തിരുവനന്തപുരം എഴുത്താവൂരിലാണ് നാട്ടുകാരെ ഭീതിയിലാക്കി യുവാക്കളുടെ ആക്രമണം നടന്നത്.നിരവധി വാഹനങ്ങൾ അക്രമികൾ തകർത്തു. തടയാൻ ശ്രമിച്ച നാട്ടുകാരെയും വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചു. ഒഴിഞ്ഞു മാറിയതിനാൽ തലനാരിഴയ്ക്കാണ് ചിലർ രക്ഷപ്പെട്ടത്.ബാലരാമപുരത്തു നിന്ന് തേമ്പാമുട്ടത്തിലേയ്ക്ക് പോകുന്ന വഴിയിലും ഇവർ ആക്രമണം നടത്തി.ഒന്‍പത് ലോറിയും മൂന്നു കാറും നാല് ബൈക്കുമാണ് ഇവർ തകര്‍ത്തത്. എരുവാത്തൂര്‍, റസ്സല്‍പുരം ഭാഗത്ത് നടത്തിയ ആക്രണണത്തിനിടെ വാഹന യാത്രക്കാര്‍ക്കും പരിക്കേറ്റു. കാര്‍ യാത്രക്കാരനായ ജയചന്ദ്രന്‍, ബൈക്ക് യാത്രക്കാരിയായ ഷീബാ കുമാരി എന്നിവര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്
പൾസർ ബൈക്കിലെത്തിയ ഇവർ കടയ്ക്കു മുന്നിൽ വച്ചിരുന്ന യുവതിയുടെ ഇരുചക്രവാഹനവും തകർത്തു.ആക്രമണത്തിനിടെ ബൈക്കിൽ നിന്ന് വീണ ഒരാളെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി പോലീസിന് കൈമാറി. നാരുവാൻമൂട് സമീപം പാറക്കുഴിയിൽ താമസക്കാരനായ മിഥുനിനെയാണ് നാട്ടുകാർ പിടികൂടി ബാലരാമപുരം പോലീസിനെ ഏൽപിച്ചത്.വീട്ടിലെത്തി ഇയാൾ അക്രമണ സമയത്ത് സഞ്ചരിച്ചിരുന്ന പൾസർ ബൈക്കും കണ്ടെടുത്തു .
മിഥുൻ്റെ സഹായിയായി ഒപ്പമുണ്ടായിരുന്ന കൊച്ചുമോൻ എന്നയാൾക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കി.അടുത്തിടെ വിഴിഞ്ഞം തിരുവല്ലത്തിന് സമീപം പോലീസിനെ അക്രമിച്ച കേസിലും, കാട്ടാക്കടയിൽ നടന്ന ആക്രമണങ്ങളിലും ഇവർ പ്രതികളാണെന്ന് പോലീസ് പറയുന്നു.സംസ്ഥാനത്ത് വ്യാപകമായി മയക്കുമരുന്നെത്തുകയും ,ഗുണ്ടാ ആക്രമണങ്ങളും ,രാഷ്ട്രീയ കൊലപാതകങ്ങളും വർദ്ധിക്കുകയും ചെയ്യുന്നത് പോലീസിൻ്റെ വീഴ്ച കാരണമാണെന്ന് ആരോപണമുയരുന്ന സാഹചര്യത്തിൽ നാടിനെ ഭീതിയിലാക്കിയ പ്രതിയെ ഉടൻ തന്നെ നാട്ടുകാർ പിടികൂടിയത് ബാലരാമപുരം പോലീസിന് വലിയ ആശ്വാസമായി. ഇത്തരം സംഭവങ്ങളിൽ പിടിയിലാകുന്നവർക്ക് ലഹരിയെത്തുന്ന ഉറവിടത്തെ കുറിച്ച് അന്വേഷിക്കാത്തതാണ് ഇത്തരം സംഭവങ്ങൾ നാടെങ്ങും വ്യാപിക്കാൻ കാരണമെന്ന് നാട്ടുകാർ ആരോപിച്ചു.