ആരാണ് സുകുമാരക്കുറുപ്പ് ?സാങ്കേതിക വിദ്യകൾ അത്രത്തോളം ഇല്ലാത്ത കാലഘട്ടത്തിലും ചാക്കോ കൊലക്കേസിൽ മരിച്ചത് സുകുമാരക്കുറുപ്പല്ലെന്ന് എങ്ങനെയാണ് കേരളാ പൊലീസ് ഉറപ്പിച്ചത്?
1984 ജനുവരി 22ന് പുലർച്ചെ.
മാവേലിക്കരയിൽ നിന്ന് ചെങ്ങന്നൂരുലേക്കുള്ള വഴിയിൽ കൊല്ലക്കടവ് പാലത്തിന് സമീപം കുന്നം എന്ന സ്ഥലത്ത് വയലിൽ KLQ 7811 എന്ന നമ്പരുള്ള ഒരു അംബാസഡർ കാർ നിന്നു കത്തുന്നു. സമീപത്തെ റോഡിലൂടെ പോയ കാർ യാത്രികരാണ് സംഭവം ആദ്യം കണ്ടത്.
അവർ സമീപത്തെ വീട്ടിലുള്ളവരെ വിവരം അറിയിച്ചു. എല്ലാവരും കൂടി സംഭവ സ്ഥലത്തേക്ക് ഓടിയെത്തി. കാറിന്റെ വലതുവശത്തെ വാതിൽ തുറന്നിരിക്കുകയായിരുന്നു. കത്തിക്കൊണ്ടിരുന്ന കാറിലെ തുറന്ന വാതിലിലൂടെ ചുറ്റും കൂടിയവർ അകത്തേക്ക് നോക്കി. സ്റ്റിയറിങ് വീലിന് പിന്നിൽ കത്തിക്കരിഞ്ഞ ഒരു മൃതദേഹം. കൂട്ടത്തിലുള്ള രാധാകൃഷ്ണൻ എന്നയാൾ ഉടനെ പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു. സിനിമയെ വെല്ലുന്ന കഥയും , തിരക്കഥയും നിറഞ്ഞ ഒരു കേസ് പുസ്തകം അവിടെ തുടങ്ങുകയാണ്; സുകുമാരക്കുറുപ്പ് കേസ്.
സംഭവം നടന്നയുടൻ നാട്ടിലാകെ പാട്ടായി മരിച്ചത് സുകുമാരക്കുറുപ്പാണെന്ന്. കാരണം കത്തി നശിച്ചത് സുകുമാരകുറുപ്പിന്റെ കാറാണ്. മൃതദേഹം ഒറ്റനോട്ടത്തിൽ കണ്ടാൽ സുകുമാരക്കുറുപ്പിനോട് സാമ്യവുമുണ്ട്. രണ്ടാഴ്ച മുമ്പാണ് കുറുപ്പ് ഗൾഫിൽനിന്ന് നാട്ടിലെത്തിയത്. സുകുമാരക്കുറുപ്പിന്റെ ഭാര്യാ സഹോദരി തങ്കമണിയുടെ ഭർത്താവ് ഭാസ്കരപ്പിള്ള ഈ സമയം പരാതിയുമായി പൊലീസ് സ്റ്റേഷനിൽ എത്തി. മരിച്ചത് കുറുപ്പാണെന്നും ഗൾഫിലുള്ള ശത്രുക്കളാരോ വകവരുത്തിയതാണെന്നും അദ്ദേഹം പൊലിസിനെ അറിയിച്ചു.
