Type Here to Get Search Results !

പക്ഷികൾ കുട് ഉണ്ടാക്കുന്നതു കണ്ടാണ് മനുഷ്യൻ വീട് ഉണ്ടാക്കിയത് ; പുര കെട്ടുകല്ല്യാണം


പണ്ട് എന്റെ നാട്ടിലെ എല്ലാ വീടുകളും ഓല കുടിലുകളായിരുന്നു. മതിലും, വേലിയും,ഗേറ്റും, കരണ്ടും ,കാറും, ഫോണും, ഗ്യാസും, മാരക രോഗങ്ങളും അന്ന് ഇല്ലായിരുന്നു. പക്ഷേ അന്നത്തെ മനുഷ്യർക്ക് പരസ്പര സ്നേഹവും, സഹകരണവും ഉണ്ടായിരുന്നു.

പണ്ട് പണ്ട് നാട്ടിൽ  തെങ്ങോല മേഞ്ഞ വീടുകൾ ധാരാളം  ഉണ്ടായിരുന്ന കാലത്ത്, ഇങ്ങിനേയും ഒരു  കല്ല്യാണമുണ്ടായിരുന്നു .അന്നൊക്കെ സദ്യയുള്ള ഏതു ചടങ്ങും കല്ല്യാണം എന്ന പേരിലാണ്  അറിയപ്പെട്ടിരുന്നത്   .

 വർഷത്തിലൊരിക്കൽ  പുര കെട്ടി മേയുന്ന ദിവസമാണ്  പുരകെട്ട് കല്ല്യാണം . മെയ് മാസം പകുതി ആയിട്ടും  കെട്ടിമേയാൻ കഴിയാത്ത  വീട്ടുകാരുടെ മനസ്സിൽ ഭീതി പെരുമ്പറ കൊട്ടും .മഴയെങ്ങാനും പെയ്താൽ കാറ്റെങ്ങാനും വീശിയാൽ  കരിഞ്ഞുണങ്ങിയ ഓലയിളുമ്പിലൂടെ വെള്ളം അകത്തേക്കിറങ്ങുന്ന ദു:സ്വപ്നം കണ്ട്‌ അവർ ഞെട്ടിയുണരും . 

പുരകെട്ടുകല്ല്യാണത്തിന് വലിയ മുന്നൊരുക്കങ്ങൾ വേണം. മേച്ചിലിന്    ആവശ്യമായ ,പച്ചോല  സംഭരിച്ച് കീറി കെട്ടി വെള്ളത്തിലിട്ട് കുതിർത്ത്, മെടഞ്ഞ്, ഉണക്കി കെട്ടുകളായി അട്ടി വച്ചിട്ടുണ്ടായിരിക്കണം.

 ചെറിയ പറമ്പുകൾ ഉള്ളവർ മെടഞ്ഞ ഓല വിലയ്ക്കു വാങ്ങും.

             പുരകെട്ടുകല്ല്യാണദിവസം  വീട്ടുകാരെല്ലാം അതിരാവിലെ എഴുന്നേൽക്കും . സ്ത്രീകൾ  ചെറിയൊരു സദ്യ ഒരുക്കുവാനുള്ള ചിട്ടവട്ടങ്ങൾ ആരംഭിക്കും . പുര കെട്ടുകാർ എത്തും മുൻപേ പാചകക്രിയകൾ ചെയ്ത് അടുക്കള ഒഴിച്ചു കൊടുക്കണം . അരിവെയ്പ്പും പപ്പടം കാച്ചലും അന്ന്  മാത്രം  മുറ്റത്ത് കല്ല് വച്ചുണ്ടാക്കിയ താത്കാലിക അടുപ്പിലായിരിക്കും .ആണുങ്ങൾക്കും അന്ന് പിടിപ്പത് പണിയാണ് . വീട്ടിലെ സാധന സാമഗ്രികളൊക്കെ മൂടി വക്കണം . മെടഞ്ഞ ഓല കഴുക്കോലിൽ കെട്ടുവാനുള്ള കൊതുമ്പു ഞാരുകൾ തയ്യാറാക്കുവാനായി വെള്ളത്തിൽ കുതിർത്ത കൊതുമ്പുകൾ പുരകെട്ടുകാർക്കു എടുത്ത് കൊടുക്കണം . ദ്രവിച്ച കഴുക്കോലുകൾ, പട്ടിക മാറ്റുവാനുള്ളവ തയ്യാറാക്കി വെക്കണം. സഹായികളുടെ കുറവുണ്ടെങ്കിൽ സഹായികളാകണം .

