ഡിജിപി സുദേഷ്‌കുമാറിനെതിരെ അന്വേഷണം നടത്താന്‍ ആഭ്യന്തര വകുപ്പ്. അഴിമതി, അധികാര ദുര്‍വിനിയോഗം തുടങ്ങിയ പരാതികളെ തുടര്‍ന്നാണ് അന്വേഷണം നടത്തുന്നത്. തിരുവനന്തപുരത്തെ പ്രമുഖ ജ്വല്ലറിയില്‍ നിന്ന് സ്വര്‍ണം വാങ്ങിയിട്ട് പണം നല്‍കിയില്ല, ഗതാഗത കമ്മീഷ്ണറായിരുന്ന സമയത്ത് കൈക്കൂലി വാങ്ങി എന്നതടക്കം നിരവധി പരാതികളാണ് സുദേഷ് കുമാറിനെതിരെ ആഭ്യന്തര വകുപ്പിന് ലഭിച്ചിട്ടുള്ളത്.തിരുവനന്തപുരത്ത് ഒരു ജ്വല്ലറിയില്‍ മകള്‍ക്കൊപ്പമെത്തിയ സുദേഷ്‌കുമാര്‍ പണം നല്‍കാതെ ഏഴ് പവന്‍ സ്വര്‍ണമാണ് വാങ്ങിയത്. ജ്വല്ലറി ഉടമയെയും ജീവനക്കാരനെയും ഭീഷണിപ്പെടുത്തി 95 ശതമാനം ഡിസ്‌കൗണ്ട് വാങ്ങിയതായാണ് പരാതി. 2016 ഒക്ടോബര്‍ 28ന് കുംടുംബത്തോടൊപ്പം ചൈന സന്ദര്‍ശിച്ചപ്പോള്‍ ഖത്തറിലെ വ്യവസായിയായ കോഴിക്കോട്ടുകാരന്‍ സുദേഷിന്റെയും കുടുംബത്തിന്റെയും യാത്രാ ചിലവിന് 15 ലക്ഷം രൂപയോളം സ്‌പോണ്‍സര്‍ ചെയ്തിരുന്നു. വിലപിടിപ്പുള്ള സമ്മാനങ്ങളും വ്യവസായിയില്‍ നിന്ന് ഡിജിപി കൈപ്പറ്റിയിരുന്നു.
ബസിനസുകാരില്‍ നിന്ന് പണം വാങ്ങി ആറ് തവണയോളം വിദേശയാത്രകള്‍ സുദേഷ് നടത്തിയിട്ടുണ്ടെന്നും ഗതാഗതകമ്മീഷ്ണര്‍ ആയിരുന്നപ്പോള്‍ നിയമനത്തിലും സ്ഥലം മാറ്റത്തിലും ഇടപെട്ട് ലക്ഷങ്ങള്‍ കൈക്കൂലിവാങ്ങിയതായും ആരോപണങ്ങളുണ്ട്. ആരോപണങ്ങള്‍ക്കെല്ലാം തെളിവുകളുണ്ടെന്നും അന്വേഷണം വേണമെന്നുമാണ് പരാതിക്കാര്‍ ആവശ്യപ്പെടുന്നത്. അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ അന്തിമ അനുമതിക്ക് വേണ്ടി കാത്തിരിക്കുകയാണ് ആഭ്യന്തരവകുപ്പ്.അധികാര ദുര്‍വിനിയോഗത്തിലൂടെ പണം സമ്പാദിച്ചെന്ന ആരോപണങ്ങളെ തുടര്‍ന്ന് അന്വേഷണം നടത്തുന്നതിന്റെ ഭാഗമായി ഒരാഴ്ച മുമ്പാണ് ഇദ്ദേഹത്തെ വിജിലന്‍സ് മേധാവി സ്ഥാനത്ത് നിന്ന് നീക്കിയത്.