Type Here to Get Search Results !

അമ്മയ്‌ക്കൊരു കൂട്ടുകാരനെ ആവശ്യമുണ്ട്...!!


അമ്മയ്‌ക്കൊരു കൂട്ടുകാരനെ ആവശ്യമുണ്ട്...!!


മതങ്ങൾ ആഴത്തിൽ വേരൂന്നിയ സമൂഹങ്ങളിലെല്ലാം സ്ത്രീയ്ക്കും പുരുഷനും വെവ്വേറെ നീതിയും നിയമങ്ങളുമായിരിക്കും .

'ലിംഗസമത്വം... തുല്യനീതി' തുടങ്ങിയ ഭംഗിയുള്ള പദങ്ങളുപയോഗിച്ച്  മറച്ചിട്ടുണ്ടെങ്കിലും ആവശ്യസമയത്ത് ഉപയോഗിക്കാൻ പാകത്തിൽ സമൂഹമനസ്സിന്റെ അടിത്തട്ടിലതങ്ങനെ അന്തർലീനമായിക്കിടക്കുന്നുണ്ടാകും .

ചെറുപ്പംമുതൽ അൽപ്പാൽപ്പമായി മതവും പുണ്യ-പാപവിശ്വാസങ്ങളും തിന്നാൻ കൊടുത്ത് സങ്കുചിതമനസ്കരായി വളർത്തുന്നതുകൊണ്ട് ഉള്ളിൽത്തറഞ്ഞ് പയ്യെപ്പയ്യെ ശക്തമായി വേരുറയ്ക്കുന്ന പുരുഷമേൽക്കോയ്മാ ചിന്തയാണ് 'ലിംഗഭേദമനുസരിച്ച് മാറുന്ന നിയമ'ത്തിന്റേയും 'തുല്യമല്ലാത്ത നീതി'യുടേയും അടിസ്ഥാന കാരണം .

പുരുഷന് ബാധകമാകാത്തതും

സ്ത്രീ സൂക്ഷിക്കേണ്ടതുമായ കന്യകാത്വവും വിശുദ്ധിയുമൊക്കെ ഇതിന്റെ ഉപോൽപ്പന്നങ്ങളാണ് .


ഞങ്ങളുടെ മതം സ്ത്രീയ്ക്ക് നൽകുന്ന പ്രാധാന്യം മറ്റൊരു മതവും നൽകുന്നില്ല എന്നൊക്കെ എല്ലാ മതസ്ഥരും വീമ്പുപറയുമെങ്കിലും 'നിഷ്പക്ഷ'മായി പരിശോധിച്ചാൽ  മതങ്ങളെല്ലാം സ്ത്രീവിരുദ്ധമാണെന്നും മതത്തിന്റെ കണ്ണിൽ സ്ത്രീ രണ്ടാംതരം പൗരയാണെന്നും കൃത്യമായി മനസ്സിലാക്കാം .


അമ്പത് വയസ്സ് കഴിഞ്ഞ ഒരാളുടെ

ഭാര്യ മരിച്ചാൽ അയാൾക്ക് മറ്റൊരു സ്ത്രീയെ അന്വേഷിച്ചുകണ്ടെത്തി പുനർവിവാഹം കഴിക്കാനുള്ള സാധ്യതയും സ്വാതന്ത്ര്യവും നമ്മുടെ നാട്ടിലുണ്ട് . എന്നാൽ ഭർത്താവ് മരിച്ചുപോയ 40/50-വയസ്സ് പ്രായമുള്ളൊരു വിധവ രണ്ടുദിവസമടുപ്പിച്ച് ഏതെങ്കിലും ഒരന്യപുരുഷനോട്‌ സംസാരിച്ചാൽത്തന്നെ സദാചാരം പൊട്ടിയൊലിക്കുന്ന നാട്ടിൽ അവർക്ക്‌ അനുയോജ്യമായ വിവാഹമന്വേഷിക്കുന്നു എന്നൊക്കെ കേട്ടാൽ നെറ്റിചുളിയും .

