Type Here to Get Search Results !

അട്ടപ്പാടി സന്ദര്‍ശിച്ച പ്രതിപക്ഷ നേതാവ് വിഡി സതീശന് മുന്നില്‍ പരാതികളുടെ പ്രളയം ; ഗുരുതര കൃത്യവിലോപമെന്ന് വിഡി സതീശന്‍

VD satheeshan

അട്ടപ്പാടി സന്ദര്‍ശിച്ച പ്രതിപക്ഷ നേതാവ് വിഡി സതീശന് മുന്നില്‍ പരാതികളുടെ പ്രളയം. തങ്ങളുടെ അവസ്ഥ എന്താണെന്ന് ആരും തിരിഞ്ഞു നോക്കുന്നില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. ഗതാഗതയോഗ്യമായ റോഡുകളോ, ആവശ്യത്തിന് ആശുപത്രി ചികിത്സാ സൗകര്യങ്ങളോ ഇല്ല. എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രമാണ് വേണ്ടപ്പെട്ടവര്‍ അന്വേഷിച്ച് വരുന്നതെന്നും അവര്‍ പരാതിപ്പെട്ടു. അട്ടപ്പാടി സന്ദര്‍ശിച്ച ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഒരു പദ്ധതിയും പ്രഖ്യാപിച്ചില്ലെന്ന് വിഡി സതീശന്‍ കുറ്റപ്പെടുത്തി.


ചികിത്സ ആവശ്യമുള്ള രോഗികള്‍ തൃശൂരിലേക്കോ പെരിന്തല്‍മണ്ണയിലേക്കോ പോകാനാണ് പറയുന്നത്. റോഡ് സൗകര്യം പോലുമില്ലാത്തിനാല്‍ രോഗികളെ കിലോമീറ്ററുകളോളം ചുമന്ന് കൊണ്ടാണ് പോകുന്നത്. ഇനി വരുന്ന തലമുറയ്ക്ക് എങ്കിലും ഈ ദുരവസ്ഥ വരരുതെന്ന് അട്ടപ്പാടിക്കാര്‍ പറഞ്ഞു. ഫോറസ്റ്റുകാരുടെ ശല്യവും രൂക്ഷമാണെന്ന് അവര്‍ കുറ്റപ്പെടുത്തി.

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ ഭരണകാലത്ത് അട്ടപ്പാടിയില്‍ നിരവധി പദ്ധതികള്‍ നടപ്പാക്കിയിരുന്നുവെന്ന് വിഡി സതീശന്‍ പറഞ്ഞു. അട്ടപ്പാടിയില്‍ എന്താണ് നടക്കുന്നതെന്ന് സര്‍ക്കാരിന് അറിയില്ലെന്നും, ഗുരുതര കൃത്യവിലോപമാണ് നടക്കുന്നതെന്നും സതീശന്‍ പറഞ്ഞു. പദ്ധതികള്‍ ഏകോപിപ്പിക്കാന്‍ നോഡല്‍ ഓഫീസറോ മോണിറ്ററിംഗ് കമ്മിറ്റിയോ ഇല്ല. കോട്ടത്തറ ആശുപത്രിയുടെ അവസ്ഥ പരിതാപകരമാണ്. വിദഗ്ധ ഡോക്ടര്‍മാരോ സൗകര്യങ്ങളോ ഇല്ല. രോഗികളെ കൊണ്ടുപോകാന്‍ ആംബുലന്‍സുകളില്ല. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഏര്‍പ്പെടുത്തിയിരുന്ന പല സൗകര്യങ്ങളും പുതിയ സര്‍ക്കാര്‍ എടുത്ത് കളയുകയാണ് ചെയ്തതെന്ന് സതീശന്‍ ചൂണ്ടിക്കാട്ടി.

ആരോഗ്യമന്ത്രിയുടെ സന്ദര്‍ശന സമയത്ത് നോഡല്‍ ഓഫീസറെ ഇല്ലാത്ത യോഗത്തിന്റെ പേര് പറഞ്ഞ് തിരുവനന്തപുരത്തേക്ക് മാറ്റിയിരുന്നു. പ്രതിപക്ഷ നേതാവ് എത്തുന്നതിന് മുമ്പ് അട്ടപ്പാടിയിലെത്താനുള്ള തിടുക്കമായിരുന്നു ആരോഗ്യമന്ത്രിക്കെന്ന് നോഡല്‍ ഓഫീസര്‍ ഡോ. പ്രഭുദാസ് പറഞ്ഞിരുന്നു. കോട്ടത്തറ ആശുപത്രിക്കായി സൗകര്യങ്ങള്‍ ആവശ്യപ്പെട്ട് നിരവധി തവണ സമീപിച്ചിട്ടും തന്നെ അഴിമതിക്കാരനായി ചിത്രീകരിക്കുയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.