2021ൽ 9278 പേരാണു വിരമിച്ചത്.ഈ വർഷം പെൻഷൻ ആകുന്നവരുടെ എണ്ണം വർധിച്ചതാണു കൂടുതൽ പ്രതിസന്ധിയുണ്ടാക്കിയത്.ദൈനംദിന കാര്യങ്ങളുടെ നടത്തിപ്പിനായി ധനമന്ത്രാലയം വിയർക്കുമ്പോഴാണ് റിട്ടയർമെന്റ് ആനുകൂല്യങ്ങൾ നൽകാനുള്ള അധികഭാരവും കൂടി.മൊത്തം വരുമാനത്തിൽനിന്ന് 34 ശതമാനം ശന്പളത്തിനായി മാറ്റിവയ്ക്കണം.2040 ആകുന്പോഴേക്കും ശന്പളം കൊടുക്കുന്നതിലും കൂടുതൽ തുക പെൻഷൻ നല്കുന്നതിനായി മാറ്റിവയ്ക്കേണ്ടിവരുമെന്നു ശന്പളക്കമ്മീഷൻതന്നെ വ്യക്തമാക്കിയിട്ടുണ്ട്.യഥാർഥ ജനനത്തീയതി നൽകാതെ സ്കൂളിൽ ചേർക്കുന്പോൾ സൗകര്യത്തിനായി മേയ് മാസത്തെ ഏതെങ്കിലും തീയതി മാതാപിതാക്കൾ നൽകിയതാണു പെൻഷൻ പറ്റുന്നവരുടെ എണ്ണം ഈ മാസം മാത്രം ഇത്രയധികമായി മാറാൻ കാരണമത്രെ.അതുകൊണ്ടുതന്നെ മേയിൽ ധനമന്ത്രാലയത്തിനു സാധാരണയിൽ കവിഞ്ഞ ഭാരമാണ് എല്ലാ വർഷവും അനുഭവിക്കേണ്ടിവരുന്നത്.ഓരോ വർഷവും പെൻഷൻ നൽകുന്ന തുകയും ഇതോടെ വർധിക്കുകയാണ്.2015-16ൽ 13,065 കോടിയായിരുന്നു പെൻഷൻ ചെലവ്.2017-18ൽ 19,939 കോടിയായി.2020-21 ആയതോടെ തുക 25,000 കോടിയും കടന്നിരിക്കുകയാണ്.
ശമ്പളം വർധിച്ചതോടെ പെൻഷൻ തുകയിലും വൻ വർധനയാണ് വന്നിരിക്കുന്നത്.മുപ്പതു വർഷത്തിൽ കൂടുതൽ സർവീസുള്ളവർക്ക് ഇപ്പോൾ വാങ്ങിക്കുന്ന ശമ്പളത്തിന്റെ ഏതാണ്ട് പകുതി തുകവരെ പെൻഷനായി ലഭിക്കും.നിലവിലെ കണക്കനുസരിച്ചു സർവീസിലിരുന്നു ശന്പളം വാങ്ങുന്നതിലും കൂടുതൽ വർഷങ്ങൾ പെൻഷൻ വാങ്ങുന്നവരാണുള്ളത്.ചുരുങ്ങിയത് ഇരുപതു വർഷത്തിൽ കൂടുതൽ പെൻഷൻ വാങ്ങുന്നവരാണ് 80 ശതമാനത്തിലധികവും.ഇപ്പോൾ ജോലിക്കു കയറുന്നവർക്കു പങ്കാളിത്ത പെൻഷൻ ആക്കിയതോടെ സർക്കാരിനു ഭാവിയിൽ ആശ്വാസമാകുമെങ്കിലും നിലവിലുള്ളതു കൊടുത്തു തീർക്കാനുള്ള സാഹചര്യം ഉണ്ടാകുമോയെന്നതാണ് ഇപ്പോഴത്തെ വെല്ലുവിളി.ഓരോ വർഷം ചെല്ലുന്തോറും പെൻഷൻകാരുടെ എണ്ണം വർധിക്കുന്നതാണു സർക്കാരിനു താങ്ങാനാവാത്ത ബാധ്യതയായി വരുന്നത്.