Type Here to Get Search Results !

എന്താണ് ഡിഎന്‍എ ടെസ്റ്റ്?എങ്ങനെയാണ് ഡിഎന്‍എ പരിശോധന വഴി യഥാർഥ മാതാപിതാക്കളെ കണ്ടെത്തുന്നത്?

DNA

എന്താണ് ഡിഎന്‍എ ടെസ്റ്റ്?എങ്ങനെയാണ് ഡിഎന്‍എ പരിശോധന വഴി യഥാർഥ മാതാപിതാക്കളെ കണ്ടെത്തുന്നത്?ഡി.എന്‍.എ പരിശോധന നടത്താന്‍ എന്ത് ചിലവ് വരും?


ആര്‍എന്‍എ വൈറസുകള്‍ ഒഴികെയുള്ള എല്ലാ ജീവജാലങ്ങളുടെയും ജനിതക വിവരങ്ങള്‍ മുഴുവന്‍ രേഖപ്പെടുത്തിയിട്ടുള്ള തന്മാത്രയാണ് ഡീഓക്‌സീ റൈബോന്യൂക്ലിക്ക് ആസിഡ് എന്ന ഡിഎന്‍എ. ജീവന്റെ തന്മാത്ര എന്നും ഇതിനെ വിളിക്കാറുണ്ട്. ഇത്തരത്തിലുള്ള രണ്ട് ഡിഎന്‍എ തന്മാത്രകളാണ് ക്രോമസോം എന്നറിയപ്പെടുന്നത്. മനുഷ്യന് 23 ജോഡി ക്രോമസോമുകളാണ് ഉണ്ടാകാറുള്ളത്. മുടിയുടെയും  ,കണ്ണിന്റെയും , തൊലിയുടെയും നിറം തുടങ്ങി നമ്മുടെ സ്വഭാവ സവിശേഷതകൾ നിർണയിക്കുന്നത് നമ്മുടെ ജീനുകൾ ആണ്. ഈ ജീനുകൾ ഉള്ളത് ഓരോ കോശത്തിലെയും കോശമർമത്തിലെ ക്രോമസോമുകളിൽ ആണ്.  അതിൽ ലിംഗ നിർണയത്തിനുള്ള എക്സ്, വൈ ക്രോമസോമുകളും ഉൾപ്പെടും. ഈ ക്രോമസോമുകൾ ഉണ്ടായിരിക്കുന്നത് ഡിഎൻഎ എന്ന ജനിതക വസ്തു കൊണ്ടാണ്. മനുഷ്യന്റെ സ്വഭാവസവിശേഷതകള്‍ രൂപപ്പെടുത്തുന്നതും , ഉപാപചയ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നതുമായ പ്രോട്ടീനുകള്‍ ഏതുതരത്തിലുള്ളവ നിര്‍മ്മിക്കണമെന്ന് തീരുമാനിക്കുന്നത് ഡിഎന്‍എയാണ്. 1868 ലാണ് ഡിഎന്‍എ കണ്ടുപിടിക്കുന്നത്. ഇത് ജീവശാസ്ത്ര രംഗത്തെ നാഴികകല്ലായിരുന്നു.


ഡിഎന്‍എ ടെസ്റ്റ് സാധാരണയായി നടത്തുന്നത് പിതൃത്വം തെളിയിക്കുന്നതിനും ,കുറ്റവാളികളെ കണ്ടെത്തുന്നതിനുള്ള ഫോറന്‍സിക് പരിശോധനകള്‍ക്കും , ജീന്‍ തെറാപ്പിക്കുമെല്ലാമാണ്. പല കേസുകളും തെളിയിക്കപ്പെടുന്നത് ഇതുവഴിയാണ്. ഡിഎന്‍എയിലെ കോടിക്കണക്കിന് രാസാക്ഷരങ്ങളില്‍ രണ്ടുപേരുടെ ഡിഎന്‍എകള്‍ എത്രത്തോളം സമാനതയുള്ളതാണെന്ന് ഒത്തുനോക്കിയാണ് ഡിഎന്‍എ ടെസ്റ്റ് ചെയ്യുന്നത്. ഡിഎന്‍എ ആന്‍സിസ്റ്ററി ടെസ്റ്റിലൂടെ ഒരാളുടെ പൂര്‍വ്വികരെക്കുറിച്ചുള്ള വിവരങ്ങളും അറിയാന്‍ സാധിക്കും. കുടുംബ ചരിത്രത്തെക്കുറിച്ച് കൃത്യമായ രൂപരേഖ തയ്യാറാക്കാന്‍ ഇതിലൂടെ സാധിക്കുന്നു.


