ വീതിയിൽ തന്നെ പാലം നിർമിക്കാൻ നഗരസഭ തയ്യാറാണെന്നും പ്രസാദ് പറഞ്ഞു.
അതേസമയം, വിവരാവകാശരേഖ പുറത്തുവിട്ട യുവാവിനെ മർദിച്ചത് ഒരു വിധത്തിലും ന്യായീകരിക്കാനാവില്ല എന്ന നിലപാടിലാണ് നാട്ടുകാർ. പാലത്തിന്റെ വീതിയെ സംബന്ധിച്ച് നാട്ടുകാർക്ക് ഉണ്ടായിരുന്ന ആശങ്ക പരിഹരിക്കുകന്നതിന് പകരം അവരെ മർദ്ദിച്ചത് ശരിയായില്ലെന്ന് കൗൺസിലർ എ. രൂപേഷ് വ്യക്തമാക്കി. "ഇത്തരം നടപടികൾ ആരുടെ ഭാഗത്തുനിന്നുണ്ടായാലും അത് പ്രതിഷേധാർഹമാണ്. പൊതു ജനങ്ങൾക്കൊപ്പം നിൽക്കുക എന്നതാണ് മര്യാദ. ഇത്തരം വിഷയങ്ങളിൽ അവർക്കുണ്ടാവുന്ന അവ്യക്തത മാറ്റാനാണ് ഓരോ പൊതുപ്രവർത്തകനും തയ്യാറാക്കേണ്ടത്," രൂപേഷ് പറഞ്ഞു.