വനിതാ കമ്മീഷന് ഇതുവരെ റിപ്പോര്‍ട്ട് കൈമാറിയിട്ടില്ല. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് നല്‍കണമെന്ന് ദേശീയ വനിതാ കമ്മീഷന്‍ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നതാണ്. റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് കത്ത് അയച്ചിട്ടുണ്ട്.15 ദിവസത്തിനകം മറുപടി നല്‍കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. റിപ്പോര്‍ട്ട് ലഭിച്ചില്ലെങ്കില്‍ വിഷയം നേരിട്ട് അന്വേഷിക്കുമെന്നും ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ അറിയിച്ചു.കേരളത്തിലെ സിനിമാ മേഖലയിലെ പ്രശ്നങ്ങള്‍ പഠിക്കുന്നതിന് വേണ്ടി അന്വേഷണ സംഘത്തെ അയക്കുമെന്നും ആവശ്യമെങ്കില്‍ ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ തന്നെ സംസ്ഥാനത്തെത്തി പരിശോധന നടത്തുമെന്നും രേഖ ശര്‍മ വ്യക്തമാക്കി.
അതേസമയം ജനുവരി 21ന് മന്ത്രി പി രാജീവിന് നല്‍കിയ കത്തിന്റെ പകര്‍പ്പ് പുറത്തുവിട്ട് WCC. സിനിമാരംഗത്തെ സ്ത്രീ അവസ്ഥ പഠിക്കാനായി സ്തുത്യര്‍ഹമായ വിധം ഇടപെട്ട് പിണറായി സര്‍ക്കാര്‍ രൂപീകരിച്ച ജസ്റ്റിസ് ഹേമ കമ്മീഷന്‍ പഠന റിപ്പോര്‍ട്ടിന്മേല്‍ കഴിഞ്ഞ രണ്ടു വര്‍ഷമായിട്ടും ഒരു നടപടിയും ഉണ്ടായില്ല എന്നത് തങ്ങളെ ആശങ്കാകുലരാക്കുന്നു. ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ ഞങ്ങള്‍ ഏറെ ഗൗരവത്തോടെയാണ് കാണുന്നത്. കമ്മിറ്റി റിപ്പോര്‍ട്ടു മുന്നോട്ടു വെക്കുന്ന ഗൗരവപ്പെട്ട വിഷയങ്ങള്‍ മൂടിവെച്ച് നിര്‍ദേശങ്ങള്‍ മാത്രം പുറത്തു വിട്ടാല്‍ പോരെന്നും കത്തില്‍ പറയുന്നു.