Type Here to Get Search Results !

ആയുഷ്മാൻ ഭാരതിന്റെ ആരോഗ്യ ഇൻഷുറൻസിന് ഇപ്പോൾ അപേക്ഷ ; സത്യാവസ്ഥ


'പ്രധാനമന്ത്രിയുടെ കീഴിൽ ആവിഷ്കരിച്ച പദ്ധതിയാണ് 'ആയുഷ്മാൻ ഭാരത്'. പുതിയ അപേക്ഷകൾ എടുത്തു തുടങ്ങി. 5 ലക്ഷമാണ് ഇൻഷുറൻസ് തുക. അടുത്തുള്ള അക്ഷയ കേന്ദ്രം വഴി അപേക്ഷിക്കാം. അക്ഷയയുടെ 50 രൂപ സർവീസ് ചാർജ്ജ് മാത്രം അടച്ചാൽ മതി. പാസ്പോർട്ട് സൈസ് ഫോട്ടോ, ആധാർ കാർഡ്. ഒ.ടി.പി. സ്വീകരിക്കാനായി ആധാറിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന ഫോൺ നമ്പറും , റേഷൻ കാർഡുമാണ് ആവശ്യമായ രേഖകൾ. റേഷൻ കാർഡിൽ ഉൾപ്പെട്ടിട്ടുള്ള 5 പേരുടേയും ഇത്രയും രേഖകളുമായി ചെന്നാൽ അപേക്ഷിക്കാം. അപേക്ഷകന് അവർ ഒരു കാർഡ് നൽകുന്നതായിരിക്കും. ഓരോ കാർഡ് ഉടമയ്ക്കും 5 ലക്ഷം രൂപയുടെ ചികിത്സ ലഭിക്കും. എല്ലാ സർക്കാർ-പ്രൈവറ്റ് ആശുപത്രിയിലും ഈ കാർഡ് ഉപയോഗിക്കാവുന്നതാണ്. ഇൻഷുറൻസ് ലഭ്യമാക്കുന്നതിനുള്ള നടപടി ക്രമങ്ങൾ തികച്ചും കടലാസ് രഹിതമാണ്. ഈ മാസം ഒന്നാം തീയതി മുതലാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്.


ഇതിന്റെ വസ്തുത എന്താണെന്ന്  പരിശോധിക്കാം.

ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുക എന്ന ഉദ്ദേശത്തോട് കൂടി നടപ്പിലാക്കിയ പദ്ധതിയാണ് ആയുഷ്മാൻ ഭാരത്. രാജ്യത്തെ താഴ്ന്ന വരുമാനക്കാർക്ക് ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ സൗജന്യമായി ലഭ്യമാക്കാൻ ലക്ഷ്യമിട്ടാണ് ആയുഷ്മാൻ ഭാരത് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയാണ് കേരളത്തിലെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയും , പ്രധാനമന്ത്രി ആയുഷ്മാൻ ഭാരത് പദ്ധതിയും നടപ്പാക്കുന്നത്. പദ്ധതിക്ക് അർഹരായവരെ  അപേക്ഷകരിൽ നിന്നും ഇരു സർക്കാരുകളും ചേർന്ന് തെരെഞ്ഞെടുക്കുകയാണ് ചെയ്യുന്നത്. എല്ലാവർക്കും  ഒരേപോലെ പദ്ധതി ആനുകൂല്യം ലഭിക്കില്ല എന്നർത്ഥം. . 

⚡2018-19 വർഷത്തിൽ രാഷ്ട്രീയ സ്വാസ്ഥ്യ ഭീമ യോജന ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കിയിട്ടുള്ളവർ(ആര്‍എസ്ബിവൈ),
⚡ ആരോഗ്യ ഇൻഷുറൻസ് ഉപഭോക്താവാണെന്ന് കാണിച്ചുകൊണ്ടുള്ള പ്രധാനമന്ത്രി കാര്യാലയത്തിൽ നിന്നുള്ള കത്ത് കിട്ടിയവർ അല്ലെങ്കിൽ 
⚡2011 കാസ്റ്റ് സെൻസെസ് പ്രകാരം അർഹരായവർ എന്നിവരാണ് കാരുണ്യ ആരോഗ്യ സുരക്ഷാ (ആയുഷ്മാൻ ഭാരത്) പദ്ധതിയുടെ ഉപഭോക്താക്കൾ.

