Type Here to Get Search Results !

വിപണി വിലയില്‍ ഡീസല്‍ നല്‍കാനുള്ള ഉത്തരവ് ഹൈക്കോടതി റദ്ദാക്കി KSRTC ക്ക് തിരിച്ചടിയായി

വിപണി വിലയില്‍ ഡീസല്‍ നല്‍കാനുള്ള ഉത്തരവ് ഹൈക്കോടതി റദ്ദാക്കി KSRTC ക്ക് തിരിച്ചടിയായി
രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന KSRTC ക്ക് ഹൈക്കോടതിയില്‍ നിന്നും തിരിച്ചടി. വിപണി വിലയില്‍ ഡീസല്‍ നല്‍കാനുള്ള ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. റീട്ടെയ്ല്‍ കമ്പനികള്‍ക്ക് നല്‍കുന്ന അതേ നിരക്കില്‍ KSRTC ക്കും ഡീസല്‍ നല്‍കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് റദ്ദാക്കിയത്.എണ്ണക്കമ്പനികള്‍ നല്‍കിയ അപ്പീലിലാണ് നടപടി. റീട്ടെയ്ല്‍ കമ്പനികള്‍ക്ക് നല്‍കുന്ന നിരക്കില്‍ ഇന്ധനം നല്‍കാന്‍ എണ്ണവിതരണ കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് കെഎസ്ആര്‍ടിസി നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ബള്‍ക്ക് യൂസര്‍ എന്ന പേരില്‍ ഡീസല്‍ ലിറ്ററിന് 120 രൂപയിലധികമാണ് എണ്ണ വിതരണ കമ്പനികള്‍ ഈടാക്കുന്നതെന്നാണ് ഹര്‍ജിയില്‍ പറഞ്ഞിരുന്നത്. ഹര്‍ജി പരിഗണിച്ച സിംഗിള്‍ ബെഞ്ച് KSRTC ക്ക അനുകൂലമായി ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. ഈ ഉത്തരവാണ് ഇപ്പോള്‍ ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയത്. ഇതേ തുടര്‍ന്ന ഇനി ഡീസലിന് കെഎസ്ആര്‍ടിസിക്ക് ഉയര്‍ന്ന വില നല്‍കേണ്ടി വരും.അതേസമയം ശമ്പളപ്രതിസന്ധിയെ തുടര്‍ന്ന് സംസ്ഥാന വ്യാപകമായി KSRTC തൊഴിലാളി യൂണിയനുകള്‍ സൂചന പണിമുടക്ക് നടത്തുകയാണ്. പണിമുടക്ക് ജനജീവിതത്തെ സാരമായി ബാധിച്ചിരിക്കുകയാണ്. കോഴിക്കോട് നിന് KSRTC ഇന്ന് ഒരു സര്‍വീസ് മാത്രം നടത്തിയിട്ടുള്ളൂ എന്നാണ് റിപ്പോര്‍ട്ട്. വടകര ഡിപ്പോയില്‍ നിന്ന് 11 സര്‍വീസുകള്‍ മുടങ്ങി.


സമരത്തെ നേരിടാന്‍ മാനേജ്മെന്റ് ഡയസ്നോണ്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും പണിമുടക്കില്‍ ഉറച്ചു നില്‍ക്കാനാണ് പ്രതിപക്ഷ തൊഴിലാളി യൂണിയനുകളുടെ തീരുമാനം. INTUC, BMS,AITUC എന്നീ യൂണിയനുകളാണ് പണിമുടക്കുന്നത്. CITU പണിമുടക്കില്‍ പങ്കെടുക്കുന്നില്ല.കഴിഞ്ഞ ദിവസം പ്രതിപക്ഷ യൂണിയനുകളും ഗതാഗതമന്ത്രിയും തമ്മില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് യൂണിയനുകള്‍ പണിമുടക്കിലേക്ക് കടന്നത്. സര്‍ക്കാര്‍ ഇടപെടല്‍ ഫലപ്രദമല്ല. മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞ വാക്ക് മന്ത്രി പാലിച്ചില്ല. ശമ്പളം മുടക്കില്ലെന്ന് മന്ത്രി പല തവണ ഉറപ്പ് നല്‍കിയിരുന്നു. ശമ്പളം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആത്മാര്‍ത്ഥമായി ശ്രമിക്കുന്നില്ല. ഗതികേട് കൊണ്ടാണ് സമരം ചെയ്യേണ്ടി വരുന്നതെന്ന് യാത്രക്കാര്‍ മനസിലാക്കണമെന്നും യൂണിയനുകള്‍ പറഞ്ഞു.