കുളത്തൂപ്പുഴ ധർമ്മശാസ്താ ക്ഷേത്രം വക ക്ഷേത്രക്കടവിലെ തിരുമക്കൾ എന്നറിയപ്പെടുന്ന മത്സ്യങ്ങൾക്ക് പിന്നിലുള്ള ഐതിഹ്യം എന്ത്?'തിരുമക്കളെ' പൂജാവിധി പ്രകാരം സംസ്കരിച്ചതെന്തിന്?
കുളത്തൂപ്പുഴ ധർമ്മ ശാസ്താ ക്ഷേത്രം വക ക്ഷേത്രക്കടവിലെ തിരുമക്കൾ എന്ന് വിളിക്കുന്ന മത്സ്യങ്ങളെ പൂജാവിധി പ്രകാരം സംസ്കരിച്ചത് സോഷ്യൽ മീഡിയയിൽ പലവിധത്തിലുള്ള ട്രോളുകളും , ചർച്ചകളും ഉണ്ടാക്കിയിരിക്കുകയാണ്. കുളത്തുപ്പുഴ ശ്രീ ധർമ്മ ശാസ്താ ക്ഷേത്രം വക ക്ഷേത്രകടവിൽ തിരുമക്കൾ എന്നപേരിൽ വിശ്വാസം അർപ്പിച്ചു ഭക്തിപൂർവ്വം സംരക്ഷിച്ചു വരുന്ന തിരുമക്കൾ എന്നറിയുന്ന ക്ഷേത്ര മൽസ്യങ്ങൾ കഴിഞ്ഞ ദിവസം ശക്തമായ മഴയെ തുടർന്ന് ഉണ്ടായ മലവെള്ളപ്പാച്ചിലിൽ ക്ഷേത്ര പരിസരത്തിലെ കല്ലുകെട്ടുകൾക്കിടയിൽ കുരുങ്ങി ജീവൻ നഷ്ടപ്പെട്ടു. പിന്നീട് തിരുമക്കളെ ക്ഷേത്ര ആചാരപ്രകാരം പൂജാവിധികളോടെ സംസ്കരിച്ചു എന്ന സോഷ്യൽ മീഡിയ പോസ്റ്റ് നെറ്റിസൺസ് ചർച്ചയാക്കി. പോസ്റ്റിനെ തുടർന്ന് നിരവധിപ്പേരാണ് ഇതിനോട് വിയോജിച്ചും , യോജിച്ചും പരിഹസിച്ചുമെല്ലാം കമന്റുകളുമായി എത്തിയത്. ചിലരെല്ലാം മത്സ്യത്തെ പാകം ചെയ്ത് കഴിക്കേണ്ടുന്നതിനെ കുറിച്ച് പറഞ്ഞപ്പോൾ മറ്റ് ചിലർ വിശ്വസിക്കുന്നവർ വിശ്വസിച്ചോട്ടെ എന്ന തരത്തിൽ കമന്റുകളുമായെത്തി.
വെള്ളപ്പാച്ചിലിൽ കിടങ്ങിൽപെട്ട എട്ട് മത്സ്യങ്ങൾ വെള്ളം തിരികെയിറങ്ങിയതോടെ കിടങ്ങിൽ കുടുങ്ങിയാണു ജീവൻ നഷ്ടപ്പെട്ടത്. കല്ലടയാറ്റിൻ തീരം സംരക്ഷിക്കാനായി വള്ളക്കടവിൽ നിർമിച്ച കൽഭിത്തികളിലൂടെയാണു മത്സ്യങ്ങൾ കിടങ്ങിൽപെട്ടത്.സംഭവം കണ്ടെത്തിയ നാട്ടുകാരിൽ ചിലർ അർധപ്രാണനായി കിടന്ന ഒട്ടേറെ മത്സ്യങ്ങളെ രക്ഷപ്പെടുത്തി കല്ലടയാറ്റിൽ ഒഴുക്കിവിട്ടു.ക്ഷേത്രവുമായി ബന്ധപ്പെട്ട ഇതിനു പിന്നിലുള്ള ഐതിഹ്യം എന്താണെന്ന് നോക്കാം.
