നിയമപ്രകാരം ഇന്ത്യയുടെ ദേശീയ പക്ഷിയായ മയിലിന് ദേശീയപതാകയ്ക്കും , ദേശീയ ഗാനത്തിനും ഉള്ളത് പോലെ പ്രത്യേക സംരക്ഷണം നൽകുന്നുണ്ടോ?മയിലിനെ കൊല്ലുന്നവര്‍ക്കുള്ള ശിക്ഷ എന്താണ്? ഇന്ത്യയ്ക്ക് പുറത്ത് വച്ച് ഒരു പൗരൻ ചെയ്യുന്ന കുറ്റകൃതങ്ങൾക്ക് ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹനാണോ?
മയില്‍ ഇന്ത്യയുടെ ദേശീയ പക്ഷിയാണ് ഒപ്പം ഒഡീഷയുടെ സംസ്ഥാന പക്ഷി കൂടിയാണ് .
ദക്ഷിണേഷ്യയിലെ മറ്റു രാജ്യങ്ങളിലും വ്യാപകമായി മയിലുകള്‍ കാണപ്പെടുന്നു. അപൂര്‍വമായി ആളുകള്‍ അരുമകളായി വളര്‍ത്തുമെങ്കിലും മയില്‍, കേരളത്തിലോ , ഇന്ത്യയിലോ ആരുടെയും ഭക്ഷണത്തിന്‍റെ ഭാഗമല്ല. സൗന്ദര്യത്തിന്‍റെയും , സൗകുമാര്യത്തിന്‍റെയും ചിഹ്നമായ ഇന്ത്യന്‍ മയില്‍ (Pavo Cristatus) 1963ലാണ് ഇന്ത്യയുടെ ദേശീയപക്ഷിയായത് . മയില്‍ ഇന്ത്യന്‍ സംസ്‌കാരത്തിന്‍റെയും , ആചാരങ്ങളുടെയും ഭാഗമായതിനാലാണ് അത്തരമൊരു നടപടി സ്വീകരിച്ചത്.രാജ്യത്തെ എല്ലാ പ്രദേശങ്ങളിലും മയിലുകള്‍ ഉണ്ടെന്നതും ജനങ്ങള്‍ക്ക് തിരിച്ചറിയാന്‍ കഴിയുന്നുണ്ടെന്നതുമാണ് മറ്റൊരു കാരണം. കൂടാതെ മറ്റൊരു ലോകരാജ്യവും ദേശീയപക്ഷിയാക്കാത്തതും മയിലിന് ഗുണമായി. ഇന്ത്യ, നേപ്പാള്‍, ബംഗ്ലാദേശ്, മ്യാന്‍മര്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ കണ്ടുവരുന്ന മയില്‍ ഇപ്പോള്‍ ലോകത്തിന്‍റെ എല്ലാ ഭാഗത്തുമുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്.
ദേശീയപക്ഷിയെന്ന നിലയില്‍ മയിലിന് പ്രത്യേക സംരക്ഷണം നല്‍കുന്ന നിയമങ്ങളൊന്നും ഇന്ത്യയില്‍ നിലവില്‍ ഇല്ല. 1972ലെ വന്യജീവി (സംരക്ഷണ) നിയമ പ്രകാരമാണ് രാജ്യത്ത് മയില്‍ സംരക്ഷിക്കപ്പെടുന്നത്. സംസ്ഥാനങ്ങളിലും , കേന്ദ്രഭരണപ്രദേശങ്ങളിലും മാത്രമേ നിയമത്തിന് പ്രാബല്യമുള്ളൂ.വന്യജീവി സംരക്ഷണ നിയമത്തിന്‍റെ ഒന്നാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന മയിലിനെ കൊല്ലുന്നവര്‍ക്ക് നിയമത്തിലെ 51(1-എ) വകുപ്പ് പ്രകാരം ഏഴു വര്‍ഷം വരെ തടവോ , 25000 രൂപ വരെ പിഴയോ വിധിക്കാന്‍ കോടതികള്‍ക്കു കഴിയും.മുട്ട നശിപ്പിച്ചാലും കേസെടുക്കാം . അതേസമയം, മയില്‍പ്പീലി കൊണ്ടു പോവുന്നതിന് ചില ഇളവുകളുണ്ട്. ഇന്ത്യയിൽ മയിൽ പീലി പറിച്ചെടുക്കുന്നതും ,
സൂക്ഷിക്കുന്നതും ശിക്ഷ ലഭിക്കുന്ന കുറ്റമാണ്. കൊഴിഞ്ഞ് വീണ തൂവലിലെ പീലികൾ എടുക്കാനും , കയ്യിൽ വെക്കാനും മാത്രമാണ് നിയമം അനുവദിക്കുന്നത്. വർഷം തോറും പീലികൊഴിക്കും എന്നതിനാലാണ് വീണു കിടക്കുന്ന പീലിശേഖരിക്കുന്നതും കൈയ്യിൽ കരുതുന്നതും കൈമാറ്റം ചെയ്യുന്നതും കുറ്റകരമല്ലാത്തത് .
