കുറച്ച് നാൾ മുമ്പ് വരെ കേരളത്തിന് "കുറുവ സംഘം " എന്ന പേര് അപരിചിതമായിരുന്നു. ഇപ്പോഴും ഈ സംഘത്തെക്കുറിച്ചും , പ്രവർത്തനശൈലിയെക്കുറിച്ചും വ്യക്തതക്കുറവുണ്ട് സമൂഹത്തിന്. അതുകൊണ്ട് തന്നെ ഇതിനോടകം പല കഥകളും ഇവരെപ്പറ്റി പ്രചരിക്കുന്നുണ്ട്.ഏറ്റവും അപകടകാരികളായ തമിഴ്‌നാട്ടിൽ നിന്നുള്ള മോഷണ സംഘമാണ് കുറുവ സംഘം. കേരളത്തിന് ഈ പേര് അപരിചിതമായിരുന്നെങ്കിലും അടുത്തിടെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന കവർച്ച കേസുകളിൽ ഈ സംഘത്തിലുള്ളവർ പ്രതികളാണെന്ന് സംശയിക്കുന്നതായി പോലീസ് പറയുന്നുണ്ട്.
തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലും , സേലത്തും മോഷ്ടാക്കൾ മാത്രം താമസിക്കുന്ന തിരുട്ട് ഗ്രാമങ്ങളുണ്ട്. അവിടെ നിന്നുള്ളവർക്കാണ് കുറുവ സംഘം എന്ന് പേരിട്ടിരിക്കുന്നത്. ഇവരുടെ കരുത്തുകൊണ്ടും , മോഷണ രീതിയിലെ പ്രത്യേകത കൊണ്ടും തമിഴ്‌നാട്ടിലെ ഇന്റലിജൻസ് പോലീസാണ് ഇവരെക്കുറിച്ച് കുറുവ സംഘം എന്ന് വിശേഷിപ്പിച്ചത്.
നാൽപ്പതും , അൻപതും അംഗങ്ങളുള്ള സംഘമായാണ് ഇവർ മോഷണത്തിനിറങ്ങുക.
മോഷണത്തിന് ഇരയാക്കുന്നവരെ കൊലപ്പെടുത്തുകയോ , മാരക രീതിയിൽ മുറിവേൽപ്പിക്കുകയോ ചെയ്യുന്നത് കുറുവ സംഘത്തിന് ഹരമാണ്. കൊല്ലും , കൊലയും , ആയുധപ്രയോഗങ്ങളും പരിശീലിച്ച നല്ല കായിക ശക്തിയുളളവരാണ് കുറുവ സംഘം. തമിഴ് നാട്ടിൽ കൊല നടത്തി മോഷണം അടക്കമുള്ള നിരവധി കേസുകളിൽ കുറുവ സംഘാംഗങ്ങൾ പ്രതികളാണ്.
കുറുവ കവർച്ചാ സംഘം എന്നാൽ ശരിക്കു പറഞ്ഞാൽ ഒരു സമുദായമോ , ഒരു സമൂഹമോ അല്ല . ആക്രമണവും , കവർച്ചയും തൊഴിലാക്കിയ ഒരു കൂട്ടം ആളുകൾ മാത്രം; ശരിക്കും ‘പഠിച്ച കള്ളന്മാർ’.കരുത്തുറ്റ ആളുകളുടെ കൂട്ടം എന്ന നിലയിലാണു തമിഴ്നാട് ഇന്റലിജൻസ് ടീം ഈ കവർച്ചാ സംഘത്തിനു കുറുവ സംഘമെന്ന പേരു നൽകിയത്.നാളിതുവരെ തമിഴ്നാട്ടിൽ മാത്രമാണ് കവർച്ച നടത്തിയിരുന്നതെങ്കിലും ഇപ്പോൾ മറ്റ് സംസ്ഥാനങ്ങളിലേക്കും വേട്ട വ്യാപിപ്പിച്ചിരിക്കുകയാണ്.
