Type Here to Get Search Results !

ഇന്ത്യയിലേക്ക് മയക്കുമരുന്നെത്തുന്ന ഗോള്‍ഡന്‍ ട്രയാംഗിളും , ഗോള്‍ഡന്‍ ക്രസന്‍റും എവിടെയാണ്?


ലോകമെമ്പാടുമുള്ള രാജ്യങ്ങൾ നേരിടുന്ന ഏറ്റവും ഗുരുതരമായ വെല്ലുവിളികളിലൊന്നാണ് മയക്കുമരുന്ന് കടത്ത്. മയക്കുമരുന്ന് കടത്തും , വിതരണവും ദേശീയ സുരക്ഷയെത്തന്നെ ബാധിക്കുന്ന ഒന്നാണ്. ഇത് രാജ്യത്തിന്റെ ഏറ്റവും വലിയ സമ്പത്തായ യുവതലമുറയെയാണ്  കാര്യമായി ബാധിക്കുന്നത്. മയക്കുമരുന്നിന് അടിമപ്പെടുന്നവരെയും ഇവർ വിതരണശൃംഖലയിലേക്ക് കൊണ്ടുവരികയും ചെയ്യും. മിക്ക രാജ്യങ്ങളും നിയമാനുസൃതമല്ലാത്ത ഇത്തരം മയക്കുമരുന്നുകളുടെ ഉപയോഗവും , വിതരണവും തടയുന്നതിനായുള്ള നിരന്തരമായ യുദ്ധത്തിലാണ്. വിവിധ രാജ്യങ്ങളിൽ പിഴയും നിരവധി വർഷങ്ങൾ തടവും മുതൽ വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണ് ലഹരി കടത്ത്. നിയമവിരുദ്ധമായ മരുന്നുകളുടെ ഉത്പാദനം, വിതരണം, വിൽപ്പന എന്നിവയാണ് 'ലഹരി കടത്ത്' എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.


കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ഗോൾഡൻ ട്രയാംഗിളിലും , ഗോൾഡൻ ക്രസന്റിലും ഉത്പാദിപ്പിക്കപ്പെടുന്ന ഹെറോയിൻ, ഹാഷിഷ് എന്നിവയുടെ ലക്ഷ്യസ്ഥാനമാണ് ഇന്ത്യ. കൂടാതെ, ആഭ്യന്തരമായി നിർമിക്കുന്നവയും , ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും ഉൽപാദിപ്പിക്കപ്പെടുന്നതുമായ രാസവസ്തുക്കൾ ഇന്ത്യൻ പ്രദേശങ്ങളിലൂടെ കടത്തപ്പെടുകയും ചെയ്യുന്നു. ഇത്തരം മയക്കുമരുന്ന് സംഘങ്ങൾ ദേശീയ സുരക്ഷയ്ക്കും , സമ്പദ് വ്യവസ്ഥയ്ക്കും കാര്യമായ ഭീഷണി ഉയർത്തുന്നതാണ്.


ഗോൾഡൻ ട്രയാംഗിൾ അഥവാ സുവർണ്ണ ത്രികോണം എന്നത് തായ്ലൻഡ്, ലാവോസ്, മ്യാൻമാർ എന്നീ മൂന്ന് രാജ്യങ്ങളിൽ പടർന്നു കിടക്കുന്ന ത്രികോണാകൃതിയിലുള്ള പ്രദേശമാണ്. അമേരിക്കൻ ചാരസംഘടനയായ സിഐഎ ആണ് ഈ പ്രദേശത്തിന് 'ഗോൾഡൻ ട്രയാംഗിൾ' എന്ന പേര് നൽകിയത്. ഏകദേശം 3,50,000 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഈ പ്രദേശത്തിലായിരുന്നു ലോകത്ത് ഏറ്റവും കൂടുതൽ കറുപ്പ് ഉത്പ്പാദിപ്പിച്ചിരുന്നത്.1950കൾക്ക് ശേഷം ലോകത്തിലെ ഏറ്റവും വലിയ കറുപ്പ് ഉൽപാദിപ്പിക്കുന്ന മേഖലകളിൽ ഒന്നായിരുന്നു ഇത്. 21-ആം നൂറ്റാണ്ടിന്റെ ആരംഭം വരെ ലോകത്തിൽ ഉത്പാദിപ്പിക്കപ്പെട്ടിരുന്ന വലിയൊരു ശതമാനം ഹെറോയിനും , ഗോൾഡൻ ട്രയാംഗിൾ നിന്നാണ് വന്നുകൊണ്ടിരുന്നത്. പിന്നീട് അഫ്ഗാനിസ്താൻ കറുപ്പ് ഉത്പാദനത്തിൽ മുൻപന്തിയിലെത്തുകയും ചെയ്തു.