മുന്‍പ്, എപിഎല്‍ കാര്‍ഡ് ഉടമകള്‍ക്കും ഇത് ലഭ്യമായിരുന്നു. അതിനായി നിശ്ചിത ഫീസ് ഈടാക്കിയിരുന്നു. എന്നാല്‍ ഇത് നടപ്പാക്കിയിരുന്ന സ്വകാര്യ കമ്പനി പിന്മാറിയതോടെ പുതുതായി ആളുകളെ ചേര്‍ക്കാന്‍ സാധിച്ചില്ല.നിലവിൽ ഇവർക്കല്ലാതെ മറ്റാർക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കുകയില്ല. നിലവിൽ പുതിയ അപേക്ഷകൾ സ്വീകരിക്കുന്നില്ല എന്നാണ് സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയുടെ അറിയിപ്പ്.

ആയുഷ്മാൻ ഭാരത് പദ്ധതി നടപ്പിലാക്കാനായി തിരഞ്ഞെടുക്കപ്പെട്ട ആശുപത്രികളിൽനിന്ന് ചികിത്സ സ്വീകരിക്കാവുന്നതാണ്. പ്രസ്തുത ചികിത്സയ്ക്ക് ആശുപത്രി ആവശ്യപ്പെടുന്ന തുക സ്റ്റേറ്റ് ഹെൽത്ത് ഏജൻസി നേരിട്ട് ആശുപത്രിയ്ക്ക് കൊടുക്കുന്നു. യോഗ്യതയുള്ള കുടുംബങ്ങൾക്ക് പ്രാപ്യമായതും , എല്ലാ സജ്ജീകരണവുമുള്ള ആശുപത്രികൾ വഴിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ആനുകൂല്യം ലഭിക്കാൻ അപേക്ഷകൻ പണമായി ഒന്നും തന്നെ അടയ്‌ക്കേണ്ടതില്ല. ആധാർ കാർഡ്, റേഷൻ കാർഡ് എന്നിവയുടെ കോപ്പിയുമായി അടുത്തുള്ള സർക്കാർ ആശുപത്രിയിൽ പോയി രജിസ്റ്റർ ചെയ്യാം എന്ന സന്ദേശവും തെറ്റാണ്. ഓൺലൈൻ വഴിയാണ് അപേക്ഷകൾ സ്വീകരിക്കുക. പദ്ധതി ആനുകൂല്യം ഇപ്പോൾ നിലവിൽ കേരളത്തിൽ നേരിട്ട് ലഭ്യമല്ല . നിലവിൽ കേരളത്തിൽ ലഭ്യമായ സർക്കാർ ആരോഗ്യ രക്ഷാ പദ്ധതികളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ചിയാക് ,പ്രധാന്‍മന്ത്രി ജന്‍ ആരോഗ്യ യോജന(PM-JAY) വെബ്‌സൈറ്റ് എന്നിവ ഉൾപ്പടെയുള്ളവയുടെ വെബ്‌സൈറ്റിൽ ലഭ്യമാണ്.    

ആയുഷ്മാന്‍ ഭാരത് ചികിത്സാ സഹായം ബിപിഎല്‍ കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യമാണ്. എന്നാല്‍ എപിഎല്‍ കാര്‍ഡ് ഉടമകള്‍ക്ക് ചെറിയ ഒരു ഫീസ് ഈടാക്കി അതത് സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള നോഡല്‍ ഏജന്‍സികള്‍ വഴി അപേക്ഷിക്കാവുന്നതാണ്. അപേക്ഷകര്‍ക്ക് അഞ്ച് ലക്ഷം രൂപ വരെയുള്ള ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാകും. ഇത് ഒറ്റത്തവണ പദ്ധതിയല്ല, ഓരോ വര്‍ഷവും അഞ്ച് ലക്ഷം രൂപയുടെ പരിരക്ഷ കിട്ടുമെന്നതാണ് ശ്രദ്ധേയം.കേരളത്തില്‍ സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിയാണ്(എസ്എച്ച്എ) ആയുഷ്മാന്‍ പദ്ധതിയുടെ ചുമതല വഹിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ നല്‍കിവന്നിരുന്ന കാരുണ്യ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായിട്ടാണ് ആയുഷ്മാന്‍ഭാരത് കേരളത്തില്‍ നടപ്പാക്കിയിരുന്നത്.