കാർ കത്തിയ സ്ഥലത്ത് നടത്തിയ പരിശോധനയിൽ ഒരു തീപ്പെട്ടിയും , ഗ്ലൗസും , പെട്രോൾ ടിന്നും പൊലീസ് കണ്ടെടുത്തു. കൂടാതെ പാടത്തെ മണ്ണിൽ ആരോ ഓടി പോയതിന്റെ കാൽപാടുകളും കണ്ടു. മൃതദേഹം പോസ്റ്റ്മോർട്ടം നടത്താൻ എത്തിയത് പൊലീസ് സർജൻ ഉമാദത്തനായിരുന്നു. കേസ് അന്വേഷണ ചുമതലയുണ്ടായിരുന്ന ഡിവൈ.എസ്.പി ഹരിദാസ് മൃതദേഹ പരിശോധനക്കുള്ള അപേക്ഷ ഉമാദത്തന് നൽകിയപ്പോൾ അതിൽ മരിച്ചയാളിന്റെ പേരിന് നേരെ ഇങ്ങനെ എഴുതിയിരുന്നു 'സുകുമാരക്കുറുപ്പ് എന്ന് പറയപ്പെടുന്ന ആൾ''.
എന്താണ് സുകുമാരക്കുറുപ്പ് എന്ന് എഴുതാത്തതെന്ന് ഉമാദത്തൻ ഡിവൈ.എസ്.പിയോട് ചോദിച്ചപ്പോൾ ചില സംശയങ്ങളുണ്ടെന്നും കാരണം പിന്നെ പറയാം എന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. മരിച്ചത് സുകുമാരക്കുറുപ്പല്ലെന്ന് അവിടം മുതൽ പൊലീസ് ഉറപ്പിച്ചു. സംഭവം നടന്ന വയലിൽ ഒരു തുണി മറച്ചാണ് പോസ്റ്റ്മോർട്ടം നടത്തിയത്. മൃതദേഹത്തിൽ ചെരിപ്പ്, റിസ്റ്റ് വാച്ച്, മോതിരം എന്നിവയൊന്നും ഉണ്ടായിരുന്നില്ല എന്ന് പോസ്റ്റ്മോർട്ടത്തിന് മുമ്പേ തന്നെ ഉമാദത്തൻ ശ്രദ്ധിച്ചിരുന്നു. ആകെയുണ്ടായിരുന്നത് പാതികരിഞ്ഞ ഒരു അണ്ടർവെയർ മാത്രം. ഗൾഫിൽ ജോലി ചെയ്തിരുന്ന ഒരാൾക്ക് റിസ്റ്റ് വാച്ചെങ്കിലും കാണാത്തതിൽ അദ്ദേഹത്തിൽ സംശയം ഉണർത്തി.
ശ്വാസകോശം പരിശോധിച്ചപ്പോൾ അതിനുള്ളിൽ കരിയുടെ അശംപോലും ഇല്ലായിരുന്നു. കാറിന് തീപിടിച്ചപ്പോൾ അതിനുള്ളിലുണ്ടായിരുന്ന ആളാണെങ്കിൽ പുകയും ,കരിയും അദ്ദേഹത്തിന്റെ ശ്വാസകോശത്തിൽ കടക്കുമായിരുന്നു. വയർ തുറന്ന് പരിശോധിച്ചപ്പോൾ ഏതോ വിഷദ്രാവകത്തിന്റെ ഗന്ധം ഉമാദത്തൻ തിരിച്ചറിഞ്ഞു. ആത്മഹത്യയല്ല കൊലപാതകമെന്ന് അദ്ദേഹം ഉറപ്പിച്ചു. കൊലപാതകത്തിന് ശേഷം മൃതദേഹം കത്തിച്ചതാണെന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം ഉമാദത്തൻ പൊലീസിനെ അറിയിച്ചു.
