Type Here to Get Search Results !

മോഫിയ പർവീണിന്റെ മരണം ആത്മഹത്യയല്ല,എല്ലാ അർത്ഥത്തിലും സ്റ്റേറ്റ് നടത്തിയ കൊലപാതകമാണത്; കുറിപ്പ്


Rule of Law...!!


മോഫിയ പർവീണിന്റെ മരണം ആത്മഹത്യയല്ല... എല്ലാ അർത്ഥത്തിലും സ്റ്റേറ്റ് നടത്തിയ കൊലപാതകമാണത്...?


നമ്മുടെ സ്റ്റേറ്റ്... അതിന്റെ നടത്തിപ്പ് സംവിധാനങ്ങൾക്ക് തോന്നിയപ്പോഴെല്ലാം നരഹത്യകൾ നടത്തിയിട്ടുണ്ടെന്ന് ചരിത്രം പരിശോധിച്ചാൽ മനസ്സിലാകും .

അതിൽ കോളിളക്കമുണ്ടാക്കിയതായിരുന്നു 'രാജൻ കേസെ'ന്നറിയപ്പെടുന്ന കൊലപാതകം . അടിയന്തിരാവസ്ഥക്കാലത്ത് കക്കയം പോലീസ് ക്യാമ്പിൽവെച്ചാണ് കോഴിക്കോട് റീജിയണൽ എഞ്ചിനീയർ കോളേജ് വിദ്യാർത്ഥിയായിരുന്ന രാജൻ വാര്യർ കൊല്ലപ്പെടുന്നത് .

K കരുണാകരനായിരുന്നു നാട് ഭരിച്ചിരുന്നത് .

മകന്റെ കൊലപാതകത്തിനുശേഷം  രാജന്റെ അച്ഛൻ ഈച്ചരവാര്യർ സ്റ്റേറ്റിനെതിരെ നടത്തിയ നിയമപോരാട്ടം ഐതിഹാസികമായിരുന്നു .

ആയുഷ്കാലം മുഴുവൻ പൊരുതിയെങ്കിലും മകൻ എങ്ങനെ മരിച്ചുവെന്നും മകന്റെ ശരീരം എന്തുചെയ്തുവെന്നും കണ്ടുപിടിക്കാൻ

ഈച്ചരവാര്യർക്കായില്ല .

മകനെ കൊന്നുകളഞ്ഞ സ്റ്റേറ്റ് ആ അച്ഛന്റെ ന്യായമായ ചോദ്യങ്ങൾക്ക് ഉത്തരം നൽകിയില്ല...!

ഈച്ചരവാര്യരുടെ ഓർമ്മകൾക്കുമുന്നിൽ

നാമോരോരുത്തരും കുറ്റബോധത്തോടെ തലകുനിച്ചുനിൽക്കേണ്ടതുണ്ട് . കാരണം

പ്രതികരിക്കാതെയും കലഹിക്കാതേയും

നമ്മളോരോരുത്തരുമാണ് ഈ സ്റ്റേറ്റിന്റെ സ്വഭാവത്തെ പ്രാകൃതമാക്കിക്കൊണ്ടിരിക്കുന്നത് .


മകന്റെ ജീവിതവും മരണവും അതിനുശേഷമുള്ള പോരാട്ടവും ഉള്ളടക്കമാക്കി ഈച്ചര വാര്യർ രചിച്ച പുസ്തകം വിഖ്യാതമാണ് .

കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ച 'അച്ഛന്റെ ഓർമ്മകുറിപ്പുകളെ'ന്ന

ആ പുസ്തകത്തിൽ ഈച്ചര വാര്യർ ചോദിക്കുന്നുണ്ട്... 'എന്റെ നിഷ്കളങ്കനായ കുഞ്ഞിനെ മരിച്ചിട്ടും നിങ്ങളെന്തിനാ

മഴയത്ത് നിർത്തിയിരിക്കുന്നതെ'ന്ന്... ?