കല്ലടയാറിന്റെ തീരത്തുള്ള കുളത്തൂപ്പുഴ ശാസ്‌താക്ഷേത്രത്തിൽ നിന്ന് തുടങ്ങുന്നതാണ് ശബരിമലദർശനം. ബാലാവസ്‌ഥയാണ് ഇവിടുത്തെ വിഗ്രഹത്തിന്റെ പ്രത്യേകത. പരശുരാമൻ പ്രതിഷ്‌ഠ നടത്തിയത് എന്ന് വിശ്വസിക്കുന്ന ക്ഷേത്രം കല്ലടയാറ്റിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ നശിച്ചുപോയത്രെ. അന്നു നശിച്ച മൂലപ്രതിഷ്‌ഠകളിൽ ഒരു ശില കല്ലടയാറിന്റെ കരയിൽ എവിടെയൊ ഉപേക്ഷിക്കപ്പെട്ടിരുന്നു. ഒരിക്കൽ കൊട്ടാരക്കരയിലെ നാട്ടുപ്രമാണിമാരായ കുറുപ്പന്മാർ തീർത്ഥാടനത്തിനു പോകവേ ഭക്ഷണം ഉണ്ടാക്കാൻ ഈ ശില ഉപയോഗിച്ചുവെന്നും അടുപ്പുണ്ടാക്കാൻ ഈ ശില പൊട്ടിച്ചെന്നുമാണ് ഐതിഹ്യം.ശില ഇടിച്ചുപൊളിച്ചപ്പോൾ അത് എട്ടായി മുറിയുകയും അതിൽ നിന്നു ചോര ഒഴുകുകയും ചെയ്‌തു. ദൈവചൈതന്യം മനസ്സിലാക്കിയ കുറുപ്പന്മാർ ആ ശിലകളാൽ ഒരു ക്ഷേത്രമുണ്ടാക്കി പ്രതിഷ്‌ഠിച്ചു. എട്ടായി നുറുങ്ങിയ ആ ശിലയാണ് ഇപ്പോഴും ഇവിടുത്തെ പ്രധാന പ്രതിഷ്‌ഠ.
മീനൂട്ടാണ് ഇവിടുത്തെ പ്രധാന വഴിപാട്. ക്ഷേത്രക്കുളത്തിലെ മീനിന് ആഹാരം കൊടുക്കുന്നതാണിത്.തിരുമക്കൾ എന്നാണ് ഈ മൽസ്യങ്ങളെ വിളിക്കുന്നത്. ഇവിടെ മീനൂട്ടിയാൽ അരിമ്പാറ പോലെയുള്ള ത്വക്ക് രോഗങ്ങൾ ശമിക്കുമെന്നാണു ഭക്തരുടെ വിശ്വാസം. മാത്രമല്ല വിവാഹ തടസ്സങ്ങൾ നീക്കാനും , നല്ല മാംഗല്യത്തിനും എള്ളും , കിഴിയും , പച്ചക്കറികളും , പലവ്യഞ്‌ജനങ്ങളും നടയ്‌ക്കു വയ്‌ക്കുന്ന രീതിയും ഇവിടെയുണ്ട്. വ്യാധികൾ ഒഴിയാൻ വിശ്വാസികൾ മീനൂട്ട് വഴിപാടും , വിഷു ഉത്സവത്തിന് ആചാരപരമായ മീനൂട്ടും കല്ലടയാറ്റിലെ കടവിൽ നടത്തി വരുന്നുണ്ട്. ഈ മീനുകള്‍ക്ക് അരി, കടല, മലർ എന്നിവയാണ് ഭക്തജനങ്ങൾ നല്‍കുന്നത്. നിര്‍ഭയമായി കഴിയുന്ന മീനുകൾ മനുഷ്യരോട് അടുത്ത് വന്ന് തീറ്റകൾ സ്വീകരിക്കും എന്ന പ്രത്യേകതയും ഇവിടെയുണ്ട്.
ഉത്സവത്തോടനുബന്ധിച്ച് പ്രത്യേക പൂജകളോടെ ക്ഷേത്ര മേല്‍ശാന്തി പൂജാദ്രവ്യങ്ങളായ പായസം, വെള്ളച്ചോറ് എന്നിവ മീനുകള്‍ക്ക് ഊട്ടുന്ന ചടങ്ങാണ് മീനൂട്ട്.