മയിലിനെ ദേശീയ പക്ഷിയായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും 1971ലെ പ്രിവന്‍ഷന്‍ ഓഫ് ഇന്‍സള്‍ട്ട്‌സ് ടു നാഷണല്‍ ഹോണര്‍ ആക്ട് പ്രകാരം പ്രത്യേക സംരക്ഷണമില്ല. ദേശീയപതാക തെറ്റായ രീതിയില്‍ കെട്ടല്‍, ദേശീയഗാന പാരായണം തടയല്‍ തുടങ്ങിയവയാണ് ഈ നിയമം കുറ്റകരമാക്കുന്നത്. ഇന്ത്യന്‍ശിക്ഷാ നിയമം (ഐ.പി.സി) ഇന്ത്യയുടെ അതിര്‍ത്തികള്‍ക്കുള്ളില്‍ മാത്രമേ ബാധകമാവൂയെന്നാണ് നിയമം പറയുന്നത്. അതേസമയം, ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്ത കപ്പലുകളിലും , വിമാനങ്ങളിലും നടത്തുന്ന കുറ്റകൃത്യങ്ങള്‍ക്കും രാജ്യത്തെ കംപ്യൂട്ടര്‍ സംവിധാനത്തെ ആക്രമിക്കല്‍ തുടങ്ങിയ പ്രവൃത്തികള്‍ക്കും ഐ.പി.സിയുമായി ബന്ധപ്പെട്ട നിയമങ്ങളും ബാധകമായിരിക്കും.
അതേസമയം തന്നെ, ഇന്ത്യക്ക് പുറത്തിരുന്ന് ഇന്ത്യന്‍ പൗരന്‍ ചെയ്യുന്ന കുറ്റങ്ങള്‍ക്ക് ഇന്ത്യയില്‍ വിചാരണ നടത്താമെന്നും ഐ.പി.സി പറയുന്നുണ്ട്. ഇന്ത്യയില്‍ ശിക്ഷാര്‍ഹമായ കുറ്റം വിദേശത്ത് നടത്തുന്നവരെ വിചാരണ ചെയ്യാമെന്നാണ് വ്യവസ്ഥ. ആഫ്രിക്കന്‍ രാജ്യമായ ഉഗാണ്ടയില്‍ കൊലപാതകം നടത്തിയെന്ന് ആരോപണമുള്ള ഇന്ത്യന്‍ പൗരനെ ഇന്ത്യയില്‍ നിന്ന് പിടികൂടിയാല്‍ വിചാരണ ചെയ്യാമെന്നാണ് നിയമം പറയുന്നത്. പക്ഷെ, മയില്‍കേസില്‍ നിയമത്തിന് ഈയൊരു നടപടി സ്വീകരിക്കാനാവില്ലെന്നാണ് നിയമവിദഗ്‍ധര്‍ പറയുന്നത്. കുറ്റം നടക്കുന്നത് ഇന്ത്യയില്‍ അല്ലാത്തതിനാലും മയിലിനെ കൊല്ലുന്നത് നിയമവിരുദ്ധമല്ലാത്തതുമായ സ്ഥലങ്ങളിലാണ് എന്നതാണ് കാരണം.
ഇന്ത്യയിൽ മയിലുകളുടെ എണ്ണം സ്ഥിരതയാർന്നതാണെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. എന്നാൽ മയിൽപ്പീലിക്കായും , വ്യാജ ഔഷധക്കൂട്ടുകൾക്കായും ഇവയെ വ്യാപകമായി കൊന്നൊടുക്കുന്നുവെന്നു പരാതിയുണ്ട്. മയിലെണ്ണ സന്ധിവേദനയ്ക്കുൾപ്പെടെ ഫലപ്രദമാണെന്നാണു പ്രചാരണം. ഇതിനു വേണ്ടി മയിലിന്റെ കൊഴുപ്പു ശേഖരിക്കുന്നതിനാണ് അവയെ കൊന്നൊടുക്കുന്നത്. വിളകൾ തിന്നുന്നതിൽ നിന്നു മയിലുകളെ തടയാൻ ധാന്യങ്ങളിൽ വിഷംവയ്ക്കുന്ന രീതിയും ഇന്ത്യയിൽ പലയിടത്തുമുണ്ട്.