സംഘബലവും അധികാരവും പണവുമില്ലാത്ത നിരവധി സാധാരണക്കാരേയും പാവങ്ങളേയും പിന്നേയും സ്റ്റേറ്റ് കൊന്നുതള്ളിയിട്ടുണ്ട് .

അതിലൊന്നായിരുന്നു മുത്തങ്ങ സംഭവം .

പോലീസിന്റെ വെടിയേറ്റ് മരിച്ച ആദിവാസി യുവാവ് ജോഗി അതിലൊരാളായിരുന്നു .

ജോഗി മാത്രമല്ല വെടിവെപ്പിൽ വേറേയും

15/16 പേർ കൊല്ലപ്പെട്ടിട്ടുണ്ടെന്നും അന്വേഷിക്കണമെന്നും അന്ന് ആദിവാസികൾ പറഞ്ഞിരുന്നു .

ജോഗിയുടേതല്ലാതെ വേറെ ശവങ്ങളൊന്നും കിട്ടിയില്ലെന്ന റിപ്പോർട്ട് നൽകി പോലീസ് കേസ് അവസാനിപ്പിച്ചുവെന്ന്  വാർത്തയിൽ വായിച്ചതായി ഓർക്കുന്നു .

ആദിവാസികളുടെ ശബ്ദത്തിന് പ്രസക്തികിട്ടുന്ന നാടായൊന്നും നമ്മൾ വളർന്നിട്ടില്ലല്ലോ...?


പോലീസുകാർ രാക്ഷസീയമായി ആദിവാസികളെ മർദിക്കുന്നത് കണ്ട് ഹൃദയം തകർന്നുപോയ ഐസക് ആന്റണിയെന്ന പോലീസുകാരൻ 'ജനാധിപത്യത്തിലെ പോലീസെ'ന്നൊരു

പുസ്തകമെഴുതിയിട്ടുണ്ട് .

വായിക്കേണ്ടതാണ് .

വായനയ്ക്കിടയിൽ ചിലപ്പോഴൊക്കെ ഹൃദയം മിടിക്കാൻ മറന്നുപോകും .


2003-ഫെബ്രുവരിയിൽ നടന്ന മുത്തങ്ങ സംഭവത്തിൽ ആദിവാസികളോടൊപ്പംനിന്ന് സമരംചെയ്ത ആക്റ്റിവിസ്റ്റായ സുരേന്ദ്രന്

പൊലീസതിക്രമത്തിൽ മാരകമായ പരിക്കേറ്റിരുന്നു .

അദ്ദേഹത്തിന്റെ കർണ്ണപുടം തകർന്നുപോയി .

സംഭവം നടക്കുമ്പോൾ കോൺഗ്രസ്സായിരുന്നു കേരളം ഭരിച്ചിരുന്നത് . ആന്റണിയായിരുന്നു മുഖ്യമന്ത്രി . അന്ന് ഇടതുപക്ഷം വെടിവെപ്പിനെ അപലപിക്കുകയും പ്രക്ഷോഭങ്ങൾ നടത്തുകയുമൊക്കെ ചെയ്തിരുന്നു .

സ്വാഭാവികം...!


സുരേന്ദ്രൻ പോലീസ് നടപടിക്കെതിരെ

മുൻസിഫ് കോടതിയിൽ കേസുനടത്തി . സർക്കാർ സുരേന്ദ്രനെതിരെ നിലപാടെടുത്തിട്ടും

18-വർഷങ്ങൾക്കുശേഷം 2021-ജനുവരിയിൽ സുരേന്ദ്രന് അനുകൂലമായി വിധിയുണ്ടായി . കൊല്ലാക്കൊല ചെയ്ത പോലീസുദ്യോഗസ്ഥർ അഞ്ചുലക്ഷം രൂപ സുരേന്ദ്രന് നഷ്ടപരിഹാരം നൽകണമെന്നായിരുന്നു വിധി .

