Type Here to Get Search Results !

ഗൃഹനാഥനായ എഴുപതുകാരന്റെ മരണം ഭക്ഷണം ലഭിക്കാതെയെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ; ദുരൂഹത , ഭാര്യയെയും മകളെയും ചോദ്യം ചെയ്യും

ഗൃഹനാഥനായ എഴുപതുകാരന്റെ മരണം ഭക്ഷണം ലഭിക്കാതെയെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ; ദുരൂഹത , ഭാര്യയെയും മകളെയും ചോദ്യം ചെയ്യും

കണ്ണൂർ തെക്കേ ബസാറിൽ ഭാര്യയ്ക്കും മകൾക്കുമൊപ്പം താമസിക്കുന്ന എഴുപതുകാരന്റെ മൂന്ന് ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത വർധിക്കുന്നു. അബ്ദുൾ റാസിഖ് (70) ആണ് മരണപ്പെട്ടത്. റാസിഖ് മരിച്ചത് ദിവസങ്ങളായി ഭക്ഷണം കിട്ടാഞ്ഞതിനാലെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമായി. അതേസമയം, തൊട്ടടുത്ത മുറിയിൽ കിടന്ന് വയോധികൻ മരിച്ചത് അറിഞ്ഞില്ലെന്ന ഭാര്യയുടേയും മകളുടേയും മൊഴി പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല.


ഭാര്യയെയും മകളെയും വീണ്ടും ചോദ്യം ചെയ്ത ശേഷം തുടർനടപടി സ്വീകരിക്കുമെന്ന് കണ്ണൂർ പോലീസ് അറിയിച്ചു. ചൊവ്വാഴ്ചയാണ് ആൾ താമസമുള്ള വീട്ടിൽ നിന്നും എഴുപതുകാരന്റെ മൂന്ന് ദിവസം പഴക്കമുള്ള മൃതദേഹം പോലീസ് കണ്ടെത്തിയത്.

ഇതിനിടെ, പരിയാരം മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്‌മോർട്ടത്തിൽ രണ്ട് ദിവസമായി റാസിഖിന് ഭക്ഷണം കിട്ടിയില്ലെന്ന് വ്യക്തമായി. വയർ ഒഴിഞ്ഞ് കിടക്കുകയാണെന്നും പിത്തഗ്രന്ധി മുഴുവനായി വികസിച്ചെന്നുമാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.

ഇക്കാര്യം സ്ഥിരീകരിക്കുന്ന മൊഴിയാണ് ഭാര്യയും മകളും നൽകിയത്. ദിവസങ്ങളായി അബ്ദുൾ റാസിഖിന് ഭക്ഷണമോ വെള്ളമോ കൊടുത്തിട്ടില്ലെന്നും മുറിയിൽ മലമൂത്ര വിസർജനം നടത്തുന്നത് കൊണ്ട് മരിച്ചത് അറിഞ്ഞില്ലെന്നും അസുഖബാധിതനായിരുന്നു എന്നുമാണ് വീട്ടുകാർ പറഞ്ഞത്.

അതേസമയം, എന്നാൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കിടപ്പിലാകാൻ തക്ക അസുഖങ്ങളൊന്നും മരിച്ചയാൾക്കില്ലെന്ന് വ്യക്തമായി. ഭാര്യയെയും മകളെയും ചോദ്യം വീണ്ടും ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. നിലവിൽ അസ്വാഭാവിക മരണത്തിലാണ് കേസെങ്കിലും മനപൂർവ്വമല്ലാത്ത നരഹത്യ വകുപ്പ് ഉൾപെടുത്തണോ എന്ന് പരിശോധിച്ച് വരികയാണെന്നും അന്വേഷണ ഉദ്യോഗസ്ഥൻ അറിയിച്ചു.