അയ്യപ്പനെ വിവാഹം കഴിക്കണം എന്ന ആവശ്യവുമായി എത്തിയ ഒരു ജലകന്യകയുണ്ടായിരുന്നു. എന്നാൽ, അയ്യപ്പൻ, ആ ജലകന്യകയുടെ വിവാഹാഭ്യർത്ഥന നിരസിച്ചുവത്രെ. താൻ ബാലകനാണ് എന്നും പറഞ്ഞു അയ്യപ്പൻ വിവാഹാഭ്യർത്ഥന നിരസിച്ചുവെങ്കിലും ജലകന്യകയെ മത്സ്യമായി തുടരാൻ അനുവദിച്ചു. തന്നെ കാണാനെത്തുന്ന ഭക്തജനങ്ങൾ അവളെ കൂടി കാണും എന്ന് ഉറപ്പും നൽകി. ആ മത്സ്യങ്ങളെയാണ് 'തിരുമക്കൾ' എന്ന് വിളിക്കപ്പെടുന്നത്.
ക്ഷേത്രത്തിലെ ബാലകനായ ദേവന്റെ ആശ്രിതരാണ് തിരുമക്കളെന്ന വിളിപ്പേരിലുള്ള മത്സ്യക്കൂട്ടം എന്നാണു വിശ്വാസം.
മുൻപും വേനൽക്കാലങ്ങളിൽ വെള്ളം കുറയുമ്പോൾ ചിലയിനം വണ്ടുകളുടെയും മറ്റും സാന്നിധ്യം കൊണ്ടും തിരുമക്കൾ എന്ന് വിളിക്കപ്പെടുന്ന മത്സ്യങ്ങൾക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. അപ്പോഴും പൂജാവിധി പ്രകാരം തന്നെയാണ് അടക്കിയത്. അത് ഒരു വിശ്വാസത്തിന്റെ ഭാഗമായത് കൊണ്ട് ഇന്നും തുടരുന്നു. ഇതുപോലെ സോഷ്യൽ മീഡിയകളിലെത്താത്തതു കൊണ്ട് അത് അവിടെ ഒതുങ്ങി നിന്നു. അത് ക്ഷേത്രവുമായും അതിനെച്ചുറ്റിപ്പറ്റി നിൽക്കുന്ന വിശ്വാസികളുമായും മാത്രം ബന്ധപ്പെട്ട കാര്യമാണ്. വിശ്വാസപ്രകാരം അങ്ങനെ ചെയ്യുന്നു എന്ന് മാത്രം. ഇന്നിപ്പോൾ ട്രോളുന്നവരെയും തെറ്റ് പറയാനാവില്ല. അവർ അവരുടെ കാഴ്ച്ചപ്പാട് വച്ച് ട്രോളുകളും , പരിഹസിക്കുകയും ചെയ്യുന്നു. ക്ഷേത്രങ്ങളിലെ ആന ചെരിഞ്ഞാൽ യഥാവിധി യാത്രയാക്കുന്നവരാണ് നാം. ഇവിടെ 'തിരുമക്കൾ' എന്ന മത്സ്യമാണ് എന്ന് മാത്രം. ഈയിനം മത്സ്യങ്ങളെ മാത്രമേ അത്തരം പൂജാവിധികളോടെ അടക്കാറുള്ളൂ എന്നും വിശ്വാസികൾ പറയുന്നു.
ഇനി ശാസ്ത്രീയമായി തിരുമക്കൾ മത്സ്യത്തെപ്പറ്റി കുറച്ച് കാര്യങ്ങൾ നോക്കാം. മഹസീർ എന്ന് ഇന്ത്യ ഒട്ടാകെ അറിയപ്പെടുന്ന ഈ മത്സ്യം കേരളത്തിൽ കുയിൽമത്സ്യം എന്നാണ് അറിയപ്പെടുന്നത്. മഹസീർ മത്സ്യങ്ങളെ ഒരു വിനോദമത്സ്യം (recreational fish) ആയാണ് പ്രധാനമായും കണക്കാക്കിപ്പോരുന്നത്. വമ്പൻ മഹസീറുകളെ ചൂണ്ട