നിങ്ങൾ ബാത്ത് സോപ്പ് വാങ്ങുന്നത് എന്തിനെ അടിസ്ഥാനത്തിലാണ് - സോപ്പിന്റെ വലിപ്പം, നിറം, മണം, വില, ബ്രാൻഡ് നാമം അല്ലെങ്കിൽ മറ്റെന്തെങ്കിലും? എന്തുകൊണ്ട്?
സോപ്പിന്റെ പാക്കിങ്, അല്ലെങ്കിൽ പലതവണ കാതുകളിൽ മുഴങ്ങിയ പരസ്യവാചകങ്ങൾ , വലിപ്പം, നിറം, മണം, വില, ബ്രാൻഡ് നാമം മുതലായ കാര്യങ്ങൾ ഒക്കെയും ബാത്ത് സോപ്പ് വാങ്ങുമ്പോൾ എല്ലാവരും അടിസ്ഥാനം ആക്കാറുണ്ടെങ്കിലും സോപ്പ് വാങ്ങുമ്പോൾ ആദ്യം നോക്കേണ്ടത് സോപ്പിൽ ഉള്ള TFM % ആണ്.സോപ്പുകളുടെ ഗുണനിലവാരം അളക്കുന്ന പ്രധാന ഘടകമാണ് ടോട്ടൽ ഫാറ്റി മാറ്റർ അഥവാ ടി.എഫ്.എം ( TFM ). എല്ലാ സോപ്പുകളിലും ടി.എഫ്.എം അളവ് എത്രയെന്ന് കൃത്യമായി രേഖപ്പെടുത്തിയിരിക്കണം എന്നാണ് നിയമം. എല്ലാ സോപ്പിന്റെയും കവറിന്റെ പിറകിൽ ആയി TFM ശതമാനകണക്കിൽ കൊടുത്തിട്ടുണ്ടാവും.
സോപ്പുകളിൽ കൊഴുപ്പിന്റെ അളവ് എത്രത്തോളമുണ്ട് എന്നതാണ് ഇതുകൊണ്ട് അർഥമാക്കുന്നത്.TFM കൂടുതൽ ഉള്ള സോപ്പ് ആണ് നല്ലത്.സ്വാഭാവികമായി ഉണ്ടാകുന്ന കൊഴുപ്പ് അല്ലെങ്കിൽ ഫാറ്റി ആസിഡുകൾ ക്ലീനിങ് പ്രക്രിയയെ സഹായിക്കും. ചർമത്തിലും , മുടിയിലും , വസ്ത്രങ്ങളിലുമെല്ലാമുള്ള എണ്ണയും , അഴുക്കും എളുപ്പത്തിൽ നീക്കം ചെയ്യാൻ സഹായിക്കും. ടി.എഫ്.എം ആണ് സോപ്പിന്റെ ഗുണനിലവാരം വ്യക്തമാക്കുക. സോപ്പിൽ ഉയർന്ന അളവിൽ ടി.എഫ്.എം ഉണ്ട് എങ്കിൽ ചർമത്തിന് വളരെ നല്ലതാണെന്നാണ് അർഥമാക്കുന്നത്. ടി.എഫ്.എം കുറഞ്ഞാൽ അത് ചർമത്തെ ദോഷകരമായി ബാധിക്കും. സെൻസിറ്റിവായ ചർമങ്ങളിൽ ഒരുപക്ഷേ അണുബാധയും , തൊലി പൊളിഞ്ഞുവരുന്ന അവസ്ഥയുമെല്ലാം ഉണ്ടായേക്കാം.