കുറുവ സംഘത്തിൽ പെട്ടവർ പോലീസ് പിടിയിലായി ജയിലിലായാൽ അവരുടെ കുടുംബത്തെ നോക്കേണ്ട ചുമതലയും ജയിലിൽ നിന്ന് ഇറക്കാനുള്ള കാര്യങ്ങൾ ചെയ്യേണ്ടതും ഇവരുടെ മൂപ്പനാണ്. ഇതിനായി മോഷണമുതലിന്റെ ഒരു പങ്ക് തുടർച്ചയായി മൂപ്പനെ ഏൽപ്പിക്കണം. അങ്ങനെ ചെയ്യാത്തവരെ ഗ്രാമത്തിലേക്ക് അടുപ്പിക്കുകയോ , അവരുടെ കുടുംബത്തിന്റെ സംരക്ഷണം ഏറ്റെടുക്കുകയോ ചെയ്യില്ല.
ഒരു വീട്ടിൽ നിന്ന് ഒരാളെങ്കിലും മോഷണ സംഘത്തിൽ അംഗമായിരിക്കണം. ആരെങ്കിലും പിടിയിലായാൽ കുടുംബത്തിൽ നിന്ന് മറ്റൊരാൾ ഈ തൊഴിലിലേക്ക് വരണമെന്നാണ് ഗ്രാമത്തിലെ അലിഖിത നിയമം. മോഷണം പാരമ്പര്യമായി നിലനിർത്തേണ്ട തൊഴിലായാണ് ഇവർ കാണുന്നത്. ഇരകളെ കൊന്നിട്ടായാലും പിടികൊടുക്കാതിരിക്കാൻ നോക്കണമെന്നാണ് ഇവരുടെ ട്രേഡ് സീക്രട്ട്.
ഏതു സമയത്തും ആരെയും എതിർത്തു തോൽപിച്ചു കവർച്ച നടത്താനുള്ള ശേഷി ഇവർക്കുണ്ട്. നൂറോളം വരുന്ന കവർച്ചക്കാരാണു കുറുവ സംഘം. പകൽ സമയങ്ങളിൽ വ്യത്യസ്ത സംഘങ്ങളായി തിരിഞ്ഞ് വീടുകളിലെത്തി പരിസരം മനസ്സിലാക്കും. ആക്രി പെറുക്കാൻ നടക്കുന്നവർ , അമ്മികൊത്ത് , വസ്ത്ര വ്യാപാരം എന്നീങ്ങനെ വ്യാജേന മോഷണത്തിനുള്ള വീടുകളും , കടകളും കണ്ടുവെച്ച് രാത്രിയിൽ മാരകായുധങ്ങളുമായി കവർച്ചയ്‌ക്കിറങ്ങും. ശരീരം മുഴുവൻ എണ്ണ തേച്ച് മിക്കവാറും അടിവസ്ത്രമോ , കൈലിയോ മാത്രം ധരിച്ചാവും മോഷണത്തിനിറങ്ങുക. വീടുകളുടെ മുൻവാതിൽ ആയുധങ്ങൾകൊണ്ട് തകർത്താണ് മിക്ക മോഷണങ്ങളും നടത്തുക.
മോഷണത്തിനെത്തുന്ന സംഘം പരമാവധി മോഷണം നടത്തി വേഗത്തിൽ തിരിച്ചു പോകുന്നതാണ് ഇവരുടെ രീതി. കുറേ ദിവസത്തേക്ക് മൊബൈൽ ഫോൺ ഓഫാക്കി എവിടെയെങ്കിലും തമ്പടിക്കും. അത് കഴിഞ്ഞാൽ അടുത്ത സംഘമെത്തും. പിടക്കപ്പെട്ടാൽ സംഘാംഗങ്ങളെ ഒറ്റിക്കൊടുക്കാതെ ഇവർ പിടിച്ചു നിൽക്കും. അതിനാൽ ആളുകൾ രാത്രി ഒറ്റയ്ക്ക് പുറത്തിറങ്ങരുതെന്നും വീടുകളിൽ കവർച്ച നടക്കുമ്പോൾ ഇവരെ എതിരിടാൻ ശ്രമിക്കാതെ ഉടൻ ഫോണിൽ നാട്ടുകാരെയും ,
പോലീസിനെയും വിവരമറിയിക്കണമെന്നുമാണ് പോലീസ് പറയുന്നത്.