ഉപയോഗിച്ച് പിടിച്ചെടുക്കുകയും , തൂക്കവും നീളവും മറ്റും രേഖപ്പെടുത്തി ഫോട്ടോയും മറ്റും എടുത്ത് നദിയിലേക്കുതന്നെ വിട്ടയയ്ക്കുകയും ചെയ്യുന്ന രീതിയാണ് വിനോദ മത്സ്യബന്ധനം എന്ന് അറിയപ്പെടുന്നത്. ഹിമാലയൻ നദികളിലും , പശ്ചിമഘട്ടത്തിൽ നിന്നും ഉദ്ഭവിക്കുന്ന നദികളിലും ഈ മത്സ്യങ്ങളെ കാണുന്നു. നമ്മുടെ നാട്ടിൽ പ്രധാനമായും മൂന്ന് ഇനത്തിൽപെട്ട മഹസീറുകളാ ണുള്ളത് (ടോർ കുദ്രി, ടോർ മലബാരിക്കസ്, ടോർ മുസുള്ള). കേരളത്തിലെ നദിക്കരയിൽ സ്ഥിതിചെയ്യുന്ന പല ക്ഷേത്രങ്ങളിലും കുയിൽ മത്സ്യങ്ങൾക്ക് ദൈവികമായ പരിവേഷമാണ് നൽകിയിട്ടുള്ളത്. അതിൽ ഒന്നാണ് കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴ ബാലശാസ്താ ക്ഷേത്രത്തിലെ മത്സ്യങ്ങൾ 'തിരുമക്കൾ' എന്നാണ് അറിയപ്പെടുന്നത്.ഏഴു സംസ്ഥാനങ്ങളുടെ ദേശീയ മത്സ്യം കൂടിയാണിത്.ഇന്ത്യൻ ശുദ്ധജലാശയങ്ങളിലെ രാജാവെന്ന് പേരുകേട്ട മീനാണ് കുയിൽ മീൻ (മഹസീർ). തീൻമേശയിലെ വിഭവം എന്നതിനപ്പുറം ചൂണ്ടയിടൽ വിനോദോപാധിയായവരുടെ പ്രിയപ്പെട്ട മത്സ്യമാണിത് ( സ്‌പോർട്ട്‌സ് ഫിഷ് ) . ചില പ്രദേശങ്ങളിൽ പുണ്യമത്സ്യമായാണ് ഇവയെ കരുതുന്നത്. ലോകമെമ്പാടും പത്തൊമ്പതാം നൂറ്റാണ്ടുമുതൽ തന്നെ കായികവിനോദത്തിനും ഇത്തരം മീനുകളെ ഉപയോഗിക്കുന്നുണ്ട്.
ഉപ്പും ,വിഷാംശവുമുള്ള വെള്ളത്തിൽ ഇത്തരം മീനുകൾക്ക് വളരാനാവില്ല. ശീതമേഖലകളിലെ വെള്ളത്തിലാണ് ഇവ വളരുക. തോട്ട പൊട്ടിച്ചും ,നഞ്ചുകലക്കിയും മറ്റുമുള്ള അശാസ്ത്രീയമായ മീൻപിടിത്ത രീതികളും , മണൽഖനനവും ഇത്തരം മീനുകളുടെ വംശനാശത്തിന് വഴിയൊരുക്കുന്നുണ്ട്. ഹിമാലയൻ മേഖലകളിൽ 120 കിലോ വരെ തൂക്കമുള്ള കുയിൽമീനുകളുണ്ട്. കേരളത്തിലെ മീനുകൾക്ക് ഇത്ര തൂക്കം വരില്ലെങ്കിലും ചൂണ്ടയുമായി മല്ലിടുന്ന ഈ വമ്പൻ മീനിനെ പിടികൂടാൻ അത്ര എളുപ്പമല്ല. ആദിവാസികൾ വനമേഖലയിലെ ജലാശയങ്ങളിൽ നിന്ന് ഭക്ഷണാവശ്യത്തിനായി ഈ മത്സ്യങ്ങളെ പിടിക്കുന്നുണ്ട്. നല്ല രൂചിയുള്ള മീനുമാണ് ഇത്. ഗംഗയുടെ ഉത്ഭവ സ്ഥാനങ്ങളിലും ഇവയുടെ സാന്നിധ്യം ഉണ്ട്.
