തമിഴ്നാടിന്റെ മാടമ്പിത്തരത്തിന് മറുപടി
കത്തെഴുതലോ...?
മുന്നറിയിപ്പുകളൊന്നും നൽകാതെ
ബുധനാഴ്ച അർദ്ധരാത്രിയിൽ തമിഴ്നാട്
മുല്ലപ്പെരിയാറിന്റെ ഷട്ടറുകൾ ഉയർത്തിയതും
ആരുമറിയാതെ ഇരുട്ടിലൂടെ ഇരച്ചെത്തിയ വെള്ളം വള്ളക്കടവിലുള്ള വീടുകളിൽ മുട്ടോളമുയർന്നതും വാർത്തയിൽ കണ്ടുകാണുമല്ലോ .
തമിഴ്നാട് അത്രയും വലിയൊരു ചതി കാണിച്ചിട്ടും രാഷ്ട്രീയപരമായ നിസ്സാരകാര്യങ്ങൾക്കുപോലും ശക്തമായി പ്രതികരിക്കുന്ന കേരളത്തിലെ പൊതുസമൂഹം വേണ്ടത്ര ഗൗരവത്തോടെ ആ വാർത്ത കണ്ടില്ലെന്ന് നടിച്ചത് ഞെട്ടിക്കുന്നതാണ് .
തമിഴ്നാടിന്റെ മാടമ്പിത്തരത്തിനെതിരെ കേരളസർക്കാരിന്റെ ഔദ്യോഗികപ്രതിഷേധ ചടങ്ങുകൾ പതിവുപോലെ കത്തെഴുതലും MLA... MP- ലവലിലുള്ള നേതാക്കളുടെ ഒന്നുരണ്ട് പ്രസ്താവനകളും ജലവിഭവവകുപ്പ് മന്ത്രിയുടെ വാർത്താസമ്മേളനവുമൊക്കെയായി അവസാനിച്ചു...!
വള്ളക്കടവിലെ മനുഷ്യരെപ്പറ്റിയും
അവരുടെ ദുരവസ്ഥയെപ്പറ്റിയും കേട്ടിട്ടുണ്ടെങ്കിലും ഇതെവിടെയാണ് സ്ഥലമെന്നും എന്താണിവരുടെ പ്രശ്നമെന്നും വ്യക്തമായി ആളുകൾക്കറിയില്ലെന്ന് തോന്നുന്നു.
വനത്തിനുള്ളിലുള്ള മുല്ലപ്പെരിയാർ അണക്കെട്ടിന്റെ താഴ്-വാരത്തുനിന്ന്
ഇടുക്കി അണക്കെട്ടുവരെ പെരിയാർ ഒഴുകുന്ന കൈവഴിയിലെ ആദ്യത്തെ ജനവാസമേഖലകളിലൊന്നാണ് വള്ളക്കടവ് .
വള്ളക്കടവ്... വണ്ടിപ്പെരിയാർ... മാമല...
ചപ്പാത്ത്... കരിന്തിരി... ഉപ്പുതറ...
അയ്യപ്പൻ കോവിൽ ഇത്രയും പ്രദേശങ്ങളാണ് മുല്ലപ്പെരിയാർ ഒഴുകി ഇടുക്കിഡാമിൽ എത്തുന്നതിനിടയിലുള്ള 35-കിലോമീറ്റർ ദൂരത്തിനുള്ളിൽവരുന്നത് .
ഈ 'ട്ടാ വട്ട'ത്തിനുള്ളിൽ പതിനയ്യായിരത്തോളം വീടുകളും അതിൽ 70000-ത്തിലേറെ മനുഷ്യരും താമസിക്കുന്നുണ്ട് . നിയന്ത്രിത രീതിയിൽ മുല്ലപ്പെരിയാറിന്റെ ഷട്ടറുയർത്തിയാൽത്തന്നെ 20-മിനിട്ടിനകം വെള്ളം വള്ളക്കടവിലെത്തും . അങ്ങനെയുള്ള സാഹചര്യത്തിൽ ഡാമിനെന്തെങ്കിലും സംഭവിച്ചാലോ...?
ഈയൊരു ഉൾഭയത്തിലാണ് എന്നോ 'എക്സ്പെയറി ഡേറ്റ് ' തീർന്ന... കഴിഞ്ഞദിവസം മുൻ വൈദ്യുതിമന്ത്രി MM-മണി 'ജലബോംബെ'ന്ന് വിശേഷിപ്പിച്ച 'ഡെത്ത് ഡാമി'ന് ചുവട്ടിൽ മനുഷ്യർ നിസ്സഹായരായി ജീവിക്കുന്നത് .
ആലോചിച്ചുനോക്കൂ... ഓരോ നിമിഷവും ഭയന്നുജീവിക്കുന്ന ഈ മനുഷ്യരിൽ ബോധമുറച്ചുവരുന്ന കുട്ടികളും ഗർഭിണികളുമുണ്ടാകില്ലേ...?
