കോഴിക്കോട് രാമമാട്ടുകരയില്‍ ഒരു മാസത്തിൽ താഴെ പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അമ്മയെ കസ്റ്റഡിയിലെടുത്തു. രാമനാട്ടുകര വൈദ്യരങ്ങാടി സ്വദേശി ഫാത്തിമയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഫാത്തിമയുടെ ഭര്‍ത്താവ് അവരെ ഉപേക്ഷിച്ച് പോയിരുന്നു. ഇതേ തുടര്‍ന്ന് കുഞ്ഞ് തന്റെ ബാധ്യതയാകുമെന്ന് കരുതിയെന്നാണ് ഫാത്തിമ പൊലീസിനോട് പറഞ്ഞത്.ഒരു മാസത്തിൽ താഴെ പ്രായമുള്ള ആണ്‍കുഞ്ഞിനെയാണ് വഴിയരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. നീലിത്തോട് പാലത്തിന് സമീപത്ത് നടവഴിയിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. ഇന്ന് രാവിലെ ആറുമണിയോടെ കുഞ്ഞിന്റെ കരച്ചില്‍ കേട്ട് എത്തിയ നാട്ടുകാരാണ് വിവരം അധികൃതരെ അറിയിച്ചത്.ഫറോക്ക് പൊലീസും വനിതാ സെല്‍ അധികൃതരും സ്ഥലത്തെത്തി. കുഞ്ഞിനെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് ആരോഗ്യപ്രശ്‌നങ്ങളില്ലെങ്കിലും പരിചരണത്തിനായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.