സഹോദരി ഭർത്താവ് ഭാസ്കരപ്പിള്ളയെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. ഭാസ്കരപ്പിള്ളയുടെ മട്ടും , ഭാവയും കണ്ടതോടെ പൊലീസിന് പന്തികേട് തോന്നി. അദ്ദേഹം ഫുൾസ്ലീവ് ഷർട്ടായിരുന്നു ധരിച്ചിരുന്നത്. സാധാരണ നാട്ടിൻപുറത്തുള്ള ഒരാൾ ഫുൾകൈ ഷർട്ട് ധരിക്കാറില്ല. ഡിവൈ.എസ്.പി ഹരിദാസ് അദ്ദേഹത്തോട് ഷർട്ടിന്റെ കൈ മുകളിലേക്ക് കയറ്റാൻ ആവശ്യപ്പെട്ടു. ശേഷം ഉമാദത്തൻ ഭാസ്കരപ്പിള്ളയെ പരിശോധിച്ചു. അപ്പോൾ കണ്ട കാഴ്ച ഏവരേയും ഞെട്ടിച്ചു. ഭാസ്കരപ്പിള്ളയുടെ കൈയിൽ പൊള്ളലേറ്റ മുറിവ്.
പിന്നീട് അദ്ദേഹത്തെ സൂക്ഷ്മമായി പരിശോധിച്ചതോടെ മുഖവും , കൈവിരലുകളും പൊള്ളിയതും , കൺപീലികൾ കരിഞ്ഞതുമെല്ലാം കണ്ടു. അതിന് ശേഷം പൊലീസ് സുകുമാരക്കുറുപ്പിന്റെ വീട് സന്ദർശിച്ചു. മരണവീടെന്ന നിലയിൽ ദുഖം തളം കെട്ടിനിൽക്കേണ്ട അന്തരീക്ഷത്തിൽ അങ്ങനെയൊന്ന് പൊലീസിന് കാണാൻ കഴിഞ്ഞില്ല. മാത്രമല്ല, വീട്ടിലെ അടുക്കളയിൽ നിന്ന് ചിക്കൻ കറിയുടെ മണം പൊലീസ് ഉദ്യോഗസ്ഥരുടെ മൂക്കിൽ തുളച്ചു കയറി.
മരണം സംഭവിച്ച ഹൈന്ദവ വീടുകളിൽ സമീപദിവസങ്ങളിൽ ചിക്കനും , മീനുമൊന്നും സാധാരണ വെക്കാറില്ല. മാത്രമല്ല, സുകുമാരക്കുറുപ്പിന് സ്വന്തമായി മറ്റൊരു ടൂറിസ്റ്റ് കാർ കൂടിയുണ്ടായിരുന്നു. ആ കാറിലായിരുന്നു അദ്ദേഹം എപ്പോഴും യാത്ര ചെയ്തിരുന്നത്. ആ കാറും , ഡ്രൈവർ പൊന്നപ്പനേയും സംഭവ ശേഷം പിന്നീട് കണ്ടിട്ടില്ലെന്നതും പൊലീസ് മനസ്സിലാക്കി. സുകുമാരക്കുറുപ്പെന്ന കുറ്റവാളിക്ക് സംഭവിച്ച ഇത്തരം ചെറിയ , ചെറിയ അമളികളെല്ലാം പൊലീസിനെ സംശയത്തിന്റെ കൊടുമുടി കയറ്റി.
പൊലീസിന് മുന്നിൽ നിൽക്കക്കള്ളിയില്ലാതായതോടെ ഭാസ്കരപ്പിള്ള സത്യം ഏറ്റുപറഞ്ഞു. എന്നാൽ അതിന് മുമ്പ് അയാൾ രക്ഷപ്പെടാനായി ഒരു അവസാനവട്ട പരിശ്രമം നടത്തി. മരിച്ചത് സുകുമാരക്കുറുപ്പാണെന്നും കൊന്നത് താനാണെന്നും അദ്ദേഹം നുണ പറഞ്ഞു. കടം വാങ്ങിയ അരലക്ഷം രൂപ തിരിച്ചു തരാത്തതിന്റെ വൈരാഗ്യത്താൽ ചെയ്തതാണെന്നും അദ്ദേഹം പറഞ്ഞു.
