ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ നാലാം ദിനം അതീവനിര്‍ണായക സെഷന്‍ അതിജീവിച്ച് ഇന്ത്യ ഡ്രൈവിങ് സീറ്റില്‍. സെഞ്ചൂറിയനില്‍ നടക്കുന്ന മത്സരത്തിന്റെ നാലാം ദിനം ലഞ്ചിനു പിരിയുമ്പോള്‍ രണ്ടാമിന്നിങ്‌സില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 79 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. ഒന്നാമിന്നിങ്‌സിലെ 130 റണ്‍സ് ലീഡ് കൂടി ചേര്‍ത്ത് ഇന്ത്യക്ക് ഇപ്പോള്‍ ഏഴു വിക്കറ്റ് ബാക്കിനില്‍ക്കെ 209 റണ്‍സിന്റെ ഓവറോള്‍ ലീഡ് ആയി.
നാലാം ദിനമായ ഇന്ന് ഒന്നിന് 16 എന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യക്ക് രണ്ടു വിക്കറ്റുകള്‍ ആദ്യ സെഷനില്‍ നഷ്ടമായി. നൈറ്റ്‌വാച്ച്മാന്‍ ഷാര്‍ദൂല്‍ താക്കൂറും(10), ഒന്നാമിന്നിങ്‌സില്‍ സെഞ്ചുറിയുമായി തിളങ്ങിയ ഓപ്പണര്‍ കെ.എല്‍. രാഹുലു(23)മാണ് പുറത്തായത്.
ഉച്ചഭക്ഷണത്തിനു പിരിയുമ്പോള്‍ 31 പന്തില്‍ നിന്ന് 18 റണ്‍സുമായി നായകന്‍ വിരാട് കോഹ്ലിയും 52 പന്തുകളില്‍ നിന്ന് 12 റണ്‍സുമായി മധ്യനിര താരം ചേതേശ്വര്‍ പൂജാരയുമാണ് ക്രീസില്‍. പിരിയാത്ത നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഇവര്‍ ഇതുവരെ 25 റണ്‍സ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ഇന്നു മൂന്നാം സെഷന്‍ പകുതിവരെ പിടിച്ചുനിന്നു ക്ഷണത്തില്‍ റണ്‍സ് അടിച്ചുകൂട്ടി ദക്ഷിണാഫ്രിക്കയ്ക്കു 300-നു മുകളില്‍ ഒരു വിജയലക്ഷ്യം സമ്മാനിക്കാനാകും ഇന്ത്യ നോക്കുക.
ഇന്നത്തെ ഏഴാം ഓവറില്‍ തന്നെ കാഗിസോ റബാഡയുടെ പന്തില്‍ ഷാര്‍ദ്ദൂലിനെ നഷ്ടമായാണ് ഇന്ത്യ ബാറ്റിങ് തുടങ്ങിയത്. പിന്നീട് ഒത്തുചേര്‍ന്ന രാഹുല്‍-പൂജാര സഖ്യം തുടക്കത്തിലെ പതര്‍ച്ചയ്ക്കു ശേഷം താളംവീണ്ടെടുത്തു വന്നപ്പോള്‍ ദക്ഷിണാഫ്രിക്ക വീണ്ടും പ്രഹരിച്ചു.
ഇക്കുറി ലുംഗി എന്‍ഗിഡിയായിരുന്നു ഇന്ത്യക്ക് പ്രശ്‌നം സൃഷ്ടിച്ചത്. എന്‍ഗിഡിയുടെ പുറത്തേക്കു പോയ പന്തില്‍ ബാറ്റ്‌വച്ച ഇന്‍ഫോം ബാറ്റ്‌സ്മാന്‍ രാഹുലിനു പിഴച്ചു. 74 പന്തുകളില്‍ നിന്ന് നാലു ബൗണ്ടറികളോടെ 23 റണ്‍സ് നേടിയ രാഹുല്‍ ഒന്നാം സ്ലിപ്പില്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഡീന്‍ എല്‍ഗാറിന്റെ കൈകളില്‍ ഒതുങ്ങി.
പിന്നീട് ക്ഷമയോടെ പിടിച്ചുനിന്ന പൂജാരയും കോഹ്ലിയും ചേര്‍ന്ന് ടീമിന്റെ ലീഡ് 200 കടത്തുകയായിരുന്നു. തന്റെ സ്വതസിദ്ധശൈലിയില്‍ ഒരറ്റത്ത് പൂജാര പ്രതിരോധക്കോട്ട ഉയര്‍ത്തുമ്പോള്‍ കോഹ്ലിയാണ് സ്‌കോറിങ് ദൗത്യം ഏറ്റെടുത്തിരിക്കുന്നത്. തന്റെ വ്യക്തിഗത സ്‌കോര്‍ നാലില്‍ നില്‍ക്കെ നല്‍കിയ ക്യാച്ച് ദക്ഷിണാഫ്രിക്കന്‍ താരം റബാഡ് വിട്ടുകളഞ്ഞതാണ് മോശം ഫോമിന്റെ പേരില്‍ പഴികേള്‍ക്കുന്ന പൂജാരയ്ക്ക് തുണയായത്. കിട്ടിയ അവസരം മികച്ച ഇന്നിങ്‌സ് കളിച്ച് വിമര്‍ശകര്‍ക്കു മറുപടി നല്‍കാനാകും പൂജാര ശ്രമിക്കുന്നത്.
അഞ്ചാംദിനമായ നാളെ മഴയ്ക്കു സാധ്യത പ്രവചിക്കപ്പെട്ടിട്ടുള്ളതിനാല്‍ ഇന്നു മൂന്നാം സെഷന്‍ പകുതിക്കുള്ളില്‍ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തി ഇന്ത്യ ആതിഥേയരെ വീണ്ടും ബാറ്റിങ്ങിന് അയച്ചേക്കും. അതിനാല്‍ത്തന്നെ ലഞ്ചിനു ശേഷമുള്ള സെഷനുകളില്‍ ക്ഷണത്തില്‍ റണ്‍സ് നേടാനാകും ടീം ഇന്ത്യയുടെ ശ്രമം.