ആധാരത്തിന്‍റെ പകര്‍പ്പിനായി പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ aകൊണ്ടോട്ടി സബ് റജിസ്ട്രാർ ഓഫിസിലെ 2 ജീവനക്കാരെ വിജിലൻസ് അറസ്റ്റ് ചെയ്തു.ഓഫീസ് അറ്റൻഡർമാരായ കെ കൃഷ്ണദാസ്, കെ ചന്ദ്രൻ എന്നിവരാണ് 10000 രൂപയുമായി പിടിയിലായത്. വിജിലന്‍സ് ഡിവൈഎസ്പി ഫിറോസ് എം ഷഫീഖിന്‍റെ നേതൃത്വത്തില്‍ ഇന്നലെ രാവിലെ പത്ത് മണിയോടെയായിരുന്നു പരിശോധന.
മൊറയൂര്‍ അരിമ്പ്ര സ്വദേശിനിയുടെ പേരിലുള്ള 95 സെന്‍റ് സ്ഥലത്തിന്‍റെ ആധാരം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് പകര്‍പ്പ് ലഭിക്കുന്നതിനായി മകന്‍ അച്യുതന്‍ കുട്ടി അപേക്ഷ നല്‍കിയിരുന്നു.1980 ന് മുന്‍പുള്ള ആധാരമായതിനാല്‍ 50000 രൂപയാണ് ആദ്യം കൈക്കൂലിയായി ആവശ്യപ്പെട്ടത്.പിന്നീട് 30000 രൂപയ്ക്ക് സമ്മതിച്ചു. ആദ്യ ഗഡുവായി 10000 രൂപ നല്‍കാമെന്നറിയിച്ച പരാതിക്കാരന്‍ നേരെ വിജിലന്‍സിനെ വിവരമറിയിക്കുകയായിരുന്നു.ഇന്നലെ രാവിലെ പണം കൈമാറിയതിന് പിന്നാലെ രണ്ടു പേരെയും വിജിലന്‍സ് സംഘം പിടികൂടി. ഇവരെ കോഴിക്കോട് വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി.