Type Here to Get Search Results !

വശ്യതയേറിയ തന്റെ കണ്ണുകള്‍ കൊണ്ട് ഒരു കാലത്തെ ആരാധകരുടെ ഉറക്കം കെടുത്തിയ മാദക നടി സില്‍ക്ക് സ്മിത

Silk smitha

ആരെയും വശീകരിക്കുന്ന ആകർഷകമായ കണ്ണുകളും ചിരിയും ഒപ്പം മാദക സൗന്ദര്യവുമായ എൺപതുകളിൽ തെന്നിന്ത്യൻ സിനിമാ ലോകം അടക്കി വാണ സിൽക്ക് സ്മിത എന്ന നടിയെ ഇങ്ങനെ വിശേഷിപ്പിക്കാം. ആ കാലത്തെ  സണ്ണി ലിയോൺ ആയിരുന്ന സിൽക്ക് സ്മിതയെ ഒരു നോക്കു കാണാനായി മാത്രം ഷൂട്ടിംഗ് സെറ്റുകളിൽ മണിക്കൂറുകളോളം കാത്തു നിന്ന ആരാധകർ അവർ കടിച്ച ആപ്പിൾ വരെ ലേലം കൊണ്ടിട്ടുണ്ട്. അനശ്വര നടൻ ജയനെപ്പോലെ വളരെ ഉയരങ്ങളിൽ നിൽക്കുമ്പോൾ പെട്ടന്ന് കാലത്തിന്റെ കൈകളിലമര്‍ന്നതു പോലെയായി സ്മിതയുടെ അന്ത്യവും. ആ കാലത്തിറങ്ങിയ ചിത്രങ്ങളിൽ സ്മിതയുടെ ഗാനരംഗം ഉൾപ്പെടുത്താത്ത ചിത്രങ്ങൾ അപൂർവം തന്നെയായിരുന്നു എന്ന് വേണമെങ്കില്‍ പറയാം. 17 വർഷക്കാലം നീണ്ടുനിന്ന തന്റെ അഭിനയജീവിതത്തിൽ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി ഏകദേശം 450 ലധികം ചിത്രങ്ങളിൽ അവർ അഭിനയിച്ചു. എന്നാൽ സിനിമയെ വെല്ലുന്നതായിരുന്നു അവരുടെ യഥാർഥ ജീവിതം. 1960 ഡിസംബർ 2 ന് ആന്ധ്രയിലെ ഏളൂർ എന്ന ഗ്രാമത്തിലാണ് സ്മിത ജനിക്കുന്നത്. വിജയലക്ഷ്മി എന്നായിരുന്നു മാതാപിതാക്കൾ നൽകിയ പേര്. വീട്ടിലെ സാമ്പത്തിക പരാധീനതകളെ തുടർന്ന് നാലാം ക്ലാസില്‍ പഠനം ഉപേക്ഷിക്കേണ്ടി വന്നു. പതിനാലാം വയസിൽ വിവാഹിതയായെങ്കിലും ഭർത്താവിന്‍റെയും വീട്ടുകാരുടെയും പീഡനത്തെ തുടർന്ന് ആ ബന്ധം അധികം നീണ്ടില്ല. തുടർന്ന് ടച്ച് അപ് ആര്‍ടിസ്റ്റായി സിനിമാ മേഖലയിലെത്തി. വൈകാതെ ചെറിയ റോളുകളിലൂടെ അഭിനയ രംഗത്തേക്കും കടന്നു. എ വി എം സ്റ്റുഡിയോയ്ക്ക് സമീപത്ത് വച്ച് സ്മിതയെ കണ്ട സംവിധായകനും നടനുമായ വിനു ചക്രവർത്തിയാണ് സിനിമയിൽ സ്മിതയുടെ ഗുരു. അദ്ദേഹമാണ് വിജയലക്ഷ്മി എന്ന ആന്ധ്രാക്കാരിയെ സിനിമയുടെ ലോകത്തിലേക്ക് കൈ പിടിച്ചു നടത്തിയത്. വിജയലക്ഷ്മിക്ക് സ്മിത എന്ന പേര് നല്‍കിയതും അദ്ദേഹം തന്നെയാണ്. വിനു ചക്രവർത്തിയുടെ ഭാര്യ കര്‍ണ സ്മിതയെ ഇംഗ്ലീഷ് പഠിപ്പിച്ചു. ഡാൻസും അഭിനയവും പഠിക്കാൻ സൗകര്യം ഒരുക്കി. വിദ്യാഭ്യാസം കുറവായിരിന്നിട്ടു പോലും ഒഴുക്കോടെ ഇംഗ്ലീഷ് സംസാരിക്കാനുള്ള സ്മിതയുടെ കഴിവ് സഹപ്രവർത്തകരെ പോലും അമ്പരപ്പിച്ചിരുന്നു. നാട്ടിൻപുറത്തുനിന്ന വന്ന വിദ്യാഭ്യാസം കുറവായ ഒരു പെണ്‍കുട്ടിയെ ഒരു സിനിമാ താരത്തിന്‍റെ എല്ലാ പ്രൗഡിയിലേക്കും എത്താൻ പ്രാപ്തരാക്കിയത് വിനു ചക്രവര്‍ത്തിയും അദ്ദേഹത്തിന്‍റെ ഭാര്യയും തന്നെയാണെന്ന് നിസംശയം പറയാം.

1980 ല്‍ തമിഴിൽ പുറത്തിറങ്ങിയ വണ്ടിച്ചക്രം എന്ന ചിത്രമാണ് സ്മിതയ്ക്ക് കരിയറിൽ ബ്രേക്കായത്. ആ ചിത്രത്തിലെ കഥാപാത്രത്തിന്‍റെ പേര് സില്‍ക്ക് എന്നായിരുന്നു. വളരെ മോശം സ്വഭാവങ്ങളുള്ള സിൽക്ക് എന്ന കഥാപാത്രം പിന്നീട് സ്മിതയുടെ പേരിന്‍റെ ഭാഗമായി. സ്മിത 'സിൽക്ക് സ്മിത' ആയി.


വണ്ടിച്ചക്രം വൻഹിറ്റായതോടെ സ്മിതയെ തേടി നിരവധി അവസരങ്ങളെത്തി. പക്ഷെ എല്ലാം സമാനരീതിയിലുള്ള കഥാപാത്രങ്ങളായിരുന്നു എന്നുമാത്രം. 1982ൽ പുറത്തിറങ്ങിയ രജനീകാന്ത് ചിത്രം 'മൂണ്‍ട്രു മുഖം'ആണ് സിൽക്ക് സ്മിതയുടെ കരിയറിൽ വഴിത്തിരിവായത്. ആ ചിത്രത്തോടെ സൗത്ത് ഇന്ത്യൻ സിനിമയിലെ മാദക സൗന്ദര്യം ആയി സ്മിമ വാഴ്ത്തപ്പെട്ടു. ബോൾഡ് വസ്ത്രധാരണത്തിലൂടെയും മാദക നൃത്തരംഗങ്ങളിലൂടെയും ആ പേര് സ്മിത അര്‍ഥവത്താക്കുകയും ചെയ്തു. ഗ്ലാമർ വേഷങ്ങളിൽ തളയ്ക്കപ്പെട്ടെങ്കിലും മറിച്ചുള്ള ചിത്രങ്ങളിൽ സ്മിതയുടെ അഭിനയപാടവവും പല ചിത്രങ്ങളിലും ശ്രദ്ധിക്കപ്പെട്ടിരുന്നു. താരം ചെയ്ത സീരിയസ് കഥാപാത്രങ്ങൾ നിരൂപക പ്രശംസ വരെ നേടുകയും ചെയ്തിരുന്നു. 1980 കളിൽ ഏറ്റവും തിരക്കുള്ള താരങ്ങളിലൊരാളായി സ്മിത. നിർമ്മാതാക്കൾ അവരുടെ ഡേറ്റ് വാങ്ങിയശേഷം സിനിമയുടെ ഷൂട്ടിംഗ് തുടങ്ങേണ്ട തരത്തിൽ പ്രശസ്തി വളർന്നു. അത്രയ്ക്കായിരുന്ന സ്മിതയുടെ ആരാധകമൂല്യം. എണ്‍പതുകളിലൂടെയാണ് സ്മിതയുടെ സിനിമാകാലം സജീവമാകുന്നത്. വണ്ടിചക്രവും മൂന്നാംപിറയും സിലുക്ക് സിലുക്ക് എന്ന ചിത്രവും തുടങ്ങി അവര്‍ തമിഴിലും തെലുങ്കിലും സജീവമായി. ഹിന്ദിയിലടക്കം വിവിധ ഭാഷകളില്‍ അഭിനയിച്ച് നിറഞ്ഞുനിന്നു. പ്രത്യേകിച്ച് മുന്നാംപിറയിലെ കഥാപാത്രം ഏറെ ശ്രദ്ധേയമായി. പിന്നീട് എത്രയോ സിനിമകളിലൂടെ അവര്‍ പ്രേക്ഷകരുടെ ആരാധനാ കഥാപാത്രമായി. ആന്റണി ഈസ്റ്റ്മാന്റെ 'ഇണയെത്തേടി' എന്ന മലയാള ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. ഈ ചിത്രത്തിൽ സ്മിത എന്ന പേര് സ്വീകരിച്ചു. എന്നാൽ, ചിത്രം റിലീസ് ചെയ്യാൻ വൈകി. വണ്ടിച്ചക്രമെന്ന തമിഴ് ചിത്രത്തിൽ സിൽക്ക് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതോടെ സ്മിത, സിൽക്ക് സ്മിതയായി.