മധ്യ, തെക്ക്, പടിഞ്ഞാറൻ ഏഷ്യ എന്നിവിടങ്ങളിലെ സംഗമസ്ഥാനത്ത് സ്ഥിതിചെയ്യുന്ന, അനധികൃത കറുപ്പ് ഉത്പാദനത്തിന്റെ രണ്ട് പ്രധാന മേഖലകളിൽ മറ്റൊന്നാണ് ഗോൾഡൻ ക്രസന്റ്. അഫ്ഗാനിസ്ഥാൻ, ഇറാൻ, പാകിസ്ഥാൻ എന്നീ മൂന്ന് രാജ്യങ്ങളിലെ പ്രദേശങ്ങൾ ഉൾപ്പെട്ടതാണ് ഗോൾഡൻ ക്രസന്റ്. ചന്ദ്രക്കലയുടെ ആകൃതിയിൽ ഉള്ള പർവത പ്രദേശങ്ങൾക്കുള്ളിൽ സ്ഥിതി ചെയ്യുന്നതിനാലാണ് ഈ പ്രദേശത്തിന് ഇങ്ങനെ ഒരു വിളിപ്പേര് കിട്ടാൻ കാരണം.


 1991ൽ അഫ്ഗാനിസ്ഥാൻ ലോകത്തിലെ പ്രാഥമിക കറുപ്പ് ഉത്പാദകരാകുകയും 1,782 മെട്രിക് ടൺ വിളവെടുക്കുകയും ചെയ്തതായാണ് കണക്ക്. മുമ്പ് കറുപ്പ് ഉൽപാദനത്തിൽ ലോകത്ത് മുൻപന്തിയിലായിരുന്ന മ്യാൻമാറിനെ മറികടന്നുകൊണ്ടായിരുന്നു ഇത്. ഇതിന് പുറമേ, ലോകത്തിലെ ഏറ്റവും വലിയ ഹാഷിഷ് ഉത്പാദക രാജ്യവും അഫ്ഗാനിസ്താനാണ്. 90 ശതമാനം നോൺ-ഫാർമസ്യൂട്ടിക്കൽ ഗ്രേഡ് കറുപ്പും ഉത്പാദിപ്പിക്കുന്നത് അഫ്ഗാനിസ്ഥാനിലാണ്. അഫ്ഗാനിസ്താൻ കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ കറുപ്പ് ഉത്പാദിപ്പിക്കുന്ന രാജ്യമാണ് ഗോൾഡൻ ട്രയാംഗിളിൽ ഉൾപ്പെടുന്ന മ്യാൻമർ. 2006-ൽ ഗോൾഡൻ ട്രയാംഗിൾ മേഖലയാണ് ഏറ്റവുമധികം കറുപ്പ് ഉത്പാദിപ്പിച്ചിരുന്നത്. എന്നാൽ ഈയിടെയായി മനുഷ്യനിർമ്മിത മയക്കുമരുന്നുകളുടെ നിർമാണം ഈ മേഖലകളിൽ കൂടി വരുന്നതായാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. 2006ന് ശേഷം ഇന്ത്യയിൽ സിന്തറ്റിക്ക് ഡ്രഗ്ഗുകളുടെ ഉപഭോഗം വലിയ തോതിൽ കൂടിയിട്ടുള്ളതായി കാണാം.


ഗോൾഡൻ ട്രയാംഗിളിനും , ഗോൾഡൻ ക്രസന്റിനും നടുവിൽ സ്ഥിതിചെയ്യുന്നത് ഇന്ത്യയാണ്. ഇതാണ് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയും. സ്വാഭാവികമായും ഈ മേഖലകളിൽ പ്രവർത്തിക്കുന്ന ലഹരി കടത്തുകാരുടെ പ്രധാന ലക്ഷ്യവും ഇന്ത്യതന്നെയാണ്. അവരുടെ ഏറ്റവും വലിയ വിപണിയും ഇന്ത്യയാണ്. ഇത്തരം മയക്കുമരുന്ന് കടത്താനുള്ള ഹബ്ബായും ഇവർ ഇന്ത്യയെ ഉപയോഗിക്കുന്നുണ്ട്. പ്രധാനമായും നാല് അതിർത്തികളിലൂടെയാണ് ഗോൾഡൻ ട്രയാംഗിളിൽ നിന്നും ഗോൾഡൻ ക്രസന്റിൽ നിന്നും മറ്റും മയക്കുമരുന്ന് ഇന്ത്യയിൽ എത്തുന്നതെന്നാണ് വിലയിരുത്തൽ.


⚡ഇന്ത്യ-പാക്കിസ്ഥാൻ അതിർത്തി: ലോകത്തിലെ ഏറ്റവും വലിയ കറുപ്പും , കഞ്ചാവും ഉത്പാദിപ്പിക്കുന്ന ഗോൾഡൻ ക്രസന്റിന് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന ഇന്ത്യ-പാകിസ്താൻ അതിർത്തി ഹെറോയിൻ, ഹാഷിഷ് എന്നിവയുടെ അനധികൃത കടത്തലിന് പ്രധാനമായും ഉപയോ​ഗിക്കുന്നത്.


⚡ഇന്ത്യ-നേപ്പാൾ അതിർത്തി: നേപ്പാളിൽ നിന്ന് പരമ്പരാഗതമായി ഇന്ത്യയിലേക്ക് കടത്തപ്പെടുന്ന രണ്ട് മയക്കുമരുന്നുകളാണ് ഹാഷിഷും കഞ്ചാവും.


⚡ഇന്ത്യ-മ്യാൻമാർ അതിർത്തി: ഇന്ത്യ-മ്യാൻമർ അതിർത്തി സുവർണ്ണ ത്രികോണത്തിന് സമീപമാണ്, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ പ്രാദേശിക ജനങ്ങൾക്കിടയിൽ മയക്കുമരുന്നിനുള്ള ആവശ്യം വർദ്ധിക്കുന്നുന്നതായി പഠനങ്ങൾ സൂചിപ്പിക്കുന്നുണ്ട്. രാഷ്ട്രീയ അസ്ഥിരതയും , അരക്ഷിതാവസ്ഥയും മേഖലയിലെ നിരവധി കലാപങ്ങളും ഇന്ത്യ-മ്യാൻമർ അതിർത്തിയിലൂടെ രാജ്യത്തേക്ക് ഹെറോയിനും , സൈക്കോട്രോപിക് വസ്തുക്കളും കടത്തുന്നതിന് പറ്റിയ അന്തരീക്ഷം ഒരുക്കുന്നതാണ്. അതിശക്തമായ സുരക്ഷയുള്ള അതിർത്തികളിൽ ഒന്നാണിത്.


⚡ഇന്ത്യ-ബംഗ്ലാദേശ് അതിർത്തി:സുവർണ്ണ ത്രികോണത്തിന് സമീപം സ്ഥിതി ചെയ്യുന്നതും ഭൂപ്രകൃതിയും കാരണം ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ ഹെറോയിൻ, കഞ്ചാവ്, ഹാഷിഷ്, ബ്രൗൺ ഷുഗർ, മുതലായ വിവിധ മയക്കുമരുന്നുകൾ ഇന്ത്യയിലെത്തിക്കാൻ ലഹരി കടത്തുകാർ ഉപയോ​ഗിക്കുന്ന മാർ​ഗങ്ങളിലൊന്നാണ്.


അതിർത്തികൾ കൂടാതെ വിമാനത്താവളങ്ങൾ വഴിയും , തുറമുഖങ്ങൾ വഴിയും ചെറുതും വലുതുമായ അളവുകളിൽ ധാരാളം ലഹരി പദാർത്ഥങ്ങൾ ഇന്ത്യയിൽ എത്തുന്നുണ്ട്. ഈയിടെ ഗുജറാത്തിലെ മുന്ദ്രാ തുറമുഖത്ത് നിന്നും 2100 കോടിയുടെ മയക്കുമരുന്ന് പിടിച്ചെടുത്തത് ഇതിനൊരുദാഹരണമാണ്. ഇത്തരത്തിൽ രാജ്യത്തുടനീളം ലഹരി മാഫിയകൾ പ്രവർത്തിക്കുന്നുണ്ട്.


തീവ്രവാദികൾ ആയുധം കടത്താനുപയോഗിക്കുന്ന അതേ പാതകളാണ് മയക്കുമരുന്ന് കടത്തുകാരും ഉപയോഗിക്കുന്നത്. മുംബൈ ഭീകരാക്രമണത്തിന് പിന്നാലെ നടന്ന അന്വേഷണങ്ങളിലായിരുന്നു ഇതിന് കൃത്യമായ തെളിവുകൾ ലഭിച്ചത്. മയക്കുമരുന്ന് കടത്തുകാർ, ക്രിമിനൽ ശൃംഖലകൾ എന്നിവ തമ്മിലുള്ള ബന്ധം രാജ്യത്തിന് ഭീഷണിയാണ്. തീവ്രവാദികൾ ഇന്ത്യയിൽ മയക്കുമരുന്ന് കടത്ത് സുഗമമാക്കുന്നത് ദേശീയ സുരക്ഷയ്ക്ക് വലിയ വെല്ലുവിളിയാണ്. മയക്കുമരുന്ന് വ്യാപാരത്തിൽ നിന്ന് ലഭിക്കുന്ന പണം തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നു എന്നുള്ളതാണ് ഇതിന് കാരണം. കൂടാതെ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ താറുമാറാക്കാനും മയക്കുമരുന്ന് കടത്തും ഉപയോ​ഗവും ഇടയാക്കുമെന്നുള്ളതും ​​ഗൗരവമുള്ള കാര്യമാണ്.


ലഹരി കടത്ത് തടയാനും ഉപയോഗം കുറയ്ക്കാൻ ലക്ഷ്യമിട്ടാണ് 1985-ൽ  എൻ.ഡി.പി.എസ് ആക്ട് കൊണ്ടുവരുന്നത്. മയക്കുമരുന്നുകളുടെ കൈവശം വെക്കൽ, ഉപയോഗം, വിൽപ്പന തുടങ്ങിയവയാണ് ആക്ടിൽ പ്രധാനമായി പറയുന്ന കാര്യങ്ങൾ. മയക്കുമരുന്ന് നിർമ്മിക്കുക, ഉപയോഗിക്കുക, മറ്റുള്ളവർക്ക് വിപണനം ചെയ്യുക, പണം കൊടുത്ത് വലിയ അളവിൽ വാങ്ങുക തുടങ്ങിയവ തടയുക എന്നതാണ് ആക്ട് പ്രാബല്യത്തിൽ കൊണ്ടുവന്നതിലൂടെ പ്രധാനമായി ഉദ്ദേശിക്കുന്നത്.

എൻഡിപിഎസ് ആക്ട് പ്രകാരമുള്ള കേസുകളിൽ കുറ്റകൃത്യങ്ങളുടെ ഗൗരവം അനുസരിച്ചാണ് ശിക്ഷാ നടപടികൾ തീരുമാനിക്കുന്നത്. വധശിക്ഷയാണ് ഇത്തരം കേസുകളിൽ പരമാവധി നൽകുന്ന ശിക്ഷ. മയക്കുമരുന്ന് വലിയ അളവിൽ വിപണനത്തിന് ഉപയോഗിക്കുന്നവർക്കാണ് വധശിക്ഷ പോലും കിട്ടാവുന്ന കുറ്റമായി കണക്കാകുക.


2015ൽ  കൊണ്ടുവന്ന ഭേദഗതി അനുസരിച്ച് ഇത്തരം നിരോധിത മയക്കുമരുന്നുകളുടെ പട്ടികയിൽ ഏതൊക്കെ ഉൾപ്പെടും എന്ന് എപ്പോൾ വേണമെങ്കിൽ ഭേദഗതി ചെയ്യാം. മെഫെഡ്രോൺ ഉപയോഗം രാജ്യത്ത് യുവാക്കൾക്കിടയിൽ വർധിച്ചതോടെ അതിനെ ഈയിടെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. ഈ ആക്ട് പ്രകാരമാണ് നാർക്കോട്ടിക് കണ്ട്രോൾ ബ്യൂറോ നിലവിൽ വന്നത്. ഡ്രഗ് നിയമങ്ങൾ നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ നിയമിച്ച നോഡൽ ഏജൻസിയായാണ് എൻസിബി പ്രവർത്തിക്കുന്നത്.


 ലഹരി കടത്ത് തടയാനും , കണ്ടെത്താന്നും വൻ സുരക്ഷാ ഉപകരണങ്ങളാണ് ഇന്ത്യ എല്ലാ  അതിർത്തികളിലും ഉപയോഗിച്ചു വരുന്നത്. വലിയൊരളവിൽ ഇത് മയക്കുമരുന്ന് കടത്ത് ദുർബലമാക്കിയെങ്കിലും ആവശ്യക്കാരുള്ളിടത്തോളം രാജ്യത്ത് സുഗമമായി മയക്കുമരുന്ന് എത്തിക്കാനുള്ള സംവിധാനങ്ങൾ കടത്തുകാർ കണ്ടെത്തും എന്നുള്ളതാണ് ഏറ്റവും വലിയ വെല്ലുവിളി.