മരിച്ച മയിലിന്‍റെ ശരീരത്തില്‍ ദേശീയപതാക പുതപ്പിച്ച ഡല്‍ഹി സര്‍ക്കാരിന്‍റെ നടപടി കുറേനാൾ മുൻപ് ഏറെ വിവാദമായിരുന്നു. ഡല്‍ഹി ഹൈക്കോടതിക്കു സമീപം കണ്ടെത്തിയ മൃതദേഹത്തില്‍ പതാക പുതപ്പിച്ചത് ദേശീയപതാകയെ അപമാനിച്ച നടപടിയെന്നായിരുന്നു നിയമ വിദഗ്ധരുടെ അഭിപ്രായം.കൊല്ലപ്പെടുന്ന സൈനികരുടെയും , ദേശീയവ്യക്തിത്വങ്ങളുടെയും സംസ്‌കാര ചടങ്ങുകള്‍ക്കു മാത്രമേ ദേശീയപതാക ഉപയോഗിക്കാവൂ എന്നാണ് നിയമം പറയുന്നത്.വന്യജീവി സംരക്ഷണ നിയമത്തിലെ ഷെഡ്യൂള്‍ ഒന്നില്‍ വരുന്ന ജീവികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയാല്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി സംസ്‌കരിക്കേണ്ടത് അധികൃതരുടെ ബാധ്യതയാണ് .ഇത് പാലിക്കാതെ പോലീസ് ദേശീയപതാകയെ അപമാനിച്ചെന്നും വന്യജീവി സംരക്ഷണം നിയമം ലംഘിച്ചുവെന്നുമായിരുന്നു പ്രധാന ആരോപണം.
ദേശീയ പക്ഷിയാണെങ്കിലും മയിലിന്റെ എണ്ണം ഇന്ത്യയിൽ പരിധി വിട്ടുയരുന്നത് ആശങ്ക ജനമാണെന്നാണ് പക്ഷി നിരീക്ഷകർ കാണുന്നത്. ഒരു കാലത്ത് മിക്ക നാട്ടിൻപുറങ്ങളിലും അപൂർവ പക്ഷിയായിരുന്ന മയിൽ ഇന്നു കാടിറങ്ങി നാട്ടിലേക്ക് കൂടുതലായി എത്തുന്നുണ്ട്. കേരളം ഉൾപ്പടെയുള്ള പല സംസ്ഥാനങ്ങളിലും മയിലുകളുടെ എണ്ണം വളരെയധികം വർധിച്ചിട്ടുണ്ട്. കാലാവസ്ഥാ മാറ്റത്തിന്റെ സൂചനയാണ് ഇത്തരത്തിൽ മയിലിനെ കാണുന്ന സ്ഥലങ്ങളുടെ വ്യാപനം.മയിലിന്റെ പ്രകൃത്യാ ഉള്ള ശത്രുക്കൾ കുറഞ്ഞത്, സംരക്ഷണപ്രവർത്തനങ്ങൾ തുടങ്ങിയവ എണ്ണം കൂടാൻ കാരണമായെന്ന് വിദഗ്ധർ വിലയിരുത്തുന്നു. മഴ കുറവുള്ള പ്രദേശങ്ങളിലാണു മയിലുകൾ കൂടുതലായി കണ്ടുവരുന്നത് .മയിലുകൾ പലയിടത്തും കൃഷി നശിപ്പിക്കുന്നതായി കർഷകരുടെ പരാതി വ്യാപകമാണ്. പലേടത്തും മയിലുകൾ കർഷകർക്കു കാര്യമായ തലവേദനയുയർത്തുന്നുണ്ട്. പച്ചക്കറിക്കൃഷി ഉള്ളിടത്ത് കൂട്ടങ്ങളായാണിവയെത്തുന്നത്. ഓടിട്ട വീടുകൾക്കു മുകളിൽ പറന്നിറങ്ങി, ഓടുകൾ തകരുന്നതായും പരാതിയുണ്ട്. കാട്ടുപന്നികളും , കുരങ്ങും കഴിഞ്ഞാൽ കൂടുതൽ ശല്യമുണ്ടാക്കുന്നത് മയിലുകളാണ്.