ഭാസ്കരപിള്ളയുടെ ശരീരത്തിലെ പൊള്ളലുകളെ കുറിച്ച് ചോദിച്ചപ്പോൾ തണുപ്പകറ്റാൻ തീകാഞ്ഞപ്പോൾ സംഭവിച്ചതാണെന്നായിരുന്നു മറുപടി. നുണയിൽനിന്ന് നുണയിലേക്കുള്ള ഭാസ്കരപ്പിള്ളയുടെ പ്രയാണങ്ങളെല്ലാം പൊളിഞ്ഞു ഒടുവിൽ അദ്ദേഹം സത്യം തുറന്നു പറഞ്ഞു.
അബൂദാബിയിൽനിന്ന് നാട്ടിലേക്ക് ലീവിന് വരുമ്പോഴെല്ലാം സുകുമാരക്കുറുപ്പ് ഭാസ്കരപ്പിള്ളയേയും , ഡ്രൈവർ പൊന്നപ്പനേയും അറിയിച്ച് കാറുമായി എയർപോട്ടിൽ വരാൻ പറയും. അത്തവണയും പതിവ് തെറ്റിച്ചില്ല. തിരുവനന്തപുരത്ത് വിമാനമിറങ്ങിയ കുറുപ്പിനേയും കൂട്ടി ഇരുവരും ചെങ്ങന്നൂരിലേക്ക് യാത്രയായി. കുറുപ്പിനൊപ്പം ഒരാൾകൂടി ഉണ്ടായിരുന്നു. ചാവക്കാട് സ്വദേശി ഷാഹു.
നാട്ടിൽ എത്തിയപാടെ സംഘം ഗൂഢാലോചന തുടങ്ങി. ഗൾഫിൽ സുകുമാരക്കുറുപ്പിന് 50 ലക്ഷത്തിന്റെ ഇൻഷൂറൻസ് പോളിസി ഉണ്ട്. കുറുപ്പ് മരിച്ചതായി രേഖയുണ്ടാക്കിയാൽ ആ തുക തട്ടിയെടുക്കാം. അതായിരുന്നു പദ്ധതി. തുക പങ്കിടാം എന്നതിനാൽ മറ്റു മൂന്നുപേർക്കും താൽപര്യമായി. ജർമനിയിൽ മുമ്പുണ്ടായ സമാന സംഭവം കുറുപ്പ് മുമ്പ് വായിച്ചിട്ടുണ്ട്. ആ സംഭവം കുറ്റകൃത്യം നടത്താൻ ഊർജവുമായി.
സുകുമാരക്കുറുപ്പിനോട് രൂപസാദൃശ്യമുള്ള ഒരു മൃതദേഹം കണ്ടെത്തുകയും അയാളെ കാറിലിട്ട് കത്തിക്കുകയും ചെയ്യുക എന്നതായിരുന്നു ആദ്യം മനസ്സിലുദിച്ചത്. ഇതിനായി ആലപ്പുഴ മെഡിക്കൽ കോളജിലെ ബന്ധുവിനെ ബന്ധപ്പെട്ടെങ്കിലും നടന്നില്ല. ഫോർമാലിനിൽ സൂക്ഷിച്ച മൃതദേഹം പോസ്റ്റ്മോർട്ടത്തിൽ തിരിച്ചരിയാം എന്നതാണ് അവരെ പിന്തിരിപ്പിച്ചത്. പിന്നീട് അലപ്പുഴ വലിയ ചുടുകാട്ടിൽനിന്ന് അടുത്തകാലത്ത് സംസ്കരിച്ച ഏതെങ്കിലും മൃതദേഹം കുഴിച്ചെടുക്കാമെന്ന് തീരുമാനിച്ചു. അതിനോട് ചുടുകാട്ടിലെ സൂക്ഷിപ്പുകാരൻ സഹകരിക്കാത്തതിനാൽ അതും നടന്നില്ല.
