മെഴുകുതിരി കത്തിക്കുന്നതിനിടയിൽ പാവാടയ്ക്ക് തീപിടിച്ച് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. അപകടത്തിൽ സാരമായി പൊള്ളലേറ്റ് ചികിത്സയിലിരിക്കെയാണ് കുന്നത്തൂർ പടിഞ്ഞാറ് കളീലിൽ മുക്ക് തണൽ വീട്ടിൽ പരേതനായ അനിലിന്റെയും ലീനയുടെയും ഏക മകൾ മിയ മരണത്തിന് കീഴടങ്ങിയത്. 17 വയസായിരുന്നു.തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരണം. ഏപ്രിൽ 14നായിരുന്നു സംഭവം നടന്നത്. കറന്റ് പോയതിനാൽ മെഴുകുതിരി കത്തിക്കാൻ ശ്രമിച്ചപ്പോഴാണ് പാവാടയിലേയ്ക്ക് തീപടർന്നത്. ടിന്നർ തുടച്ച് മാറ്റിവച്ചിരുന്ന വസ്ത്രമാണ് പെൺകുട്ടി ധരിച്ചതെന്നാണ് വിവരം. ഇതാണ് പെട്ടെന്ന് ദേഹത്ത് തീപിടിക്കാൻ കാരണമായതെന്നും റിപ്പോർട്ട് ഉണ്ട്.
സംഭവം നടക്കുമ്പോൾ മിയ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മൈനാഗപ്പള്ളി റെയിൽവേ ഗേറ്റ് ജീവനക്കാരിയായിരുന്ന മാതാവ് ലീന ഡ്യൂട്ടിയിലായിരുന്നു. കരച്ചിൽ കേട്ടെത്തിയ പരിസരവാസികൾ ഉടൻ തന്നെ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയും സുഖംപ്രാപിച്ച് വരികയുമായിരുന്നു. അതിനിടെയാണ് ആരോഗ്യനില വഷളായി മരണത്തിന് കീഴടങ്ങിയത്.