എട്ടോ പത്തോ വർഷം കൂട്ടില്ലാതെ ജീവിച്ച അമ്മ മറ്റൊരാളെ ഇഷ്ടപ്പെടുകയോ അയാളുടെ കൂടെ ജീവിക്കുകയോ മറ്റോ ചെയ്‌താൽ കുടുംബവും കുട്ടികളുമായി തങ്ങളുടെ ലോകത്ത് കഴിയുന്ന അമ്മയുടെ മക്കൾക്ക് ഹിമാലയത്തിനേക്കാളും വലുപ്പത്തിൽ 'അയ്യേ നാണക്കേട് ' നൽകുന്ന സമൂഹമാണ് നമ്മുടേത് .


വിഭാര്യനായ പുരുഷന് സാധുവാകുന്ന

അതേ വിവാഹം വിധവയായ സ്ത്രീയ്ക്ക് നിഷിദ്ധമാക്കുന്നത് പുരുഷമേധാവിത്വത്തിന്റെ പ്രധാന കണ്ടുപിടുത്തമായ മതബോധവും അതിന്റെ സങ്കുചിതത്വവുമാണ് . സ്ത്രീയുമായി ബന്ധപ്പെട്ട ശരിതെറ്റുകളുയർന്നുവരുമ്പോൾ ഉള്ളിൽപ്പതിഞ്ഞുപോയ മതം പാപബോധത്തെ ഉയർത്തി മനുഷ്യനെ ശരിയുടെ പക്ഷത്തേക്ക് പോകാനാകാതെ ദുർബലനാക്കുന്നു .

ദൈവം കല്പിച്ചതെന്ന കളിപ്പീരുമായി പഠിച്ചുവെച്ച പുണ്യശീലങ്ങളുടെ മതിലുകെട്ടുകയാണ് അതിനെ മറികടക്കാനായി മനുഷ്യർ ചെയ്യുന്നത് .

അതോടെ വിശാലമായ മാനവിക ചിന്തകൾക്ക് ഉള്ളിലേക്ക് പ്രവേശിക്കാനാകാതെ വരുന്നു . ചുരുക്കിപ്പറഞ്ഞാൽ ഭർത്താവ് മരിച്ചുപോയ സ്ത്രീ പേരക്കിടാങ്ങളെ കളിപ്പിച്ചും ആത്മീയചിന്തകളിൽ മുഴുകിയും ശേഷിക്കുന്ന കാലം കഴിച്ചുകൂട്ടിക്കൊള്ളണമെന്നുള്ള  സദാചാരവാദത്തിന്റെ വേരുകൾ കിടക്കുന്നത് മതചിന്തയുടെ ഇരുട്ടിലാണ് .


കഴിഞ്ഞ ദിവസം നമ്മുടെ പൊതുമനോഭാവത്തിന് വിപരീതമായി

കൊല്ലത്തൊരു വിവാഹം നടന്നു .

ജാജി-റെജി ദമ്പതികളാണ് വിവാഹിതരായത് .

ജാജിയുടെ മക്കളായിരുന്നു അമ്മയുടെ വിവാഹം നടത്തിക്കൊടുത്തത് .

മക്കൾ നടത്തിക്കൊടുത്ത വിവാഹമായതുകൊണ്ട് മാത്രമല്ല

ഈ വിവാഹത്തിന് പ്രാധാന്യമേറുന്നത് .

അവർ സമൂഹത്തിലേക്കുവെച്ച ചിന്തയാണ് അഭിനന്ദനീയം .


56-വയസ്സുള്ള ജാജിയ്ക്ക് രണ്ടുമക്കളാണ് .

കീർത്തിയും കാർത്തിയും .

ഒരു സംരംഭകകൂടിയായ ജാജിയുടെ ഭർത്താവ്

8-വർഷംമുൻപാണ് മരണപ്പെടുന്നത് .


മക്കൾ രണ്ടുപേരും സെറ്റിൽഡായതോടെ കഴിഞ്ഞ രണ്ടുമാസമായി ജാജി ഒരുഫ്ലാറ്റിൽ ഒറ്റയ്ക്കായിരുന്നു താമസം .