ഒരാളുടെ അമ്മ, അച്ഛന്‍, അടുത്ത ബന്ധുക്കള്‍ എന്നിവരുടെ ഡിഎന്‍എകള്‍ തമ്മില്‍ സാമ്യമുണ്ടാകും. ഇതിനെ ആധാരമാക്കിയാണ് ഡിഎന്‍എ ടെസ്റ്റ് നടത്തുന്നത്. ഡിഎന്‍എ സാമ്പിളുകള്‍ രക്തമാകാം, മോണയില്‍ നിന്നും പഞ്ഞി ഉപയോഗിച്ചെടുക്കുന്ന കോശങ്ങളാകാം, ശരീരകോശപാളികളുടെ ഭാഗങ്ങളാകാം, മുടിയിഴകളുമാകാം.


⚡ഓട്ടോസോമല്‍ ഡിഎന്‍എ ടെസ്റ്റ്, ⚡മൈറ്റോകോഡ്രിയല്‍ ഡിഎന്‍എ ടെസ്റ്റ് (ഇത് അമ്മയില്‍ നിന്നും നേരിട്ടു ലഭിക്കുന്നതാണ്. അതിനാല്‍ തന്നെ മാതൃസഹജമായതും അമ്മയുടെ കുടുംബത്തിന്റെ ജീവശാസ്ത്ര വഴി കണ്ടെത്താന്‍ സഹായിക്കുന്നു. )

⚡വൈ ക്രോമസോമല്‍ ഡിഎന്‍എ ടെസ്റ്റ് (ഇത് അച്ഛനും , മകനും തമ്മിലുള്ള ബന്ധം കണ്ടുപിടിക്കുന്നതിനായുള്ളതാണ്). എന്നിങ്ങനെ 3 തരം ഡിഎന്‍എ ടെസ്റ്റാണുള്ളത്.


 ഡിഎൻഎയുടെ അടിസ്ഥാനശിലകൾ 4 തരത്തിലുള്ള ന്യൂക്ലിയോടൈഡുകൾ ആണ്. ഈ ന്യൂക്ലിയോടൈഡുകൾ രണ്ടു നിരകളായി ഇഴ ചേർന്ന് ഒരു പിരിയൻ ഗോവണി ആകൃതിയിലാണ് ഡിഎൻഎയിൽ ഉള്ളത്. ഡിഎൻഎയിലെ പ്രോട്ടീനുകൾ ഉണ്ടാക്കാൻ സഹായിക്കുന്ന ഭാഗത്തെയാണ് ജീനുകൾ അല്ലെങ്കിൽ കോഡിങ് ഏരിയ എന്ന് വിളിക്കുന്നത്. അങ്ങനെ അല്ലാത്ത ഭാഗത്തെ നോൺ കോഡിങ് ഏരിയ എന്നും വിളിക്കുന്നു. നോൺ കോഡിങ് ഏരിയയിലെ ചില സ്ഥലത്ത് വെറുതേ ആവർത്തിക്കുന്ന ചില ശ്രേണികൾ കാണും. ഷോർട്ട് ടാൻഡം റിപീറ്റ്സ് അല്ലെങ്കിൽ മൈക്രോ സാറ്റലൈറ്റുകൾ എന്നിതിനെ വിളിക്കും.


ഒരു ചെറിയ ശ്രേണിയിൽ 2 മുതൽ 7 ന്യൂക്ലിയോടൈഡുകൾ ഉണ്ടാവാം. ആവർത്തനം 5 മുതൽ 50 തവണ വരെയാകാം. ഒരു മനുഷ്യന്റെ ഡിഎൻഎ എടുത്താൽ ഏകദേശം 50,000 മുതൽ ഒരു ലക്ഷംവരെ ഇത്തരത്തിൽ ആവർത്തിക്കുന്ന ശ്രേണികളുണ്ടാകും. ഇതാണ് ഡിഎൻഎ ഫിംഗർ പ്രിന്റിങിന് ഉപയോഗിക്കുന്നത്. പ്രോട്ടീൻ ഉണ്ടാകാത്തതിനാൽ ഇവിടെ വരുന്ന ജനിതക വ്യതിയാനം ശരീരത്തെ ബാധിക്കില്ല.ശരീരത്തെ ബാധിക്കാത്തതിനാൽ വലിയ വ്യതിയാനങ്ങൾ ഉണ്ടാകുകയും തലമുറകളിലൂടെ നിലനിൽക്കുകയും ചെയ്യുന്ന ഭാഗമാണ് ഷോർട്ട് ടാൻഡം റിപീറ്റ്സ്. അതിനാൽ ഓരോ ആളുകൾക്കും ഇതു വ്യത്യാസമായിരിക്കും. ഡിഎൻഎ പരിശോധനയ്ക്കു നാല് കാര്യങ്ങൾ ചെയ്യും. 