മഹ്സീറിന് മെരുവൽ എന്നൊരു പേര് കൂടി ഉണ്ട്.മഹ്സീർ എന്ന പേരിന് സംസ്കൃതത്തിൽ മഹാ എന്നാൽ "വലിയ " എന്നും, ആസ്യ എന്നാൽ "വായ് " എന്നും അർഥം. രണ്ടു വാക്കുകൾ ചേർന്ന് മഹാസ്യ എന്നാവുകയും പിന്നീട് മാഷീർ എന്ന് രൂപാന്തരം ഭവിക്കുകയും ചെയ്തു.കുയിൽമത്സ്യത്തിനെ ആദ്യം വിളിച്ച പേര് മഹാശിലാ എന്നാണ്. മഹ്സീർ എന്ന പേര് മഹാശിരാസ് അതായത് വലിയ തലയുള്ള എന്നർഥം തരുന്ന വാക്കിൽനിന്നും രൂപാന്തരം സംഭവിച്ചതാവും എന്നും പറയുന്നു. മറ്റൊരു വാദം മഹാസുല (Mahasula), മഹാശിൽക (Mahasilka) അതായത് വലിയ ശൽക്കങ്ങൾ അല്ലെങ്കിൽ ചിതമ്പലുകൾ ഉള്ള മത്സ്യങ്ങൾ എന്ന വാക്കുകളിൽനിന്നും ഉത്ഭവിച്ചതാവാം എന്നൊരുവാദവും നിലനിൽക്കുന്നു.
ഇതിനുപോൽബലകമായി കാണുന്ന നിരീക്ഷണം മഹ്സീറിന്റെ ചിതമ്പലുകൾ ഒത്ത ഒരാളുടെ കൈത്തലത്തോളം വരുമെന്നു മാത്രമല്ല ഈ ചിതമ്പലുകൾ ചീട്ടുകളിക്കായി ഉപയോഗിച്ചിരുന്നതായും പറയുന്നുണ്ട്. മഹാരാഷ്ട്രയുടെ പലഭാഗത്തും ഇതിനെ മഹ്സൂൽ (Mahsol) എന്നാണു വിളിക്കുന്നത്.
അഴകുകൊണ്ടും, വലുപ്പംകൊണ്ടും, രൗദ്രഭാവം കൊണ്ടും ശുദ്ധജല മത്സ്യങ്ങളുടെ രാജാവ് തന്നെയാണ് കുയിൽ മത്സ്യം. ആംഗ്ലിങ് നടത്തുന്നവരുടെ പന്തയവും, അവരുടെ സ്വപ്നവുമാണ്. ബ്രിട്ടീഷ് ഭരണകാലത്ത് ആംഗ്ലിങ് വിനോദത്തിൽ പങ്കെടുത്തിരുന്നവർ അവർ പിടിച്ച കുയിലിന്റെ ചിത്രങ്ങൾ എടുക്കുകയും , അവ ശാസ്ത്ര ജേർണലുകളിലടക്കം പ്രസിദ്ധപ്പെടുകയും ചെയ്യുമായിരുന്നു. 2011 മാർച്ച് 13ന് ബ്രിട്ടീഷ് ആംഗ്ലെറായ കെൻ ലൗഗ്രാൻ (Ken Loughran) പിടിച്ച 130 പൗണ്ട് (55 കിലോഗ്രാം) തൂക്കമുള്ള കുയിലാണ് ഇതുവരെയുള്ളതിൽ പിടിച്ചതിൽ ഏറ്റവും വലുത്.നല്ല ഒഴുക്കുള്ള തെളിഞ്ഞ വെള്ളത്തിൽ, ചെറിയ വെള്ളച്ചാട്ടങ്ങളിൽ, വെള്ളം തിരിഞ്ഞൊഴുകുന്ന ചുഴികളിൽ, ആഴക്കയങ്ങളിൽ, വെള്ളം അലച്ചൊഴുകി പതഞ്ഞു പതിക്കുന്ന പാറക്കൂട്ടങ്ങൾക്കിടയിൽ ഇവിടെയൊക്കെയാണ് കുയിൽ മത്സ്യം താമസിക്കുന്നത്. കാടുകൾക്കുള്ളിലെ പുഴകളിലും , അരുവികളും അതു ചേർന്നുണ്ടാവുന്ന അല്ലെങ്കിൽ ഉണ്ടാക്കുന്ന തടാകങ്ങളിലോമാത്രം കാണുന്ന ഒന്നാണ് കുയിൽ മത്സ്യം.ആചാരങ്ങളുടെയൊ , അനുഷ്ഠാനങ്ങളുടെയോ പിൻബലത്താലല്ലാതെ തട്ടേക്കാട് പക്ഷിസങ്കേതത്തിനെതിർവശത്തുള്ള ക്ഷേത്രത്തിനു താഴെ പുഴയും, തേക്കടി തടാകവും , അതിലേക്കു വരുന്ന മുല്ലയാറും , പെരിയാറും പിന്നെ പറമ്പിക്കുളവും കേരളത്തിലെ കുയിൽ ബാങ്കുകളാണ് (Mahseer banks)