                          പുരകെട്ടുകാർ എത്തിയാൽ ഉടനെ ഒരു ഗ്ലാസ്സ് കട്ടൻചായ . അതും കുടിച്ച് അവർ പുരപ്പുറത്തു കയറും . രണ്ട്‌ അടരുകളായി കഴുക്കോലിൽ കെട്ടി വച്ചിരിക്കുന്ന മെടഞ്ഞ ഓല വെട്ടി താഴേക്കിടലാണ് ആദ്യ പണി . വീടുകൾ അപ്പോൾ തലപ്പാവില്ലാതെ അസ്ഥികൂടങ്ങളായി തെളിഞ്ഞുവരും .

താഴേക്ക് വീഴുന്ന ഓലകൾ രണ്ടായി തരം തിരിച്ചു വക്കണം .കരിയോലയും വരട്ടോലയും  .അതിൽ വരട്ടോല  വീണ്ടും ഉപയോഗിക്കാനുള്ളതാണ് . ഓലയിറക്കി കഴിഞ്ഞാൽ കഴുക്കോലുകൾ പൊടി തട്ടി ആവശ്യമുള്ളിടത്തു പുതിയവ കെട്ടി പണിക്കാർ താഴേക്കിറങ്ങും .സമയം അപ്പോൾ ഏകദേശം 12 മണിയായി കാണും .

വീടിൻ്റെ പരിസരത്തെല്ലാം പപ്പടം കാച്ചിയ മണമായിരിക്കും . അടുത്തത് സദ്യയാണ്‌ . പുരകെട്ട് കല്ല്യാണസദ്യ . വെറും നിലത്തോ ഉമ്മറത്തോ വാഴയില വിരിച്ചാണ് സദ്യവട്ടങ്ങൾ വിളമ്പുക . സദ്യ കഴിഞ്ഞാൽ ഒരൽപം വിശ്രമം . 

                                പിന്നെ പുരമേയൽ തുടങ്ങുകയായി. പുരകെട്ടുകാർ അരയിൽ കൊതുമ്പു നാരുകൾ (വഴുക)  കെട്ടിവച്ച്  പുരപ്പുറത്തു കയറും  . അടി ഭാഗത്തു നിന്നും മേൽഭാഗത്തേക്കാണ്  മേഞ്ഞു തുടങ്ങുക .അപ്രകാരം നാല് വശത്തു നിന്നും മേഞ്ഞു കയറും .നെറുകയിൽ ഓല ഒരു പ്രത്യേക രീതിയിൽ മടക്കി കെട്ടി വെക്കും .ചരിവുകളിൽ മെടയാത്ത മുഴുവൻ തെങ്ങോലകൾ പതിപ്പിച്ചു വച്ച് കെട്ടിവെക്കും . പുരമേയൽ പൂർത്തിയായാൽ താഴെയിറങ്ങി അരിക് അരിഞ്ഞു ചന്തമാക്കലാണ് അവസാന പണി .വീട്ടുകാർ അപ്പോഴേക്കും പരിസരം വൃത്തിയാക്കി  ചായയും പലഹാരവും ഒരുക്കി വച്ചിട്ടുണ്ടാകും . ചായകുടിച്ച് കൂലിയും വാങ്ങിച്ച്  ഒരു വർഷം കഴിഞ്ഞ് വീണ്ടും കാണണം എന്നോർമിപ്പിച്ച് പുരകെട്ടുകാർ  യാത്രപറഞ്ഞിറങ്ങുകയായി . ഒന്ന് നെടുവീർപ്പിട്ടുകൊണ്ട് വീട്ടുകാർ അപ്പോൾ വീടിനകത്തേക്ക് കയറും . പുല്ല് മേഞ്ഞതും വൈക്കോൽ മേഞ്ഞതും പനയോല മേഞ്ഞതുമായ വീടുകളും കേരളത്തിൽ  പലയിടത്തും ഇപ്പോഴും കാണാം.

ഓലമേഞ്ഞ  കിടന്ന് ഉറങ്ങുന്ന സുഖം ഒന്നു വേറെയാണ്. ഓലയ്ക്ക് പകരം ഓടും, ആസ് പെറ്റോസും, കോൺക്രീറ്റും, ഇരുമ്പു ഷീറ്റു മുതൽ പല തരം മേച്ചിൽഷീറ്റുകളുടെ തരംഗമായി.  

ചെളി തളിച്ച ,ഓല മേഞ്ഞ വീട്ടിൽ ഒരു ഫാൻ പോലും ഇല്ലാതെ സുഖമായി മനുഷ്യന് കിടന്ന് ഉറങ്ങാമെന്ന് നമ്മളിൽ പലർക്കും അറിയില്ല.