Type Here to Get Search Results !

രണ്ടുകാലുകളും തളര്‍ന്നു കിടക്കയില്‍ കിടക്കേണ്ടി വന്നിട്ടും അതിജീവനത്തിൻ്റെ മാതൃകയായി ജീവിതം മുന്‍പോട്ട് കൊണ്ട് പോയി മറയൂർ സ്വദേശി കറുപ്പ് സാമി


ഇരുകാലുകളും തളര്‍ന്ന് കിടക്കയില്‍ കിടക്കേണ്ടി വന്നിട്ടും തളരാതെ ഉപജീവന മാര്‍ഗം കണ്ടെത്തി ജീവിതം മുന്‍പോട്ട് കൊണ്ടുപോവുകയാണ് മറയൂര്‍ ബാബുനഗര്‍ സ്വദേശി 42കാരനായ കറുപ്പുസ്വാമി. 14 വര്‍ഷമായി യൂറിന്‍ബാഗ് ഉപയോഗിക്കുമ്പോഴുമാണ് ജീവിതം പച്ചപിടിപ്പിക്കാനുള്ള കറുപ്പുസ്വാമിയുടെ ഓട്ടം തുടരുന്നത്.


പൂര്‍ണമായും കൈകൊണ്ട് നിയന്ത്രിക്കാവുന്ന ഓട്ടോയോടിച്ചും നാടിന് വേണ്ട പാല്‍ വിതരണം ചെയ്തുമാണ് അദ്ദേഹം മുന്‍പോട്ടു പോവുന്നത്. ഈറോഡില്‍നിന്ന് രാത്രി ഒരുമണിക്ക് പാല്‍വണ്ടി വരുന്നതുമുതല്‍ 14 മണിക്കൂറാണ് അദ്ദേഹം ജോലിചെയ്യുന്നത്. 2007 നവംബറിലാണ് കറുപ്പുസ്വാമിയുടെ ജീവിതം മാറ്റിമറിച്ച അപകടമുണ്ടായത്. തമിഴ്നാട്ടിലെ ശിവഗംഗയ്ക്കുസമീപം തിരുപ്പത്തൂരില്‍ സുഹൃത്തുക്കളുമായി പോകവെ കാര്‍ മറിയുകയായിരുന്നു. രണ്ടുപേര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. കറുപ്പുസ്വാമിക്കും മറ്റൊരു സുഹൃത്തിനും ഗുരുതരമായി പരിക്കേറ്റു. കറുപ്പുസ്വാമിയുടെ നട്ടെല്ലുതകര്‍ന്നുപോയിരുന്നു. എഴുന്നേറ്റിരിക്കാന്‍പോലും പറ്റാത്ത അവസ്ഥയിലായി.

മറയൂര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തിലും കോട്ടയം ജില്ലാ ആശുപത്രിയിലുമായി നടത്തിയ ചികിത്സയില്‍ ഇരിക്കാമെന്ന നിലയിലേയ്ക്ക് എത്തി. അപ്പോഴും ബാക്കിയുള്ള ജീവിതം ഇനി എങ്ങനെ എന്ന ചോദ്യം കറുപ്പുസ്വാമിയെ അലട്ടി. ഇതിനിടെ, അപകടത്തില്‍ മരിച്ച സേതുമാധവന്റെ ബന്ധു നാട്ടകം സ്വദേശി അജിത്തും സുഹൃത്തുക്കളും മാലാഖമാരെപ്പോലെയെത്തി. വീല്‍ചെയര്‍ വാങ്ങിനല്‍കി, മറയൂര്‍ ടൗണില്‍ ഒരു മുറി വാടകയ്‌ക്കെടുത്ത് പാല്‍, സ്പൈസസ് വ്യാപാരം തുടങ്ങാന്‍ സഹായിക്കുകയായിരുന്നു.

ഇപ്പോഴും കറുപ്പുസ്വാമിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ട്. നടുവിലെ മുറിവുകള്‍ ഇതുവരെ ഉണങ്ങിയിട്ടില്ല. യൂറിന്‍ ബാഗ് ഉപയോഗിക്കുന്നുണ്ട്. നല്ല വേദനയുണ്ടാകുമ്പോള്‍ ഇടുക്കി ജില്ലാ ആശുപത്രിയില്‍ കുറച്ചുദിവസം ചികിത്സ തേടും. പിന്നീട് വീണ്ടും തിരക്കിട്ട ജീവിതത്തിലേയ്ക്ക്. ഡോ. അഭിലാഷ്, ഡോ. ബെഞ്ചമിന്‍ എന്നിവരാണ് ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നതെന്ന് അദ്ദേഹം പറയുന്നു. പാര്‍വതിയാണ് ഭാര്യ. മകന്‍ മഹേഷ് തമിഴ്നാട്ടില്‍ എന്‍ജിനീയറിങ് മൂന്നാം വര്‍ഷം പഠിക്കുന്നു. മകള്‍ മഹാലക്ഷ്മി ഒന്‍പതാം ക്ലാസിലും പഠിക്കുകയാണ്.