ഏതുപാതിരാത്രിയിലും ഇറങ്ങിയോടാൻ പാകത്തിൽ റേഷൻ കാർഡും ആധാറും പണവും സ്വർണ്ണവും കെട്ടിമുറുക്കി തലയ്ക്കുകീഴെവെച്ച് ഉറങ്ങാൻ കിടക്കുന്ന വീടുകളിലെ കുട്ടികളുടെ മനോനില എത്രമാത്രം ഭയാനകമായിരിക്കും...?
ടെൻഷനുകളില്ലാതെ സമാധാനമായി കഴിയേണ്ടുന്ന കാലത്ത് ജീവഭയവുമായി ജീവിക്കേണ്ടിവരുന്ന ഗർഭിണികളുടെ ദുരവസ്ഥ...?
കേരളത്തിലല്ലാതെ ലോകത്തെവിടെയെങ്കിലും ഈ പ്രതിഭാസം നടക്കുമോ...?
അവിചാരിതമായൊരു ശബ്ദം കേട്ടാൽപ്പോലും നടുങ്ങുന്ന മാനസികാവസ്ഥയുമായി
ഉറക്കംനഷ്ടപ്പെട്ട് മയങ്ങികിടക്കുന്ന മനുഷ്യരുടെ കട്ടിലിനടിയിലാണ് യാതൊരുവിധ മുന്നറിയിപ്പുമില്ലാതെ കഴിഞ്ഞദിവസം വെളുപ്പിന് രണ്ടുമണിക്ക് വെള്ളമിരച്ചെത്തിയത്...!
ഞെട്ടിയെഴുന്നേറ്റ് മുട്ടൊപ്പം വെള്ളത്തിലേക്ക് കാലെടുത്തുവെച്ച പാവങ്ങൾ
ഇരുട്ടിൽ എന്താണ് സംഭവിക്കുന്നതെന്നറിയാതെ
എന്തുമാത്രം ഭയന്നുപോയിട്ടുണ്ടാകും...?
സ്ത്രീകളും കുഞ്ഞുങ്ങളുമടങ്ങുന്ന ആയിരക്കണക്കിന് മനുഷ്യരുടെ മരണഭയത്താലുള്ള ആകുലതകളെ കണ്ടില്ലെന്നുനടിക്കുന്ന ഭരണകൂടവും
ഇതൊന്നും എന്റെ കുടുംബത്തിനെ ബാധിക്കുന്ന പ്രശ്നമല്ലല്ലോയെന്ന് കരുതി മിണ്ടാതിരിക്കുന്ന പൊതുജനങ്ങളും... സത്യത്തിൽ കേരളസ്റ്റേറ്റ് ലോകമനുഷ്യത്വത്തിനുതന്നെ അപമാനമാണ് .
അടിയന്തിര പ്രാധാന്യമുള്ള ഈ പ്രശ്നം കഴിയുന്നത്ര പെട്ടന്ന് പരിഹരിക്കാനുള്ള നടപടികളിലേക്ക് നീങ്ങാതെ ഡാമിൽ എത്രയടി വെള്ളം വേണമെന്ന തർക്കത്തിൽ കോടതി വ്യവഹാരങ്ങളുമായി തമിഴ്നാടിന് പിറകേ ആമയെപ്പോലെ ഇഴയുന്ന സർക്കാറിനെ സമ്മർദ്ദത്തിലാക്കാൻ നാട്ടിലെ മാധ്യമങ്ങൾക്കും ജനങ്ങൾക്കും കഴിയുന്നില്ല .
ഭരണനേതൃത്വത്തെ ശരിയായ ദിശയിൽ നയിക്കുന്ന സമ്മർദ്ദശക്തിയായി വേണം ആധുനിക സമൂഹത്തിൽ ജനങ്ങളും മാധ്യമങ്ങളും പെരുമാറേണ്ടതെന്നിരിക്കെ ഭരണകൂടത്തിന്റെ ആരാധകരായി ഒതുങ്ങിപ്പോയ മാധ്യമങ്ങളും ജനങ്ങളും നാടിനൊട്ടും നല്ലതല്ല .
ഐതിഹാസികമായ സമരപരമ്പരകളിലൂടെ
ജെല്ലിക്കെട്ട് വിധി സുപ്രീംകോടതിയെക്കൊണ്ട് മാറ്റിയെഴുതിച്ച തമിഴരുടെ ഒരുമയാണ് കേരളമിവിടെ മാതൃകയാക്കേണ്ടത് .
വേണ്ടത് വീറുറ്റൊരു പ്രതിപക്ഷമനസ്സാണ് .
അതില്ലാത്തിടത്തോളം കാലം വള്ളക്കടവിലും വണ്ടിപ്പെരിയാറിലും ചപ്പാത്തിലുമുള്ള ആയിരക്കണക്കിന് പാവം മനുഷ്യർ തീതിന്ന് ഉരുകിയുരുകി തീർന്നുപോകും .
തമിഴ്നാടിന്റെ പോക്രിത്തരത്തിനെതിരെ...
കേരളത്തിന്റെ നിരുത്തരവാദത്തിനെതിരെ...
വള്ളക്കടവിലും വണ്ടിപ്പെരിയാറിലും
ചപ്പാത്തിലും ഉപ്പുതറയിലുമുള്ള മനുഷ്യരുടെ ആശങ്കകൾക്കും നിസ്സഹായതയ്ക്കുമൊപ്പം...