അങ്ങനെയിരിക്കെ 1984 ജനുവരി 21ന് ഇവർ സഞ്ചരിച്ച കാറിന് കരുവാറ്റ എന്ന സ്ഥലത്ത് വെച്ച് ഒരാൾ കൈകാട്ടി ലിഫ്റ്റ് ചോദിച്ചു. അയാളുടെ പേര് ചാക്കോ. ജോലി ഫിലിം റെപ്രസെൻറീറ്റീവ്. കാഴ്ചയിൽ സുകുമാരക്കുറുപ്പിനോട് ഏറെ സാമ്യമുള്ള അപരിചിതനെ കാറിൽ കയറിയതോടെ ഭാസ്കരപ്പിള്ളയും , ഷാഹുവും മദ്യത്തിൽ മയക്കുമരുന്ന് കലർത്തി നൽകി ബോധം കെടുത്തി. ശേഷം ഇരുവരും ചേർന്ന് കഴുത്തിൽ തോർത്ത് മുറുക്കി കൊന്ന് ചെറിയനാട്ടുള്ള ഭാസ്കരപ്പിള്ളയുടെ വീട്ടിൽ മൃതദേഹം എത്തിച്ചു.
മരിച്ചത് കുറുപ്പാണെന്ന് ഉറപ്പാക്കാൻ മൃതദേഹത്തെ സുകുമാരക്കുറുപ്പിന്റെ വസ്ത്രങ്ങൾ ധരിപ്പിച്ചു. എന്നിട്ട് പെട്രോളൊഴിച്ച് മുഖവും , തലമുടിയും കത്തിച്ചു. ഒടുവിൽ എല്ലാവരും ചേർന്ന് മൃതദേഹം പാടത്ത് എത്തിച്ച് കാറിലിട്ട് തീകൊളുത്തി. കൊല്ലപ്പെട്ടത് സുകുമാരക്കുറുപ്പല്ലെന്ന് പൊലീസ് തിരിച്ചറിഞ്ഞതോടെ മൃതദേഹം പിന്നെ ആരുടേത് എന്നതായിരുന്നു പൊലീസിന് മുന്നിൽ പിന്നീടുള്ള കടമ്പ . ഇതിനായി ശവക്കുഴി തുറന്ന് മൃതദേഹം വീണ്ടും പരിശോധിക്കുകയും സൂപ്പർ ഇംപോസിഷൻ നടത്തുകയുമെല്ലാം ചെയ്ത് ശാസ്ത്രീയമായി പൊലീസ് കൊല്ലപ്പെട്ടത് ചാക്കോ തന്നെയെന്ന് സ്ഥിരീകരിച്ചു.
കൂടാതെ അടുത്ത ദിവസങ്ങളിൽ ആരെയെങ്കിലും കാണാതായതായി പരാതിയുണ്ടോ എന്ന അന്വേഷണം നടത്തി. ഹരിപ്പാട് പൊലീസ് സ്റ്റേഷനിൽനിന്ന് ലഭിച്ച മറുപടിയിൽ ആലപ്പുഴ സനാതനം വാർഡ് കണ്ടത്തിൽ എൻ.ജെ. ചാക്കോ എന്നയാളെ രണ്ടുദിവസമായി കാണാനില്ലെന്നു പരാതിയുണ്ടായിരുന്നു.
കൃത്യമായും , ശാസ്ത്രീയമായും നടത്തിയ പരിശോധനയിലൂടെ കുറ്റകൃത്യവും പ്രതികളേയും കുറിച്ച് വിവരം പൊലീസിന് ലഭിച്ചെങ്കിലും മുഖ്യപ്രതിയെ പിടികൂടാൻ കഴിയാത്ത അപൂർവ കേസുകളിലൊന്നായി ചാക്കോ വധം ഇപ്പോഴും തുടരുന്നു. ഷാഹുവും , ഭാസ്കരപ്പിള്ളയും അറസ്റ്റിലായെങ്കിലും ഡ്രൈവർ പൊന്നപ്പനെ പിടികൂടാൻ പൊലീസിനായില്ല. കൃത്യം നടത്തിയ ശേഷം കുറുപ്പിനെ ആലുവയിലെ ഒരു ലോഡ്ജിൽ വിട്ടത് പൊന്നപ്പനാണ്. പിന്നീട് 1984 ഫെബ്രുവരി 13ന് മുഹമ്മ ബോട്ട് ജെട്ടിയിൽവെച്ച് പൊന്നപ്പൻ പൊലീസ് പിടിയിലായി.