ഇനിയാണ് രസം .

അന്ന് പോലീസ് നടപടിയെ തള്ളിപ്പറഞ്ഞ പാർട്ടി സെക്രട്ടറി പിണറായി വിജയനാണല്ലോ ഇന്നത്തെ മുഖ്യമന്ത്രി . അദ്ദേഹം ഭരിക്കുന്ന സർക്കാർ മുൻസിഫ് കോടതി വിധിക്കെതിരെ അപ്പീല് പോയിരിക്കുകയാണ് .

എന്താ... ലെ...!


അധികാരമേറ്റ് നാലാമത്തെ മാസം അതായത് 2016- സെപ്റ്റംബർ 8-നാണ് പിണറായിയുടെ സ്റ്റേറ്റ് ആദ്യത്തെ കൊലപാതകം നടത്തുന്നത് .

50-വയസ്സുള്ള അബ്ദുൾ ലത്തീഫായിരുന്നു വണ്ടൂർ പോലീസിന്റെ കസ്റ്റഡിയിൽവെച്ച് മരിച്ചത് .

പിന്നീടങ്ങോട്ട് എത്രയോ പേർ കൊല്ലപ്പെട്ടു .

കാളിമുത്തു തലശ്ശേരി... കുഞ്ഞുമോൻ കുണ്ടറ... ബെന്നി അട്ടപ്പാടി... വിനായകൻ... ബൈജു പട്ടിക്കാട്... വിക്രമൻ മാറനെല്ലൂർ... രാജു നൂറനാട്... ശ്രീജിത്ത്‌ വരാപ്പുഴ... രാജ്‌കുമാർ നെടുങ്കണ്ടം...

അങ്ങനെയങ്ങനെ മുപ്പത് പേരെയെങ്കിലും സാക്ഷാൽ പിണറായിയുടെ കാലത്ത് സ്റ്റേറ്റ് കൊന്നിട്ടുണ്ടെന്നാണ് കണക്കുകൾ...!

നാട് നന്നാവണമെന്നും നാട്ടിൽ സമത്വം പുലരണമെന്നും ആഗ്രഹിച്ച് പ്രവർത്തിച്ച നിരവധി മനുഷ്യരെ വേറേയും നക്സലുകളെന്ന പേരിന്റെ മറവിൽ ഒരു ചർച്ചയ്ക്കുപോലും ഇടനൽകാതെ അധികാരചിഹ്നമായ തോക്കുകൊണ്ട് കാലപുരിക്കയച്ചിട്ടുണ്ട് .


ആളുമാറി പിടിച്ചുകൊണ്ടുപോയി

ബൂട്ടിട്ടകാലുകൊണ്ട് നാല് വാരിയെല്ലുകൾ ചവിട്ടിപൊട്ടിച്ചാണ് ശ്രീജിത്തിനെ  കൊലപ്പെടുത്തിയത്...!

ചവിട്ടേറ്റ് ചെറുകുടൽ അറ്റുപോയ 

രാജ്‌കുമാറിന് ചുണ്ടുനനയ്ക്കാൻ ഒരുതുള്ളി വെള്ളംപോലും നൽകാതെയാണ് കൊന്നുതള്ളിയത്...!

സ്റ്റേറ്റിന്റെ ധീരകൃത്യങ്ങൾ...!

പിണറായി വിജയനെപ്പോലെ ഭരണത്തിന്റേയും സംഘടനാരാഷ്ട്രീയത്തിന്റേയും മുഴുവൻ അധികാരവുമുള്ള ഒരാൾ എന്റെ ഭരണകാലത്ത് ഒരു കസ്റ്റഡി മരണംപോലും ഉണ്ടാകരുതെന്ന് ആത്മാർത്ഥമായൊരു തീരുമാനമെടുത്താൽ ഇവിടെ ഇത്തരം പോലീസ് അക്രമരാജ് ആവർത്തിക്കില്ലെന്ന് ഉറപ്പാണ് .