ആയുഷ്മാന്‍ ഭാരത് പദ്ധതി കേന്ദ്ര സര്‍ക്കാര്‍ ഡിജിറ്റല്‍ സേവനമാക്കിമാറ്റിയിട്ടുണ്ട്. ഇതിനായി ഒരു ഇ-കാര്‍ഡ് നല്‍കുന്നുണ്ട്. ഇത് ഇന്‍ഷുറന്‍സുമായി ബന്ധപ്പെട്ടതല്ല. 
 ആരോഗ്യവുമായി ബന്ധപ്പെട്ട വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കുന്ന സംവിധാനമാണ് ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ ഇ-കാര്‍ഡ്. അതായത് കാര്‍ഡ് ഉടമയ്ക്ക് ജീവിതശൈലീ രോഗങ്ങള്‍, ജനതിക രോഗങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള എല്ലാ ആരോഗ്യ വിവരങ്ങളും ഇതില്‍ ഉള്‍പ്പെടുത്താം. മരുന്നുകള്‍ക്ക് അലര്‍ജി ഉണ്ടെങ്കില്‍ അതും കാര്‍ഡില്‍ രേഖപ്പെടുത്താം.  ഇത്തരത്തില്‍ സമഗ്രമായ മെഡിക്കല്‍ റിപ്പോര്‍ട്ട് ഡിജിറ്റലായി തയാറാക്കുകയാണ്. ഇതുവഴി ഇന്ത്യയില്‍ എവിടെയുമുള്ള ആശുപത്രികളില്‍ കാര്‍ഡ് നല്‍കി കൃത്യമായ ചികിത്സ ഉറപ്പാക്കാം. ABDM ഇ-കാര്‍ഡ് എടുക്കുന്നതിന് ഫോട്ടോയും , ആധാര്‍കാര്‍ഡും മാത്രം മതിയാകും. രജിസ്‌ട്രേഷന് ഫീസ് ഈടാക്കില്ല. എന്നാല്‍ ABDM കാര്‍ഡ് വഴി ചിക്തിസാ സഹായമൊന്നും ലഭ്യമാകില്ല. നമ്മുടെ ചികിത്സാ വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തി പിഴവില്ലാതെ ചികിത്സ നല്‍കാന്‍ ലക്ഷ്യമിട്ടുള്ളതാണിത്. 

ചില സാങ്കേതിക കാരണങ്ങള്‍കൊണ്ട് പദ്ധതിയുടെ പ്രയോജനം ലഭിക്കാത്തവര്‍ക്ക് ചികിത്സാ സഹായം ലഭിക്കാന്‍ അര്‍ഹതയുണ്ടെങ്കില്‍ വില്ലേജ് ഓഫിസര്‍ സാക്ഷ്യപ്പെടുത്തിയ വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ കാരുണ്യ പദ്ധതിയില്‍ നിന്ന് ചികിത്സാ സഹായം നല്‍കുന്നുണ്ട്. എന്നാലിത് ഒരു റേഷന്‍ കാര്‍ഡിന് പരമാവധി രണ്ടുലക്ഷം രൂപ വരെയാണ്. വൃക്ക രോഗികള്‍ക്ക് മൂന്ന് ലക്ഷം വരെയും ഹീമോഫീലിയ രോഗികള്‍ക്ക് പരിധിയില്ലാതെയും ഈ പദ്ധതിവഴി പ്രയോജനം ലഭിക്കും. പരമാവധി തുകയുടെ പരിധി അവസാനിച്ചാല്‍ ഈ കാര്‍ഡ് പ്രവര്‍ത്തനരഹിതമാകും. 

പദ്ധതിയുടെ ഭാഗമായി എല്ലാ പൗരന്മാര്‍ക്കും 14 അക്ക ആരോഗ്യ തിരിച്ചറിയല്‍ നമ്പര്‍ ലഭ്യമാകും. യുണീക്ക് ഹെല്‍ത്ത് ഐഡി എന്നറിയപ്പെടുന്ന ഈ നമ്പറിലൂടെ ഓരോ പൗരന്റേയും സമഗ്രമായ ആരോഗ്യ വിവരങ്ങള്‍ അറിയാന്‍ സാധിക്കും. മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് വ്യക്തിഗത വിവരങ്ങള്‍ ഉള്‍പ്പെടുത്താം.ഭാവിയില്‍ സര്‍ക്കാരിന്റെ ആരോഗ്യ സേവനങ്ങള്‍ ഹെൽത്ത് ഐഡി അടിസ്ഥാനപ്പെടുത്തി ആകും ലഭ്യമാവുക. നിലവില്‍ കൊവിഡ് വാക്‌സിന്‍ എടുത്ത എല്ലാവര്‍ക്കും യുണീക്ക് ഹെല്‍ത്ത് ഐഡി ലഭ്യമായിട്ടുണ്ട്. വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് പരിശോധിച്ചാല്‍ നിങ്ങളുടെ യുണീക്ക് ഹെല്‍ത്ത് ഐഡി നമ്പര്‍ കാണാവുന്നതാണ്. വ്യക്തികള്‍ക്ക് പുറമെ ഡോക്ടര്‍മാര്‍, ആശുപത്രികള്‍, ലാബുകള്‍ തുടങ്ങിയവയ്ക്കും പ്രത്യേകം രജിസ്‌ട്രേഷന്‍ ഉണ്ടാകും.