പിന്നീട് തെലുങ്ക്, മലയാളം, ഹിന്ദി, കന്നഡ ചിത്രങ്ങളിൽ തിരക്കുള്ള നടിയായി. കച്ചവടസിനിമയുടെ ചേരുവകകളിൽ സ്മിതയുടെ നൃത്തം ഒഴിവാക്കാനാകാത്ത ഘടകമായി. മലയാളത്തിലും സ്മിതയുടെ നൃത്തം ഹിറ്റായി. മോഹൻലാൽ നായകനായ 'സ്ഫടിക' ത്തിലെ 'ഏഴുമല പൂഞ്ചോല' എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടു.  തുമ്പോളി കടപ്പുറം, അഥര്‍വം, സ്ഫടികം, നാടോടി, തുടങ്ങിയ ജനപ്രിയചിത്രങ്ങളില്‍ അവര്‍ ചെറിയതും ശ്രദ്ധേയവുമായി വേഷങ്ങള്‍ ചെയ്തു. ലയനം പോലുള്ള ലൈംഗികാതിപ്രസരമുള്ള ചിത്രങ്ങളിലും അവര്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചു. തെന്നിന്ത്യന്‍ സിനിമാലോകത്തെ കീഴടക്കിയ സില്‍ക്ക് ഇന്നൊരു ദുരന്തസമാനമായ ഓര്‍മ്മയാണ്. ദിവസവും മൂന്ന് ഷിഫ്റ്റിലായി ജോലി ചെയ്തിരുന്ന സ്മിത ഒരു പാട്ടുസീന്‍ ചെയ്തിരുന്നതിന് വാങ്ങിയിരുന്നത് 50,000 രൂപയായിരുന്നു. തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാറുകളായിരുന്നു ശിവാജി ഗണേശന്‍, രജനികാന്ത്, കമല്‍ഹാസന്‍, ചിരഞ്ജീവി തുടങ്ങിയവര്‍ അവുടെ ചിത്രങ്ങളില്‍ സ്മിതയുടെ ഒരു പാട്ടെങ്കിലും ഉള്‍പ്പെടുത്തണമെന്ന് നിര്‍ബന്ധം പിടിച്ചിരുന്നു. 3 സിനിമകളാണ് സ്മിത നിര്‍മിച്ചത്. ആദ്യത്തെ 2 ചിത്രങ്ങള്‍ സമ്മാനിച്ചത് 2 കോടിയുടെ നഷ്ടം. മൂന്നാമത്തെ സിനിമ പുറത്തിറങ്ങിയില്ല. ഇതെല്ലാം സ്മിതയെ തളര്‍ത്തിയിരുന്നു. ചെന്നൈയിലെ അപാര്‍ട്‌മെന്റില്‍ സ്മിതയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സ്മിതയുടെ മരണം യുവഹൃദയങ്ങളെ ഏറെ വേദനിപ്പിക്കുന്നതായിരുന്നു.