⚡1. കോശങ്ങളിൽനിന്ന്  ഡിഎൻഎ വേർതിരിച്ച് എടുക്കുന്നു. 

⚡2. ഷോട്ട് ടാൻഡം റിപീറ്റ്സിന്റെ ആയിരക്കണക്കിന് പകർപ്പുകൾ പിസിആർ എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച് എടുക്കുന്നു.

⚡ 3. ഈ പകർപ്പുകൾ ഉപയോഗിച്ച് ഇലക്ട്രോ ഫോറസസ് ചെയ്യുന്നു. ഇലക്ട്രോഫോറസസ് ചെയ്യുമ്പോൾ വരകൾപോലെ കുറേ ബാൻഡുകൾ കിട്ടും.

⚡ 4. ഈ വരകൾ അകലം അനുസരിച്ച് നമ്പർ ഇട്ട് താരതമ്യപ്പെടുത്തുന്നു.


ഈ ബാന്‍ഡുകളുടെ പകുതി അമ്മയിൽനിന്നും , പകുതി അച്ഛനിൽനിന്നും ആയിരിക്കും. കുട്ടിയുടെ ഡിഎൻഎ പരിശോധനയിൽ കിട്ടുന്ന ബാന്റുകൾ പകുതി അച്ഛനോടും , പകുതി അമ്മയോടും യോജിച്ചാൽ കുട്ടി അവരുടേതാണെന്ന് ഉറപ്പിക്കാം. ബാന്റിന്റെ പകുതി അമ്മയുടേതും പകുതി വ്യത്യസ്തവുമായാൽ അമ്മയ്ക്ക് അവകാശം ഉറപ്പിക്കാം.


ഓരോ മനുഷ്യരുടെയും ഡിഎൻഎ വ്യത്യസ്തമാണ്. ഒരേ പോലുള്ള ഡിഎൻഎ രണ്ടു പേർക്കുണ്ടാവില്ലെന്നു ശാസ്ത്രം. കുറ്റകൃത്യങ്ങൾ തെളിയിക്കാനും ഡി.എൻ.എ പരിശോധന ഉപയോഗിക്കുന്നുണ്ട്. കുറ്റകൃത്യം നടത്തിയ പ്രദേശത്തുനിന്നു കിട്ടിയ ഗ്ലൗസ്, മുഖംമൂടി, തലമുടി, ഉമിനീര്, വസ്ത്രം തുടങ്ങിയവയിൽ നിന്നൊക്കെ കുറ്റവാളിയുടെ ഡിഎൻഎ വേർതിരിച്ചെടുക്കാം. നിലവിൽ കുറ്റവാളിയെ സ്ഥിരീകരിക്കാൻ വിരലടയാളമാണു ശാസ്ത്രീയ തെളിവായി പരിഗണിക്കുന്നത്. കുറ്റകൃത്യമുണ്ടായ സ്ഥലത്തുനിന്നു കുറ്റവാളിയുടെ വിരലടയാളം കണ്ടെത്തുക ശ്രമകരമാണ്.

സംഭവസ്ഥലത്തെ മുടിനാരിൽ നിന്നോ , സിഗരറ്റ് കുറ്റിയിൽ നിന്നോ വരെ ലഭിക്കുന്ന ഡിഎൻഎ പരിശോധന വിവരമാണു പലപ്പോഴും പ്രതിയെ പൊലീസിനു മുന്നിലെത്തിക്കുക. പ്രമാദമായ ജിഷ വധക്കേസിൽ അമീറുൾ ഇസ്‍ലാമിനെയും , സൗമ്യ വധക്കേസിൽ ഗോവിന്ദച്ചാമിയെയും കുടുക്കിയതു ഡിഎൻഎ പരിശോധനകളാണ്.