ഒരു ദിവസം മകൾ കീർത്തി അമ്മയെ വിളിച്ചപ്പോൾ കിട്ടുന്നേയില്ല .

പോയിനോക്കിയപ്പോൾ അമ്മ പനിപിടിച്ചു കിടക്കുന്നു .

ഇത്തരം സന്ദർഭത്തിൽ അമ്മയെക്കൂടെ തങ്ങളുടെ വീട്ടിലേക്ക് കൊണ്ടുപോകുകയോ അല്ലെങ്കിലൊരു ജോലിക്കാരിയെ വെക്കുകയോ  ഒക്കെയാണ് സാധാരണനിലയിൽ എല്ലാവരും ചെയ്യുക .

എന്നാൽ കീർത്തിയും കാർത്തിയും

വ്യവസ്ഥാപിത രീതികൾക്കതീതമായി ചിന്തിക്കുന്നു .

അമ്മയ്ക്ക്‌ വേണ്ടതൊരു 'കൂട്ടാണ'ന്നുറപ്പിച്ച മക്കൾ അവസാനം അമ്മയ്ക്ക് കൂട്ടായി പത്തുവർഷം മുൻപേ ഭാര്യ മരിച്ചുപോയ റെജിയങ്കിളിനെ  കണ്ടെത്തുന്നു .

ഹൈസ്‌കൂൾ അധ്യാപകനായ അദ്ദേഹം സമ്മതം അറിയിക്കുകയും അമ്മയുടെ അഭിപ്രായം ചോദിക്കാൻ പറയുകയും ചെയ്യുന്നു .

അമ്മയാദ്യം സമ്മതിച്ചില്ലെങ്കിലും മക്കൾ നിർബന്ധിച്ച് സമ്മതിപ്പിക്കുകയും 

കഴിഞ്ഞ ദിവസം വിവാഹം നടത്തുകയും ചെയ്യുന്നു .


പ്രായമായ മാതാപിതാക്കളെ വൃദ്ധസദനത്തിൽ തള്ളുകയോ മരുമകളുടെ മുഖം കറുപ്പിച്ചുള്ള അനിഷ്ടപെരുമാറ്റത്തിന് വിട്ടുകൊടുക്കുകയോ ചെയ്യുന്ന ഇക്കാലത്ത് സാധാരണക്കാർക്കും ഇത്തരത്തിൽ വിപ്ലവകരമായി ചിന്തിക്കാവുന്നതാണ് .

ഒറ്റപ്പെട്ടുപോകുന്ന പ്രായമായ അമ്മമാർക്ക് നൽകാവുന്ന ഏറ്റവും അനുകമ്പാർഹമായ തീരുമാനമായിരിക്കുമത് .

മിണ്ടീം പറഞ്ഞും സ്നേഹിച്ചും അന്യോന്യമാശ്രയിച്ചും അവരും സന്തോഷത്തോടെ ജീവിക്കട്ടെ .


ചുരുങ്ങിയത് ഇത്തരം വാർത്തകളോട് അനുകൂലിക്കുന്നതും അതിൽ സന്തോഷം കണ്ടെത്തുന്നതും മാറ്റത്തിന്റെ ആദ്യചുവടാണെന്ന് മനസ്സിലാക്കൂ .

നല്ല ചിന്തകളിൽനിന്നാണല്ലോ സമൂഹത്തിൽ മാതൃകാപരമായ പ്രവൃത്തികളുണ്ടാകുന്നത് .


കീർത്തിപ്രകാശിനും കാർത്തിക്കിനും

അഭിനന്ദനങ്ങൾ...🌷🌷

ജാജി-റെജി ദമ്പതികൾക്ക് വിവാഹമംഗളാശംസകൾ...🎈🎈

                                     chamakkalayiratheesh


ഫോട്ടോയിൽ നടുക്ക് നിൽക്കുന്നതാണ്

ധീരരായ മക്കൾ കാർത്തിയും കീർത്തിയും .