ചാക്കോ വധക്കേസ് നടന്നിട്ട് 37 വർഷം പിന്നിട്ടിട്ടും പ്രതി സുകുമാരക്കുറുപ്പിനെ കുറിച്ച് കേരള പൊലീസിന് യാതൊരു അറിവുമില്ല. തട്ടിപ്പുകളാൽ സമ്പന്നമായ, സംഭവ ബഹുലമാണ് അദ്ദേഹത്തിന്റെ ജീവിതം. ചെങ്ങന്നൂർ താണുവേലിൽ ശിവരാമക്കുറുപ്പിന്റെ മകനായ അദ്ദേഹത്തിന്റെ യഥാർഥ പേര് ഗോപാലകൃഷ്ണക്കുറുപ്പ് എന്നാണ്.പ്രീ ഡിഗ്രിക്ക് കഴിഞ്ഞ് എയർഫോഴ്സിൽ ചേർന്നശേഷം അവധിയെടുത്തു മുങ്ങിയ കുറുപ്പ്, സ്പെഷൽ ബ്രാഞ്ചിലെ ഉദ്യോഗസ്ഥനെ സ്വാധീനിച്ച് താൻ മരിച്ചതായി സേനയിലേക്കു റിപ്പോർട്ട് അയപ്പിച്ചു. ശേഷം 'സുകുമാരക്കുറുപ്പ്' എന്ന പുതിയ പേര് സ്വീകരിച്ചു.
അബുദാബിയിലേക്ക് പോകാനായി സുകുമാരപിള്ള എന്ന പേര് സ്വീകരിച്ചു. എയർഫോഴ്സിൽ ജോലി ചെയ്യുന്ന കാലത്ത് മുംബൈയിൽ വെച്ച് പരിചയപ്പെട്ട സരസമ്മ എന്ന നഴ്സിനെ വീട്ടുകാരുടെ എതിർപ്പു മറികടന്ന് പ്രണയിച്ച് വിവാഹം കഴിച്ചു. അബുദാബിയിൽ മറൈൻ ഓപ്പറേറ്റിങ് കമ്പനിയിൽ ജോലി ചെയ്യുമ്പോൾ ഭാര്യ സരസമ്മയെയും അവിടേക്കു കൊണ്ടുപോയി.
ചാക്കോ വധത്തിന് ശേഷം കേരളത്തിലും , പുറത്തും രാജ്യത്തിനപ്പുറത്തേക്കു വരെ കേരള പൊലീസിന്റെ അന്വേഷണം നീണ്ടു. കുറുപ്പിനെ പല സ്ഥലങ്ങളിൽ കണ്ടതായുള്ള സന്ദേശങ്ങൾ പൊലീസിന് പല കാലങ്ങളിൽ ലഭിച്ചിരുന്നെങ്കിലും പലതും തെറ്റായിരുന്നു. ഇതിനിടെ കുറുപ്പ് ഉത്തരേന്ത്യയിലെവിടയോ ഒളിച്ചു കഴിയവെ ഹൃദ്രോഗം വന്ന് മരണപ്പെട്ടു എന്നും പ്രചരിച്ചിരുന്നു. ഈ അന്വേഷണത്തിനും തുമ്പൊന്നും കിട്ടിയില്ല.