സംസ്കരിച്ച മൃതദേഹങ്ങള്‍ പുറത്തെടുത്തു പരിശോധിക്കുമ്പോള്‍ തിരിച്ചറിയാനുള്ള ഏറ്റവും ശാസ്ത്രീയവും , സൂക്ഷ്മവുമായ മാര്‍ഗമാണു മൈറ്റോകോണ്‍ഡ്രിയല്‍ ഡിഎന്‍എ പരിശോധന. പഴക്കം കൊണ്ടു ശരീരകോശങ്ങള്‍ നഷ്ടപ്പെട്ട ക്രിമിനൽ കേസില്‍ അസ്ഥികളില്‍ നിന്നു സാംപിള്‍ ശേഖരിച്ചാണു പരിശോധന. ഒരമ്മയുടെ മക്കള്‍ക്ക് എല്ലാവര്‍ക്കും ഒരേ മൈറ്റോകോണ്‍ഡ്രിയല്‍ ഡിഎന്‍എ ആകും. എന്നുകരുതി ഒരേ അച്ഛനും , അമ്മയ്ക്കും ജനിക്കുന്ന മക്കൾക്ക് ഒരേ സ്വഭാവം ആയിരിക്കില്ല. ഇവരുടെ ഡി.എൻ.എ.യുടെ പ്രകടനത്തിലെ വ്യത്യാസമാണ് ഇതിന് കാരണം. എങ്കിലും ചില സവിശേഷതകൾ ഡി.എൻ.എ.യിൽ കാണും. ഒരേപോലുള്ള അപൂർവം ചില ഇരട്ടകൾക്ക് മാത്രമാണ് ഒരേ സ്വഭാവം ലഭിക്കുന്നത്. അടുത്ത രക്തബന്ധുവിന്റെ രക്തമാണ് ഡി.എൻ.എ. ടെസ്റ്റിനായി സാധാരണ  എടുക്കുന്നത്.


മരിച്ചയാളുടെ പല്ല്, രക്തം, പേശി, മജ്ജ, വേരോടെയുള്ള തലമുടി , അസ്ഥിയിലെ മജ്ജ, മുടി, ഉണങ്ങിയ ചര്‍മ്മകോശങ്ങള്‍, മാംസം, ഉമിനീര്‍, രക്തം, ശുക്ലം, യോനീദ്രവങ്ങള്‍, കഫം, കണ്‍പീള, മലം, മൂത്രം, വിയര്‍പ്പ് തുടങ്ങി ഏതു ജൈവപദാര്‍ത്ഥവും ഡി.എന്‍.എ സ്രോതസ്സായി ഉപയോഗിക്കാം. ഇവയിലേതെങ്കിലും കിട്ടുന്ന മുറയ്ക്കാണ് ഡി.എൻ.എ. പരിശോധനയ്ക്ക് എടുക്കുന്നത്. പോസ്റ്റ്മോർട്ടം സമയത്തുതന്നെ ഇതിന്റെ സാമ്പിളുകൾ സീൽ ചെയ്ത കവറിൽ പോലീസിനെ ഏൽപ്പിക്കും. പോലീസ് ഇത് കോടതി വഴിയാണ് പരിശോധനയ്ക്ക് അംഗീകാരമുള്ള ലബോറട്ടറിയിലേക്ക് അയക്കുന്നത്.  മരണം നടന്ന് വളരെ നാളുകള്‍ കഴിഞ്ഞായാല്‍ പോലും പല്ല്, അസ്ഥി, മുടി, രോമങ്ങള്‍, നഖങ്ങള്‍ എന്നിവ ഉപയോഗിച്ച് ഡി.എന്‍.എ പരിശോധന നടത്താം.മരിച്ച ഒരു വ്യക്തിയുടെ സാമ്പിളിൽ നിന്ന് ഡി.എൻ.എ. വേർതിരിച്ച്, കാണാതായ എല്ലാവരുടേയും അടുത്ത ബന്ധുക്കളുടെ ഡി.എൻ.എ.യുമായി ഒത്തു നോക്കിയാണ് മരിച്ചയാളിന്റെ മൃതദേഹം തിരിച്ചറിയുന്നത്. 99.5 ശതമാനം വരെ ഡി.എൻ.എ. പരിശോധനയിലൂടെ കണ്ടുപിടിക്കാൻ കഴിയും. ഇതിന്റെ റിപ്പോർട്ടും കോടതി വഴിയാണ് പോലീസുകാർക്ക് ലഭിക്കുന്നത്.33 വർഷം മുൻപാണു ഡിഎൻഎ പരിശോധന ആദ്യമായി പൊലീസ് ഉപയോഗിച്ചത്.  ഡിഎൻഎ ടെസ്റ്റിലൂടെ ആദ്യമായി കണ്ടെത്തുകയും അറസ്റ്റിലാവുകയും ചെയ്ത കുറ്റവാളിയാണ് കോളിൻ പിച്ച്ഫോക്ക്.


