Type Here to Get Search Results !

കൂലിപ്പണിക്കാരെയും സാധാരണക്കാരെയും ലക്ഷ്യം വച്ച് ഉത്പാദിപ്പിക്കുന്ന വിലയും ഗുണനിലവാരവും കുറഞ്ഞ മദ്യം സംസ്ഥാനത്ത് കിട്ടാനില്ല

കൂലിപ്പണിക്കാരെയും സാധാരണക്കാരെയും ലക്ഷ്യം വച്ച് ഉത്പാദിപ്പിക്കുന്ന വിലയും ഗുണനിലവാരവും കുറഞ്ഞ മദ്യം സംസ്ഥാനത്ത് കിട്ടാനില്ല
വില വർദ്ധിപ്പിക്കുന്നതിന് മുന്നോടിയായി സംസ്ഥാനത്ത് വില കുറഞ്ഞ മദ്യത്തിനു ക്ഷാമം നേരിടുന്ന സാഹചര്യത്തിൽ വ്യാജ മദ്യത്തിനെതിരെ ജാഗ്രത വേണമെന്ന് എക്സൈസിന്റെ മുന്നറിയിപ്പ്. സ്പിരിറ്റ് വിലയിലുണ്ടായ വർധനവാണ് ക്ഷാമത്തിനു കാരണം. മുൻ അബ്കാരി കേസുകളിലെ പ്രതികളെ നിരീക്ഷിക്കാനും വ്യാജവാറ്റ് നേരത്തെ ഉണ്ടായിരുന്ന സ്ഥലങ്ങളിൽ പരിശോധന ശക്തമാക്കാനും എക്സൈസ് കമ്മിഷണർ നിർദേശം നൽകി.കഴിഞ്ഞ രണ്ടാഴ്ചയായി സംസ്ഥാനത്ത് പലയിടത്തും ബാറുകളിലും ബവ്റിജസ് ഔട്ട്ലറ്റുകളിലും വിലകുറഞ്ഞ മദ്യം കിട്ടാനില്ലാത്ത സ്ഥിതിയാണ്. വിലകൂടിയ ബ്രാൻഡുകൾ മാത്രമാണ് പലയിടത്തും ഉള്ളത്. കേരളത്തിൽ സ്പിരിറ്റ് ഉൽപ്പാദനം ഇല്ല. ഒരു മാസം  മുന്‍പ് വരെ ഒരു ലീറ്റർ സ്‌പിരിറ്റ് കേരളത്തിലെത്തുമ്പോഴുള്ള വില ലിറ്ററിനു 53 രൂപവരെയായിരുന്നു. ഇപ്പോഴത് 70 രൂപയ്ക്കു മുകളിലായി. ഒരു കെയ്സ് മദ്യം ഉൽപ്പാദിപ്പിക്കാൻ ഉൽപ്പാദകർക്ക് 60 രൂപ കൂടുതൽ വേണ്ടി വരും എന്നാണ് വാദം.എന്നാൽ 17 രൂപ വർദ്ധിക്കുമ്പോൾ 1 ലിറ്ററിൽ 3 ലിറ്റർ വെള്ളം ചേർത്ത് നേർപ്പിച്ച് വിൽക്കുമ്പോൾ എങ്ങനെ 60 രൂപ അധികം ചിലവ് വരുമെന്ന് മദ്യപാനികൾ ചോദിക്കുന്നു. വില കൂടിയ മദ്യം വിൽക്കുന്നതിലൂടെ ഉദ്യോഗസ്ഥർക്കും യൂണിയൻ നേതാവിനും കമ്മീഷൻ ചാകരയാണെന്നും സോഷ്യൽ മീഡിയയിൽ പരിഹാസമുയരുന്നുണ്ട്. എന്നാൽ സർക്കാറിൻ്റെ മയക്കുവെടി മദ്യം ലഭിക്കാതായതോടെ ഒരാഴ്ചയായി സംസ്ഥാനത്ത് കുറ്റക്രിത്യങ്ങൾ കുറയുകയും കുടുംബങ്ങളിൽ സമാധാനം വർദ്ധിച്ചു വെന്നും പരിഹാസമുണ്ട്.

കേരള സർക്കാര്‍ സ്ഥാപനമായ ട്രാവൻകൂർ ഷുഗേഴ്സ് ഉൽപ്പാദിപ്പിക്കുന്ന ജവാൻ റമ്മിനായി 57 രൂപയ്ക്കാണ് ഒരു ലീറ്റർ സ്പിരിറ്റ് വാങ്ങിയിരുന്നത്. ഇപ്പോഴത് ലീറ്ററിന് 75 രൂപയായി. കേരളത്തിലേക്കു സ്പിരിറ്റ് എത്തുന്ന ഇതര സംസ്ഥാനങ്ങളിൽ ഉൽപ്പാദനം കുറഞ്ഞതാണ് തിരിച്ചടിയായത്.മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽനിന്നാണ് കേരളത്തിൽ സ്പിരിറ്റെത്തുന്നത്. അവിടെയുള്ള കമ്പനികൾ വില കൂട്ടിയതാണ് തിരിച്ചടിയായത്. തീരെ വിലകുറഞ്ഞ മദ്യത്തിനു മാത്രമാണ് ക്ഷാമം ഉള്ളതെന്നും മറ്റുള്ള മദ്യത്തിനു ക്ഷാമമില്ലെന്നുമാണ് ബെവ്കോയുടെ വിശദീകരണം. അതേസമയം വിലകൂട്ടണം എന്നാവശ്യപ്പെട്ട് വിലകുറഞ്ഞ മദ്യം ഉൽപ്പാദിപ്പിക്കുന്ന കമ്പനികൾ സർക്കാരിനെ സമീപിച്ചിട്ടുണ്ട്.