കുറുപ്പിനോട് സാദൃശ്യമുള്ള പലരേയും പൊലീസ് പിടികൂടി ചോദ്യം ചെയ്തിട്ടുണ്ട്. ഭൂട്ടാൻ, ആൻഡമാൻ, ഭോപ്പാൽ... അങ്ങനെ കുറുപ്പിനെ തേടി കേരള പൊലീസ് എത്തിയ സ്ഥലങ്ങൾ നിരവധി. പൊലീസ് എത്തുമ്പോഴേക്കും കുറുപ്പ് അവിടെനിന്ന് രക്ഷപ്പെടും. അദ്ദേഹത്തിന് ആറാം ഇന്ദ്രീയം ഉണ്ട് എന്നാണ് 'ഒരു പൊലീസ് സർജന്റെ ഓർമക്കുറിപ്പുകൾ' എന്ന പുസ്തകത്തിൽ ഉമാദത്തൻ പറയുന്നത്. 37 വർഷം മുമ്പ് നടന്ന സുകുമാരക്കുറുപ്പ് കേസ് എന്ന പേരിൽ അറിയപ്പെടുന്ന ചാക്കോ വധക്കേസ് ഇന്നും മലയാളികളുടെ മനസ്സിൽ ഒരു അപസർപ്പക കഥയായി അവശേഷിക്കുന്നു.
പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് ഒരിക്കൽ പോലീസ് പിടിയിലായെങ്കിലും പിഴവുകൊണ്ട് രക്ഷപ്പെട്ടു. ആളെ തിരിച്ചറിയാതെ പോലീസ് വിട്ടയയ്ക്കുകയായിരുന്നു. താടിവടിച്ച, മുഖത്തെ മറുക് മാറ്റി വേഷപ്രച്ഛന്നനായിട്ടാണ് കുറുപ്പിനെ ആലപ്പുഴ പോലീസ് പിടികൂടിയത്. നാലുമണിക്കൂറിനുശേഷം വിട്ടയച്ചു. അതൊരു പിഴവായി കാണാനാകില്ല. അന്നത്തെ സംവിധാനങ്ങൾവെച്ച് വിരലടയാളം പരിശോധിക്കുന്നതിന് പരിമിതികളുണ്ടായിരുന്നു. നാലുദിവസത്തിനു ശേഷമേ ഫലം കിട്ടുകയുള്ളൂ .കൊല്ലപ്പെട്ടത് ചാക്കോയാണെന്ന് വ്യക്തമായതിന് തൊട്ടുപിന്നാലെയാണ് കുറുപ്പ് പോലീസിന്റെ കൈയ്യിൽപ്പെട്ടത്. ആലപ്പുഴയിൽ കുറുപ്പ് നിർമിച്ചുകൊണ്ടിരുന്ന വീടിന് സമീപത്തു നിന്നാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. സന്യാസിയെപ്പോലെ വേഷം ധരിച്ചൊരാൾ സുകുമാരക്കുറുപ്പിന്റെ പണിതീരാത്ത വീട് നോക്കി നിൽക്കുന്നതു കണ്ടാണ് പോലീസ് ഇയാളെ സ്റ്റേഷനിൽ എത്തിച്ചത്. ചോദ്യം ചെയ്തെങ്കിലും സംശയം ഉണ്ടാകാത്തതിനാൽ വിരലടയാളം ശേഖരിച്ചശേഷം വിട്ടയച്ചു. സുകുമാരക്കുറുപ്പിന്റെ വിരലടയാളം എൽ.ഐ.സി. പോളിസിയിൽ നിന്ന് പോലീസിന് ലഭിച്ചിരുന്നു. ഇതുമായി ഒത്തുനോക്കിയപ്പോഴാണ് സുകുമാരക്കുറുപ്പാണെന്ന് മനസ്സിലായത്. അപ്പോഴേക്കും ഇയാൾ മുങ്ങിയിരുന്നു. ഭോപാലിലും , അയോധ്യയിലും പിന്നീട് പോലീസ് തിരച്ചിൽ നടത്തി. പക്ഷേ, കിട്ടിയില്ല. ഗുരുതരമായ രോഗമുള്ളതിനാൽ ഏറെക്കാലം ജീവിച്ചിരിക്കില്ല. രണ്ടായിരത്തിന് മുന്നേ മരിച്ചിട്ടുണ്ടാകും എന്നാണ് നിഗമനം .