ഏതു സോപ്പ് ഉൽപന്നത്തിലും ടി.എഫ്.എം എത്രയെന്ന് കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. പക്ഷേ, ഡിസൈൻ ചെയ്യുമ്പോൾ ഒറ്റനോട്ടത്തിൽ കണ്ടുപിടിക്കാനാവാത്ത വലുപ്പത്തിലാവുമെന്നു മാത്രം. ടി.എഫ്.എം 76 അല്ലെങ്കിൽ അതിൽ കൂടുതലോ ശതമാനമുള്ള സോപ്പുകളാണ് ഏറ്റവും മികച്ചവ. അതിൽ താഴെ ടി.എഫ്.എം നിരക്കുള്ള സോപ്പുകൾക്ക് നിലവാരം കുറയും. ചർമത്തിനെ ടി.എഫ്.എം എത്ര സ്വാധീനിക്കുന്നുണ്ട് എന്ന് മനസ്സിലാക്കാൻ അലക്കുസോപ്പുകളും , ടോയ്ലറ്റ് സോപ്പുകളും തമ്മിൽ താരതമ്യം ചെയ്താൽ മാത്രം മതി. അലക്കുസോപ്പുകളിൽ ടാർ, പെട്രോളിയം ഉൽപന്നങ്ങളായിരിക്കും കൂടുതൽ. അതിൽ കുറഞ്ഞ ടി.എഫ്.എം മാത്രമാണുണ്ടാവുക. എന്നാൽ, ടോയ്ലറ്റ് സോപ്പുകളിലെ പ്രധാന ഘടകം ഫാറ്റി ആസിഡുകൾ അല്ലെങ്കിൽ സസ്യ എണ്ണകളാണ്. അവയിൽ കൂടുതൽ ടി.എഫ്.എം നിരക്കും ഉണ്ടാകും.
ഉദാഹരണമായി നമ്മുടെ സാധാരണ കടയിൽ കിട്ടുന്ന ബാത്ത് സോപ്പുകളിൽ ഏറ്റവും കൂടുതൽ TFM ഉള്ള രണ്ട് സോപ്പുകൾ മൈസൂർ സാന്ഡലും , ഡോവ് ഉം ആണ്. ഏതാണ്ട് 80% ആണ് TFM അളവ്.
സോപ്പുകളിലെ ടി.എഫ്.എം നിരക്ക് അടിസ്ഥാനമാക്കിത്തന്നെയാണ് BIS (ദി ബ്യൂറോ ഓഫ് ഇന്ത്യൻസ്റ്റാൻഡേഡ്സ്) അവയെ വിവിധ ഗ്രേഡുകളായി തരംതിരിച്ചിരിക്കുന്നത്.
ഇതുപ്രകാരം മൂന്നു ഗ്രേഡുകളിലായാണ് ടോയ്ലറ്റ് സോപ്പുകൾ ഉള്ളത് ( ഗ്രേഡ് 1, ഗ്രേഡ് 2, ഗ്രേഡ് 3 )
⚡കുറഞ്ഞത് 76 ശതമാനം ടി.എഫ്.എം അടങ്ങിയിരിക്കുന്ന സോപ്പുകളാണ് ഗ്രേഡ് 1. മികച്ച ഗുണനിലവാരം പുലർത്തുന്ന സോപ്പുകളാണ് ഗ്രേഡ് 1 വിഭാഗത്തിൽപെടുന്നത്. നിർഭാഗ്യവശാൽ ഇന്ന് വിപണിയിലുള്ള പ്രധാനപ്പെട്ട, കൂടുതൽ ഉപഭോക്താക്കളുള്ള മിക്ക സോപ്പുകളും ഈ ഗണത്തിൽപെടുന്നില്ല.
⚡കുറഞ്ഞത് 70 ശതമാനം ടി.എഫ്.എം ഉള്ള സോപ്പുകൾ ഗ്രേഡ് 2 വിഭാഗത്തിലും
⚡ കുറഞ്ഞത് 60 ശതമാനം ടി.എഫ്.എം ഉള്ള സോപ്പുകൾ ഗ്രേഡ് 3ലും ഉൾപ്പെടും.
എന്തുകൊണ്ട് എല്ലാ കമ്പനികളും ഗ്രേഡ് 1 സോപ്പുകൾ ഉൽപാദിപ്പിക്കുന്നില്ല എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ, അതിന് ചെലവേറും.