കോഴിക്കോട് തിക്കോടിയിൽ യുവതിയെ തീകൊളുത്തി കൊന്ന ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവും മരണത്തിന് കീഴടങ്ങി. തിക്കോടി പള്ളിത്താഴ വലിയ മഠത്തിൽ മോഹനന്റെ മകൻ നന്ദകുമാറാണ് ഇന്ന് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു നന്ദു. ഇന്ന് പുലർച്ചെ രണ്ട് മണിയോടെ മരണം സംഭവിക്കുകയായിരുന്നു.
ഇന്നലെ രാവിലെയാണ് തിക്കോടി സ്വദേശിനി കൃഷ്ണപ്രിയയെ നന്ദകുമാർ തീകൊളുത്തി കൊന്നത്.മരിച്ച കൃഷ്ണപ്രിയ താൽക്കാലികമായി പഞ്ചായത്തിൽ ജോലി ചെയ്തു വരികയായിരുന്നു. തിക്കോടി ഗ്രാമപഞ്ചായത്ത് ഓഫീസിൽ ഡ്യൂട്ടിക്കെത്തിയ കൃഷ്ണപ്രിയയെ യുവാവ് തടഞ്ഞുനിറുത്തി പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ഒപ്പം സ്വയം ദേഹത്ത് പെട്രോൾ ഒഴിച്ച് കൃഷ്ണപ്രിയയെ ചേർത്ത് പിടിച്ചു. ഇന്നലെ രാവിലെ പത്തു മണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം.
ഗുരുതരമായ പൊള്ളലേറ്റ കൃഷ്ണപ്രിയ വൈകിട്ട് നാലു മണിയായപ്പോൾ മരിച്ചു .നാലു വർഷമായി സൗഹൃദത്തിലായിരുന്ന ഇരുവർക്കുമിടയിൽ ഇങ്ങനെ സംഭവിക്കാൻ കാരണമെന്താണെന്ന് അറിയില്ല. ഇരുവരും പ്രണയത്തിലായിരുന്നോയെന്ന് പയ്യോളി പോലീസ് അന്വേഷിക്കുന്നുണ്ട്. രണ്ടു പേരുടെയും വീടുകൾ തമ്മിൽ ഒരു കിലോമീറ്ററിൻ്റെ വ്യത്യാസമെയുള്ളു.
കൃഷ്ണപ്രിയയുടെ നിലവിളി കേട്ടെത്തിയ ജീവനക്കാരും നാട്ടുകാരും ചേർന്നാണ് തീ അണച്ചത്. ഇരുവരെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച വൈകുന്നേരത്തോടെ കൃഷ്ണ പ്രിയ മരിച്ചു. കൃഷ്ണപ്രിയയെ നന്ദു ഏറെ നാളുകളായി ശല്യം ചെയ്തിരുന്നതായി ബന്ധുക്കൾ പറഞ്ഞു.മൃദദേഹങ്ങൾ പോസ്റ്റുമാർട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും.
സംസ്ഥാനത്ത് ഇത്തരം ആക്രമണങ്ങളും ദുരന്തങ്ങളും തുടർക്കഥയാകുകയാണ്.