കഴിഞ്ഞ ദിവസം ജീവൻ വെടിഞ്ഞ മോഫിയ പർവീണിന്റേത് ആത്മഹത്യയല്ല സ്റ്റേറ്റ് നടത്തിയ കൊലപാതകമാണെന്ന്   പറയുന്നതിന് മുൻപ് സ്റ്റേറ്റിന്റെ ക്രൂരമായ കൊലപാതകങ്ങൾ

ഓർമ്മപ്പെടുത്തിയെന്ന് മാത്രം .


കൊല്ലപ്പെടുന്നതിനും 29-ദിവസം മുൻപ്

മോഫിയ സ്റ്റേറ്റിന് പരാതി നൽകിയിരുന്നു .

ശാരീരികമായും മാനസികമായും ലൈംഗീകമായും പീഡിപ്പിക്കപ്പെടുന്നുവെന്നും പ്രതിയിൽനിന്ന് തനിക്ക് സംരക്ഷണം തരണമെന്നുമായിരുന്നു പരാതി .

സ്ത്രീ-സുരക്ഷയും സ്ത്രീ-മുന്നേറ്റവുമൊക്കെ കൊട്ടിഘോഷിക്കുന്ന സർക്കാരിന്റെ പോലീസ് സംവിധാനം 28-ദിവസം അനങ്ങിയില്ല .

'പ്രമുഖ അഭിനേത്രി മഞ്ജുവാര്യരാണ് പരാതി കൊടുത്തിരുന്നതെങ്കിൽ പോലീസ് ഇങ്ങനെയാണോ പെരുമാറുക...'?

എനിക്ക് സംശയമുണ്ട് .

മഞ്ജു നൽകിയ കേസുകൾക്ക്‌ ദ്രുതഗതിയിൽ പരിഹാരമുണ്ടായത് നമ്മൾ കണ്ടതാണല്ലോ .

ഇവിടെ മഞ്ജുവാര്യരെയല്ല സർക്കാരിന്റെ ഇരട്ടത്താപ്പിനെയാണ് വിമർശിക്കുന്നത് .


എന്തായാലും 29-മത്തെ ദിവസം പരാതിക്കാരിയും ഇരയുമായ മോഫിയയെ

സ്റ്റേഷനിലേക്ക് വിളിപ്പിച്ച സ്റ്റേറ്റ്

മൊഴിയെടുക്കേണ്ടതിനുപകരം വേട്ടക്കാരനുമായി കോംപ്രമൈസ് ചർച്ച നടത്താനാണ് നിർബന്ധിക്കുന്നത്...!

പ്രതിക്കെതിരെ നിയമനടപടി സ്വീകരിച്ച്

ഇരയുടെ സുരക്ഷ ഉറപ്പാക്കേണ്ട സ്റ്റേറ്റ്

പ്രതിയുടെ രാഷ്ട്രീയ സ്വാധീനത്തിന് വഴങ്ങി പ്രതിയ്ക്ക് ഇരയെ അവഹേളിക്കാനുള്ള അവസരം ഉണ്ടാക്കികൊടുക്കുകയാണ്...!

പെൺകുട്ടികൾ ആവലാതിയുമായി പോലീസ് സ്റ്റേഷനിലെത്തുന്നത് ഒത്തുതീർപ്പ് ചർച്ചകൾക്കല്ലല്ലോ . അതിനിവിടെ വേറേ ധാരാളം സംവിധാനങ്ങളുള്ള സ്ഥിതിക്ക്

സ്റ്റേറ്റ് സ്വീകരിക്കേണ്ടത് ന്യായമായ നിയമനടപടികളല്ലേ...?