ജീവികളിലെ നൃത്തക്കാരിൽ പേരെടുത്ത പക്ഷിയാണ് മയിൽ. ആകാശത്ത് കാർമേഘങ്ങൾ ഉരുണ്ടു കൂടുമ്പോൾ അതിൽ സന്തോഷിച്ച് മയിലുകൾ നൃത്തമാടും. ആൺ മയിലുകളുടെ നീളമുള്ള പീലികൾ അവയെ പെൺ മയിലുകളെക്കാൾ ആകർഷണീയരാക്കുന്നു. 20 വർഷം വരെയാണ് സാധാരണ മയിലുകളുടെ ജീവിത കാലയളവ്. എങ്കിലും സംരക്ഷിത സാഹചര്യങ്ങളിൽ വളരുന്നവ 40 വർഷം വരെ ജീവിച്ചിരിക്കാറുണ്ട്.നമ്മൾ മനുഷ്യരെപ്പോലെ തന്നെ മിശ്രഭുക്കുകളാണ് മയിലുകളും. പഴങ്ങളും , വിത്തുകളും ചെറുപ്രാണികളുമെല്ലാമാണിവയുടെ ഇഷ്ടഭക്ഷണം. താറാവുൾപ്പെടെയുള്ള പക്ഷികളെപ്പോലെ വെള്ളത്തിലൂടെ നീന്തിക്കളിക്കാൻ മയിലുകൾക്കാവില്ല. പൂർണമായും കരയിൽ ജീവിക്കുന്നതിനുതകുന്ന ശരീര പ്രകൃതിയാണ് അവരുടേത്.ഏകദേശം രണ്ട് മീറ്ററോളം നീളമുള്ള ഇവയ്ക്ക് അനായാസം പറക്കാനും സാധിക്കും. എങ്കിലും അധിക ദൂരം പറക്കാൻ ഇവ ഇഷ്ടപ്പെടുന്നില്ല. ഓരോ സാഹചര്യങ്ങൾക്കനുസരിച്ച് വ്യത്യസ്ത ശബ്ദം പുറപ്പെടുവിക്കുന്നത് മയിലുകളുടെ പ്രത്യേകതയാണ്. ഇണചേരുന്ന സമയത്തും , മഴക്കാറുണ്ടെങ്കിലുമെല്ലാം ഇത്തരത്തിൽ ഇവ ശബ്ദം പുറപ്പെടുവിക്കും. പുതിയ കുഞ്ഞുങ്ങളെ വിരിയിക്കാനായി 29 ദിവസം വരെയാണ് പെൺമയിൽ അടയിരിക്കുന്നത്.
സാധാരണ മയിലുകൾ നല്ല കളർഫുള്ളാണെങ്കിലും അത്ര കളർഫുള്ളല്ലാത്ത വെള്ള മയിലുകളും ഇക്കൂട്ടത്തിലുണ്ട്.
മയിലിനെ ഇംഗ്ലീഷിൽ പൊതുവായി പീഫൽ (Peafowl) എന്നു പറയുന്നു. പീകോക് (Peacock) ആൺ മയിലും, പീഹെൻ (Peahen) പെൺ മയിലും. മയിലിന്റെ സൗന്ദര്യം 'അങ്കി വാൽ' എന്ന് വിളിക്കുന്ന വിശറി പോലെയുള്ള വാലിലെ തൂവലുകളിലാണ്. പറക്കുമ്പോൾ വിടർത്തുന്ന ചിറകിന്റെയും, വാലിന്റെയും നീളം കണക്കിലെടുത്താൽ പറക്കാൻ കഴിവുള്ള ഏറ്റവും വലിയ പക്ഷി മയിൽ തന്നെ.
ഭൂമിയിലാണ് കൂട് കൂട്ടാറുള്ളതെങ്കിലും വീട്ടിൽ കിടക്കാനൊന്നും മയിലിനെ കിട്ടില്ല. മയിലിന് ഉറക്കം വരണമെങ്കിൽ മരത്തിന് മുകളിൽ തന്നെ വേണം. മദ്ധ്യ കാലഘട്ടത്തിൽ ഒരു വിശിഷ്ടഭോജ്യമായി കരുതിയിരുന്ന മയിലിന്റെ ഇറച്ചി പല പ്രഭുക്കന്മാരും തീന്മേശയിൽ വിളമ്പിയിരുന്നു. കാണാൻ ഭംഗിയൊക്കെയുളള പക്ഷിയാണെങ്കിലും ഇറച്ചിയുടെ രുചി വളരെ മോശം എന്നാണ് റിപ്പോർട്ടുകളിൽ കാണാൻ കഴിയുന്നത്.