ഇരട്ടപ്പിരി രൂപമാണ് ഡിഎൻഎയ്ക്ക് ഉള്ളതെന്ന് ആദ്യമായി ചൂണ്ടിക്കാട്ടിയത് 1953-ൽ ജെ. വാട്ട്സൺ, എഫ്. ക്രിക് എന്നീ ശാസ്ത്രകാരന്മാരാണ്. ഇവരുടെ പരീക്ഷണങ്ങൾ ഈ വലംകയ്യൻ ഇരട്ട ഹെലിക്സിന്റെ ഓരോ ചുറ്റലിലും ഏതാണ്ട് പത്ത് ക്ഷാരജോടികൾ (base pairs) വീതം ഉണ്ടെന്നും തെളിയിക്കുകയുണ്ടായി. പഞ്ചസാരയും , ഫോസ്റ്റകളും ചേർന്ന കൈവരിയും അതിനടിയിലായി ക്ഷാരതന്മാത്രകളുടെ ചവിട്ടുപടികളും ഉള്ള ഒരു പിരിയൻ ഗോവണിയുടെ ഘടനയാണ് വാട്ട്സണും , ക്രിക്കും ഡിഎൻഎയ്ക്കു കണ്ടെത്തിയത് .


അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കപ്പെട്ട കുഞ്ഞുങ്ങളില്‍ അവകാശവാദങ്ങള്‍ ഉയരുമ്പോഴും , ആശുപത്രിയില്‍ വെച്ച് കുഞ്ഞ് മാറിപ്പോയെന്ന് പരാതിയുണ്ടാവുമ്പോഴും , ദാമ്പത്യബന്ധത്തില്‍ വഞ്ചന ആരോപിക്കപ്പെടുമ്പോഴുമാണ് പ്രധാനമായും ഡി.എന്‍.എ പരിശോധന നടത്താറ്. 

അമ്മയെന്നും  ,അച്ചനെന്നും അവകാശപ്പെടുന്നവരുടെയും കുഞ്ഞിന്റെയും ഡി.എന്‍.എ പരിശോധന നടത്താന്‍ 25000 രൂപ ചെലവ് വരും. കുഞ്ഞിന്റെയും ഒരാളുടെയും ഡി.എന്‍.എ പരിശോധന നടത്തുന്നതിന് 18000 രൂപയാണ് ചെലവ് വരുക. പരിശോധന നടത്തുന്നവരുടെ എണ്ണം കൂടുമ്പോള്‍ ഒരാള്‍ക്ക് 7000 രൂപ വീതം അധികം ചെലവ് വരും.

കുട്ടികളെ ദുരുപയോഗം ചെയ്ത സംഭവങ്ങളില്‍ ഡി.എന്‍.എ പരിശോധനാ ഫലം വേഗത്തില്‍ നല്‍കണം .ഇത്തരം കേസുകളില്‍ ഡി.എന്‍.എ പരിശോധനയുടെ ചെലവ് സര്‍ക്കാരാണ് വഹിക്കുക. 24 മണിക്കൂറിനകം ഡി.എന്‍.എ പരിശോധനാഫലം ലഭിച്ച സംഭവങ്ങളുണ്ടായിട്ടുണ്ട്.


 ക്രിമിനല്‍ കേസുകളില്‍ ഡി.വൈ.എസ്.പി റാങ്കില്‍ കുറയാത്ത ഉദ്യോഗസഥനും , കോടതികളും നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലും , വനിതാകമ്മീഷനും , ശിശുക്ഷേമസമിതിയും നല്‍കുന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലും പരിശോധന നടത്താറുണ്ട്. ശാസ്ത്രീയമായി സീല്‍ ചെയ്ത് നല്‍കുന്ന സാമ്പിളുകള്‍ മാത്രമേ പരിശോധനക്ക് സ്വീകരിക്കൂ.