പ്രിയപ്പെട്ടവന്റെ ജീവനെടുത്ത കൊലപാതകക്കേസ് അവസാനിച്ചുകാണാൻ മരിച്ച ചാക്കോയുടെ ഭാര്യ ശാന്തമ്മയും കാത്തിരിപ്പു തുടരുകയാണ്. ചാക്കോയുടെ മരണശേഷം ജനിച്ച മകൻ ജിതിന്റെ കൂടെ ആലപ്പുഴയിലെ വീട്ടിലാണ് ശാന്തമ്മയിപ്പോൾ. ആ കാർ കത്തിയെരിഞ്ഞ ആ പാടം ഇപ്പോൾ അറിയുന്നത് ചാക്കോപ്പാടം എന്ന പേരിലാണ്. കേസിൽ ശിക്ഷ കഴിഞ്ഞിറങ്ങിയ ഭാസ്കരപിള്ള ഇപ്പോൾ പുലിയൂരിലെ വീട്ടിലുണ്ട്. ഇൻഷുറൻസ് തട്ടിപ്പ് നടത്തി വണ്ടാനത്തെ ബംഗ്ലാവ് നിർമാണം പൂർത്തിയാക്കുകയായിരുന്നു സുകുമാരക്കുറുപ്പിന്റെ ലക്ഷ്യം. ജീവിച്ചിരിപ്പുണ്ടെങ്കിൽ സുകുമാരക്കുറുപ്പിന് ഇപ്പോൾ 74 വയസ്സുണ്ടാകും.
സുകുമാരക്കുറുപ്പ് മരിച്ചോ ജീവിച്ചിരിക്കുന്നോ എന്നൊന്നും പൊലീസിന് പോലും അറിയില്ല. പക്ഷേ, ചെറിയനാട്ടെ കുറുപ്പിന്റെ വീട് ഇപ്പോഴും പൊലീസിന്റെ നിരീക്ഷണത്തിലാണ്. തിരുവല്ലയിൽ കുറുപ്പിന്റെ മകന്റെ വിവാഹം നടന്നപ്പോഴും പന്തലിൽ പൊലീസ് പടയുടെ വൻ സാന്നിധ്യമുണ്ടായിരുന്നു. കുറുപ്പ് ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്നാണ് നാട്ടുകാരുടെ സംസാരം. പക്ഷേ, കേരള പൊലീസ് ആവതുശ്രമിച്ചിട്ടും കുറുപ്പിന്റെ പൊടിപോലും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. സുകുമാരക്കുറുപ്പിനെ തേടി പൊലീസ് നടക്കാൻ തുടങ്ങിയിട്ട് മൂന്നര പതിറ്റാണ്ട് കഴിഞ്ഞു.
സുകുമാരക്കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കി ഇറങ്ങിയ സിനിമയാണ് 'കുറുപ്പ്'. ദുൽഖർ സൽമാനാണ് സുകുമാരക്കുറുപ്പ് ആകുന്നത്. സുകുമാര കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കി പുറത്തിറങ്ങുന്ന മൂന്നാമത്തെ ചിത്രമാണിത്. 1984 ല്‍ പുറത്തിറങ്ങിയ എന്‍എച്ച് 47 എന്ന സിനിമയുടെ പ്രമേയവും സുകുമാര കുറുപ്പിന്റെ കഥയായിരുന്നു. ബേബി സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ ടി ജി രവിയായിരുന്നു കുറുപ്പിന്റെ വേഷം ചെയ്തത്. എന്നാൽ ഇതിൽ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുന്നതായാണ് കാണിക്കുന്നത്. അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത് 2016ൽ പുറത്തിറങ്ങിയ ദിലീപ്- കാവ്യാ മാധവൻ ചിത്രമായ 'പിന്നെയും' ഈ സംഭവത്തോട് സാദൃശ്യമുള്ള കഥയാണ് പറഞ്ഞത്.