ആയോധന കലകളില്‍ പയറ്റിത്തെളിഞ്ഞവരാണ് കുറുവ സംഘം. കൊല്ലും ,കൊള്ളയും പഠിച്ചു ശീലിച്ചവർ. 19 വയസ് മുതൽ 59 വയസ് വരെയുള്ളവർ ഇക്കൂട്ടത്തിലുണ്ട്. പണവും , സ്വർണവും തട്ടിയെടുക്കാൻ എന്ത് അക്രമവും നടത്താൻ ഒരുമ്പെട്ടവർ. ഇരകളെ കൊലപ്പെടുത്തിയാണ് സാധാരണ ഇവർ കവർച്ച നടത്താറുള്ളത്.
ഇരുമ്പുദണ്ഡും , കുന്തവും , വാളും , അരിവാളും ഉൾപ്പെടെയുള്ള മാരാകായുധങ്ങളുമായാണു കവർച്ചയ്ക്ക് എത്തുക.അറസ്റ്റിലായി ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ ഇവരെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസിന്റെ കയ്യിൽ പോലുമില്ലെന്നാണു സൂചന.
ഓരോ മോഷണം നടത്തുമ്പോഴും ഇതിന്റെ വിവരങ്ങളും ആരെങ്കിലും പിടിയിലായിട്ടുണ്ടെങ്കിൽ ആ വിവരവും അപ്പപ്പോൾ ഗ്രാമത്തിലേക്ക് കൈമാറും. അവിടെനിന്നും ഇടപെടലുകൾ നടത്തിയാണ് നിയമ സഹായമുൾപ്പെടെ നൽകുക. ഗ്രാമ മൂപ്പനെ ഏൽപ്പിച്ച കവർച്ചനടത്തി ലഭിച്ച വരുമാനത്തിന്റെ നിശ്ചിതവിഹിതം ഉപയോഗിച്ചാണ് കവർച്ചയ്ക്കിടെ ജയിലിലാകുന്ന കുടുംബങ്ങളെ സഹായിക്കുന്നത്.തമിഴ്നാട്ടിൽ നിന്ന് പകൽ ബസ്സിൽ യാത്രചെയ്താണ് പലപ്പോഴും മോഷണംനടത്താനുള്ള സ്ഥലത്തെത്തുന്നത്. മോഷണശേഷം കമ്പം, തേനി, തഞ്ചാവൂർ പ്രദേശത്തേക്ക് ആണ് സാധാരണ ഇവർ പോകുന്നത്. ഒരേ മൊബൈൽ നമ്പർ ഉപയോഗിക്കില്ല. മോഷണത്തിന് പോകുമ്പോൾ താമസസ്ഥലത്ത് ഫോൺ ഓഫ് ചെയ്തു വെക്കും. തിരിച്ചെത്തി കുറച്ചുദിവസം കൂടി കഴിഞ്ഞേ ഫോൺ ഓണാക്കൂ. ഒരുസ്ഥലത്ത് മോഷണംനടത്തിയാൽ തൊട്ടടുത്ത ദിവസവും അതിനുസമീപം മോഷണംനടത്തുന്നതും ഇവരുടെ രീതിയാണ്.
പൊതുജനങ്ങൾക്കിടയിൽ ഭീതിയുണ്ടാവുമെന്നതിനാൽ തീവ്രസ്വഭാവമുള്ള തമിഴ് കുറുവ കള്ളൻമാരുടെ സാന്നിധ്യം പലപ്പോഴും പോലീസ് രഹസ്യമാക്കി വെക്കുകയാണ് ചെയ്യാറുള്ളത്. എതിർക്കാൻ ശ്രമിക്കുന്നവരെ ആയുധം വച്ച് കീഴ്പ്പെടുത്തി കവർച്ച നടത്തി മടങ്ങുന്നതാണ് ഇവരുടെ ശൈലി. കരുത്തുറ്റ ആളുകൾ ഉൾപ്പെടുന്നവരാണ് പൊലീസിന്റെ ഭാഷയിൽ കുറുവ സംഘം.