തിരക്കുള്ള നടിയായിരുന്നുവെങ്കിലും വ്യക്തി ബന്ധങ്ങൾ വളരെ കുറവായിരുന്നു സ്മിതയക്ക്. പൊതുവെ അന്തർമുഖയായ അവർ പെട്ടെന്ന് ദേഷ്യം വരുന്ന പ്രകൃതക്കാരിയായിരുന്നു. എന്തും വെട്ടിത്തുറന്ന് പറയുന്ന സ്വഭാവം പലപ്പോഴും അവരെ ഒരു അഹങ്കാരിയാക്കി ചിത്രീകരിച്ചു.


തന്‍റെ കരിയറിലെ തീരുമാനങ്ങളിൽ സ്മിത ഒരിക്കലും ദുഃഖിച്ചിരുന്നില്ല. താനെടുത്ത തീരുമാനങ്ങളുടെ ഉത്തരവാദിത്തം തന്‍റേത് മാത്രമെന്ന് ഉറച്ചുവിശ്വസിച്ചിരുന്ന താരത്തിന് പ്രത്യേകിച്ച് പരാതികളും ഉണ്ടായിരുന്നില്ല. മൃദുലമായ സംസാരിക്കുന്ന കുട്ടികളുടെ പോലെ സ്വഭാവം ഉള്ള ആളെന്നാണ് സഹപ്രവർത്തകർ സ്മിതയെ വിശേഷിപ്പിക്കുന്നത്. 1996 സെപ്റ്റംബർ 23-നാണ് ചെന്നൈ സാലിഗ്രാമത്തിലെ വാടകവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സിനിമാ ലോകത്തെയും ആരാധകരെയും ഒരു പോലെ ഞെട്ടിച്ച ഒരു മരണമായിരുന്നു അത്. പോസ്റ്റുമോര്‍ട്ടത്തിൽ തൂങ്ങിമരണം എന്ന് പറയുന്നുണ്ടെങ്കിലും സ്മിതയുടെ പെട്ടെന്നുള്ള മരണത്തിൽ പല ദുരൂഹതകളും ഉയർന്നിരുന്നു. സിനിമാ നിർമ്മാണത്തെ തുടർന്നുണ്ടായ നഷ്ടം,വിഷാദ രോഗം തുടങ്ങി പല കാരണങ്ങൾ പലരും നിരത്തിയെങ്കിലും യഥാർഥത്തിൽ എന്താണ് സംഭവിച്ചതെന്ന ചോദ്യം ഇപ്പോഴും ബാക്കി നിൽക്കുന്നുണ്ട്. വശ്യതയേറിയ തന്റെ കണ്ണുകള്‍ കൊണ്ട് ഒരു കാലത്തെ ആരാധകരുടെ ഉറക്കം കെടുത്തിയ മാദക നടി സില്‍ക്ക് സ്മിത ജീവിച്ചിരുന്നെങ്കിൽ 61 വയസ് തികയുമായിരുന്നു. കാലം തീര്‍ത്ത വെള്ളിത്തിരയില്‍ നിന്നും അരങ്ങൊഴിഞ്ഞിട്ട്  25 വര്‍ഷം തികയുകയാണ്.


ആരൊക്കെയോ ജീവിതം മുതലെടുത്തിട്ടും ആരുടെയും പേരുകള്‍ പറയാതെ ആരോടും പരിഭവമില്ലാതെ അവള്‍ തിരിഞ്ഞു നടന്നു മരണത്തിന്റെ വെള്ളിവെളിച്ചത്തിലേക്ക്