ഇന്ത്യയിൽ മയിലിനുള്ള സ്ഥാനവും വിലയും ഒന്നും വേറെ ഒരു രാജ്യത്തും ഇല്ല. പലയിടങ്ങളിലും വലിയ ശല്യക്കാരായാണ് ഇവരെ കണക്കാക്കുന്നത്. മയിൽ ശല്യം കാര്യമായി ബാധിച്ച ന്യൂസിലൻഡ് പതിനായിരക്കണക്കിന് മയിലുകളെയാണ് കൊന്നൊടുക്കിയിട്ടുള്ളത്. കൃഷിക്ക് വലിയ നാശം വരുത്തുന്നതിനാൽ 'മയിൽ പ്ലേഗ്' എന്നാണ് മയിൽ ശല്യം അറിയപ്പെടുന്നത്. വിനോദത്തിനുവേണ്ടിയും ,ടൂറിസ വികസനത്തിനായി മയിലുകളെ വേട്ടയാടാനുള്ള അനുമതി സാധാരണക്കാർക്ക് കൂടി ന്യൂസിലാൻഡ് നൽകിയിട്ടുണ്ട്.
💢വാൽ കഷ്ണം 💢
കടുവയെ ഇന്ത്യയുടെ ദേശീയ മൃഗമായി പ്രഖ്യാപിച്ചത് 1973ലാണെന്നാണ് സര്‍ക്കാര്‍ രേഖകള്‍ പറയുന്നത്. രാജ്യത്തെ കടുവകളെ സംരക്ഷിക്കാന്‍ പ്രൊജക്ട് ടൈഗര്‍ പദ്ധതി ആരംഭിച്ചപ്പോഴാണ് സര്‍ക്കാര്‍ പുതിയ പ്രഖ്യാപനം നടത്തിയത്. അതുവരെ സിംഹമായിരുന്നു രാജ്യത്തിന്‍റെ ദേശീയമൃഗം.
ഇന്ത്യയുടെ ദേശീയപുഷ്പമായ താമരക്ക് ഇന്ത്യന്‍ പരമ്പരാഗത വിശ്വാസത്തില്‍ വലിയ പങ്കുണ്ട്. ലക്ഷ്മി ദേവിയുടെ പുഷ്പമായ താമര സമ്പത്ത്, സമൃദ്ധി എന്നിവയുടെ ചിഹ്നമായി അറിയപ്പെടുന്നു. ഇന്ത്യയില്‍ ഉല്‍ഭവിച്ച മാവിന്‍റെ പഴമായ മാങ്ങയാണ് ഇന്ത്യയുടെ ദേശീയഫലം. പുരാതനകാലം മുതല്‍ ഇന്ത്യയില്‍ മാവ് കൃഷി ചെയ്യുന്നുണ്ട്. ഇന്ത്യയുടെ ദേശീയ ജലജീവിയായ ഗംഗാ ഡോള്‍ഫിന്‍ വംശനാശ ഭീഷണിയിലാണെന്നാണ് ഇന്‍റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ (ഐ.യു.സി.എന്‍) പറയുന്നത്. ഇന്ത്യയുടെ ദേശീയവൃക്ഷമായ ആല്‍മരം കല്‍പ്പവൃക്ഷം എന്നും അറിയപ്പെടുന്നു.1947 ജൂലൈ 22 ന് ഭരണഘടനാ അസംബ്ലിയാണ് ത്രിവർണ പതാക ദേശിയ പതാകയായി കൈക്കൊണ്ടത്. പിംഗാലി വെങ്കയ്യയാണ് ദേശീയ പതാക രൂപകൽപ്പന ചെയ്തത്.ഹോക്കിയാണ് ഇന്ത്യയുടെ ദേശിയ ഗെയിം. ഹോക്കിയെ ദേശീയ വിനോദമായി പ്രഖ്യാപിക്കുന്ന സമയത്ത് ആ മത്സരം ഇന്ത്യയിൽ വളരെ ജനപ്രിയമായിരുന്നു.
സാരനാഥിലെ സിംഹ സ്തൂപമാണ് ഇന്ത്യയുടെ ദേശീയ മുദ്ര. ഒരു മണിച്ചട്ടത്തിനു ചുറ്റും പുറത്തോടു പുറം നിൽക്കുന്ന നാല് ഏഷ്യാറ്റിക് സിംഹങ്ങളാണ് ഇതിന്റെ ഉള്ളടക്കം. മണിച്ചട്ടത്തിന്മേൽ ഒരു ആന, ഒരു കുതിര,ഒരു കാള, ഒരു സിംഹം എന്നിവയുമുണ്ട്. ഇവയെ ചക്രങ്ങൾകൊണ്ട് വേർതിരിച്ചിരിക്കുന്നു.