തമിഴ്‌നാടിലെ തിരുട്ടു ഗ്രാമം പോലെ ഉത്തർപ്രദേശിലെ ചോർ ഗ്രാമവും മോഷണത്തിനു പേരെടുത്ത സ്ഥലങ്ങളിൽ ഒന്നാണ്. സ്യൂട്ട്‌കേസുകളോ , ബാഗുകളോ ഉടമസ്ഥർ അറിയാതെ എടുത്തശേഷം അതിനുള്ളിലെ വിലയേറിയ വസ്തുകൾ മോഷ്ടിച്ച് ബാഗ് തിരികെ വയ്ക്കുന്നതാണ് ഇവരുടെ രീതി. ഹൈദരാബാദ്, നെല്ലൂർ, തമിഴ്‌നാട് തുടങ്ങിയ സ്ഥലങ്ങളിലെ നിരവധി വൻ സ്വർണക്കവർച്ച കേസുകളിലെ പ്രതികളാണ് ഈ ഗ്രാമത്തിലുള്ളവർ. ഇവരുടെ കുലതൊഴിൽതന്നെ മോഷണമാണ്.
ഇവരിൽത്തന്നെ ഭവനഭേദം നടത്തുന്നവരും , കാലികളെ മോഷ്ടിക്കുന്നവരുമായി രണ്ടു വിഭാഗങ്ങളുണ്ട്. ഇതിൽ ചില വിഭാഗക്കാർ മധുരയിൽ രാത്രി കാവൽക്കാരായി ജോലി ചെയ്യുന്നുണ്ട്. ഒരു കള്ളന്റെ പ്രദേശത്ത് മറ്റൊരു കള്ളൻ മോഷണം നടത്തുകയില്ല എന്ന പ്രത്യേകതയും ഇവർക്കിടയിലുണ്ടായിരുന്നു. ഒരേ സമയം നിരവധി പേരാണ് ഈ ഗ്രാമത്തിൽനിന്നു മോഷണത്തിന് ഇറങ്ങുന്നത്. വിദഗ്ധമായ പരിശീലനത്തിനു ശേഷം പൂജയും കഴിഞ്ഞാണ് ഇവർ മോഷണത്തിനായി പുറപ്പെടുക.
തമിഴ്‌നാട്ടിലെ പല അപകടമരണങ്ങൾക്കു പിന്നിലും തിരുട്ടു സംഘങ്ങളാണെന്നും ആരോപണമുണ്ട്. കൂടുതൽ അപകടങ്ങളും കുപ്രസിദ്ധമായ ‘തിരുട്ടു ഗ്രാമങ്ങൾ’ സ്ഥിതി ചെയ്യുന്ന പരിസരങ്ങളിലാണ് നടന്നിട്ടുള്ളത് എന്നത് ഈ സംശയത്തെ ബലപ്പെടുത്തുന്നു. കുടുംബത്തോടൊപ്പം തീർഥയാത്രയ്ക്ക് പുറപ്പെടുന്നവർ കൈവശം ധാരാളം പണം കരുതും. സ്ത്രീകൾ പൊതുവെ സ്വർണം ധരിക്കും. എന്നാൽ അപകടസ്ഥലത്തുനിന്ന് ഇവയൊന്നുംതന്നെ ഉറ്റവർക്ക് തിരിച്ചു കിട്ടുക പതിവില്ല! ഇത്തരം കേസുകളിൽ തമിഴ്‌നാട് പോലീസ് ‘ഡ്രൈവറുടെ അശ്രദ്ധ മൂലം സംഭവിച്ച അപകടം’ എന്ന് എഫ്‌ഐആർ എഴുതി അവസാനിപ്പിക്കുന്നതാണു പതിവ്! സ്വർണവും മറ്റ് വിലയേറിയ ആഭരണങ്ങളും എവിടെപ്പോയെന്ന ചോദ്യത്തിനു മാത്രം ഇന്നും ഉത്തരമില്ല!