പരാതിയുമായി വരുന്ന പെൺകുട്ടികൾക്ക്  പ്രാഥമികമായി സുരക്ഷയൊരുക്കേണ്ട 

സ്റ്റേറ്റ് അതുചെയ്യാതെ ഉപദേശക്കമ്മറ്റികൂടി പ്രതിയ്ക്ക് സന്മാർഗോപദേശം നൽകി വിടുന്നതിനാൽ ഉടലിന് തീപിടിച്ചും വെടിയേറ്റും കുത്തേറ്റും പെൺകുട്ടികളുടെ ജീവനൊടുങ്ങുന്നത് ഈയിടെയായി നമ്മൾ കണ്ടുകൊണ്ടിരിക്കുകയാണല്ലോ .

നിയമവിധേയമായ കർശനമായ നടപടികളുടെ അഭാവം കാരണം വ്യക്തികളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കേണ്ട ക്രമസമാധാനം നടപ്പിലാകാത്തതിൽ സ്റ്റേറ്റിന് യാതൊരുവിധ കൂസലുമില്ല...!


മൊഴിയെടുത്ത്... അവന്റെ ശല്യമില്ലാതെ ഞങ്ങൾ നോക്കിക്കോളാമെന്ന ആത്മവിശ്വാസം നൽകി മോഫിയയെ യാത്രയാക്കിയിരുന്നെങ്കിൽ

ആ പെൺകുട്ടി ഇപ്പോഴും നമ്മുടെയിടയിൽ ജീവിച്ചിരുന്നേനെ . ചെയ്യേണ്ടതുചെയ്യാതെ

അവഹേളിച്ചും അപമാനിച്ചും ആക്ഷേപിച്ചും നിനക്ക് നീതികിട്ടില്ലെന്ന് പറയാതെ പറഞ്ഞ സ്റ്റേറ്റാണ് മോഫിയ പർവീണെന്ന ഇരുപത്തൊന്നുകാരിയെ കൊന്നത് .


നേരത്തെ പറഞ്ഞത് ഒരിക്കൽക്കൂടി പറയുന്നു... പിണറായി വിജയനെപ്പോലെ ഭരണത്തിന്റേയും സംഘടനാരാഷ്ട്രീയത്തിന്റേയും മുഴുവൻ അധികാരവുമുള്ള ഒരാൾ എന്റെ ഭരണകാലത്ത് നീതിയും ധർമ്മവും പുലരുമെന്നൊരു തീരുമാനമെടുത്താൽ കേരളത്തിലത്‌ നിഷ്പ്രയാസം നടപ്പാകുമെന്നുറപ്പാണ് .

കാലാകാലങ്ങളായി സ്റ്റേറ്റ് പിന്തുടർന്നുവരുന്ന സിസ്റ്റത്തെ മറികടക്കാനുള്ള കെൽപ്പില്ലെങ്കിൽ വാഴ്ത്തപ്പെടുന്ന പിണറായി വിജയൻ ഊതിവീർപ്പിച്ച ബലൂൺ മാത്രമാണെന്ന് പറയേണ്ടിവരും .


വിമർശിക്കപ്പെട്ട 'പരമോന്നത നേതാവി'നേയും പാർട്ടിയേയും വിശുദ്ധരാക്കാൻ ഇല്ലാത്ത പഴുതുകൾ കണ്ടെത്തി ന്യായീകരിക്കാൻ വരുന്നവരോട് നിങ്ങളുടെ വീടും എപ്പോൾവേണമെങ്കിലും സ്റ്റേറ്റിന് കടന്നുകയറാനാവുന്നൊരു കൂടാണെന്നും അവിടെ നിങ്ങളുടെ പ്രിയപ്പെട്ടവരുണ്ടെന്നും ഓർക്കുക .

ഈച്ചരവാര്യർ ചോദിച്ചതുപോലെ 'എന്റെ നിഷ്കളങ്കനായ കുഞ്ഞിനെ മരിച്ചിട്ടും നിങ്ങളെന്തിനാ മഴയത്ത് നിർത്തിയിരിക്കുന്നതെ'ന്ന് ചോദിക്കാൻ നമുക്കാർക്കും ഇടവരാതിരിക്കട്ടെ...!!