Type Here to Get Search Results !

പിങ്ക് പോലീസ് ആ കുട്ടിയോട് കാണിച്ചതിന്റെ ശരിയായ ദുഷ്ഫലം അറിയാൻ എത്രയോ വർഷം കാത്തിരിക്കേണ്ടി വരും ; ഹരീഷ് വാസുദേവ്


ഹൈക്കോടതിയുടെ ജോലി നിയമവ്യാഖ്യാനമാണ്. മനുഷ്യാന്തസ്, ജീവിക്കുവാനുള്ള അവകാശം, വ്യക്തിസ്വാതന്ത്ര്യം എന്നീ വാക്കുകളെ 1950 ൽ മനസിലാക്കുന്നത് പോലെയല്ല ഇന്ന്. ഒരുപാട് വളർന്നു കഴിഞ്ഞു ആ ആശയങ്ങൾ. ഇങ്ങനെ

നമ്മളിന്നു അനുഭവിക്കുന്ന ഉന്നതിയിൽ എത്തിച്ചതിൽ ഇന്ത്യൻ ജുഡീഷ്യറിക്ക് വലിയ പങ്കുണ്ട്. മറ്റാരേക്കാളും പങ്കുണ്ടെന്ന് പറഞ്ഞാലും തെറ്റില്ല.

കുട്ടിയുടെ മനസ് വളരെ ഫ്രജൈലാണ്. മുതിർന്നവരോട് പോലും പോലീസ് അധികാര ദുർവിനിയോഗം നടത്താൻ പാടില്ല. പിങ്ക് പോലീസ് ആ കുട്ടിയോട് കാണിച്ചതിന്റെ ശരിയായ ദുഷ്ഫലം അറിയാൻ എത്രയോ വർഷം കാത്തിരിക്കേണ്ടി വരും ! ഈ സംഭവം ആ കുഞ്ഞു കുട്ടിയുടെ മനസ്സിനെ ഉലച്ചത് ഒട്ടൊന്നുമല്ല.


"ആ പെണ്കുട്ടിയുടെ ജീവിതത്തിന്റെ മൂല്യം ആ ഫോണിനെക്കാൾ എത്രയോ വലുതാണ്" എന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിക്കുന്നത് ആ അർത്ഥത്തിൽ മനസിലാക്കാൻ കഴിയാത്ത മൃഗങ്ങൾ പോലീസ് സേനയിൽ മാത്രമല്ല ഭരണത്തിൽ പോലുമുണ്ട്. 


ആ കുട്ടിയുടെ മനസിൽ പൊലീസിനെപ്പറ്റി ഉണ്ടാക്കിയ തെറ്റായ ഇമേജ് സ്റേറ്റിന് ഉണ്ടായ വലിയ തെറ്റാണെന്നും ഇത്തരം തെറ്റ് ആവർത്തിക്കാൻ പാടില്ലെന്നു തോന്നേണ്ടതും  സർക്കാരിനാണ്. ആ സിറ്റുവേഷൻ വളരെ മോശമായിട്ടാണ് പോലീസ് കൈകാര്യം ചെയ്തത്. അത് മനസിലാക്കാൻ അന്വേഷണമോ റിപ്പോർട്ടോ വേണ്ട, ആ വീഡിയോ കണ്ടാൽ മതി. കുഞ്ഞിന്റെ പേടിയോ ഞെട്ടലോ കരച്ചിലോ നിർത്താൻ അതുണ്ടാക്കിയ പോലീസ് ഒന്നും ചെയ്തില്ല. 


ഇക്കാര്യം സ്റ്റേറ്റിനെ നയിക്കുന്ന പിണറായി വിജയനോ ഈ മുന്നണിയെ നയിക്കുന്നവർക്കോ മനസിലാകുന്നില്ല, അവരിൽ നിന്ന് കേൾക്കേണ്ട, കേൾക്കാൻ ആഗ്രഹിക്കുന്ന ചോദ്യങ്ങളും വാക്കുകളും ആണ് ജസ്റ്റിസ്.ദേവൻ രാമചന്ദ്രനിൽ നിന്ന് കേൾക്കുന്നത്. ജുഡീഷ്യറിക്ക് ഇങ്ങനെ പറയാൻ അവസരമുണ്ടാക്കുന്നത് പരാജയപ്പെടുന്ന രാഷ്ട്രീയ നേതൃത്വമാണ്. ഭരണമാണ്.


ഒരു പൊലീസുകാരിക്കു സസ്‌പെൻഷൻ കൊടുത്താൽ സ്റ്റേറ്റിന്റെ പണി തീർന്നില്ല. പൗരന്മാരോട് എങ്ങനെ പെരുമാറണം എന്നറിയാത്ത പോലീസ് സേനയെ ട്രെയിൻ ചെയ്യുക, മനുഷ്യരാക്കുക, കാക്കിയുടെ ഈഗോ ഊരി വെപ്പിക്കുക എന്നതൊക്കെ സ്റ്റേറ്റിന്റെ അടിസ്ഥാന ഉത്തരവാദിത്തം ആണ്. ഓപ്‌ഷനോ ഔദാര്യമോ അല്ല.


അപ്പണി നടക്കുന്നില്ല. ഇരകൾക്ക് സ്റ്റേറ്റ് അന്യമാകുമ്പോൾ നീതിക്കായി അവർ ജുഡീഷ്യറിയെ സമീപിക്കുന്നു. സ്റ്റേറ്റിനെ തഴുകുന്ന ജഡ്ജിമാർക്ക് പകരം, കൃത്യമായി ചോദ്യങ്ങൾ ചോദിക്കുന്ന, വിരൽ ചൂണ്ടുന്ന, തിരുത്തുന്ന ജുഡീഷ്യറി ആണ് എല്ലാക്കാലവും ഭരണഘടന സംരക്ഷിച്ചിട്ടുള്ളത്. 


പോലീസ് അട്രോസിറ്റിക്കെതിരായ, സ്റ്റേറ്റിന്റെ ഭരണഘടനാ വിരുദ്ധ സമീപനങ്ങൾക്ക് എതിരായി നീതിക്ക് വേണ്ടി ജുഡീഷ്യറിയെ സമീപിക്കുന്നവർക്ക്, ജസ്റ്റിസ്.വി.ആർ കൃഷ്ണയ്യരും ഭഗവതിയും ഒക്കെ തുടങ്ങി വച്ച ഒരു ചിന്താധാരയിൽ ഇന്നുള്ള ജഡ്ജിമാരിൽ ഒരാളായ ജസ്റ്റിസ്.ദേവൻ രാമചന്ദ്രൻ ഒരു പ്രതീക്ഷയാണ്. ജുഡീഷ്യൽ ആക്ടിവിസമോ ഹീറോയിസമോ തീർത്തും ഒഴിവാക്കേണ്ടതാണ് എന്നാഗ്രഹിക്കുന്ന പൗരന്മാർ പോലും, അതിനോട് യോജിക്കുന്നത് സ്റ്റേറ്റിന്റെ സമ്പൂർണ്ണ പരാജയം അനുഭവിക്കുമ്പോഴാണ്.


ഒറ്റപ്പെട്ട സംഭവങ്ങളല്ല, തുടർച്ചയായ സംഭവങ്ങൾ ഒന്നിന് പിറകേ ഒന്നായി വരുന്നത് കാണുന്നത് കൊണ്ടാണ് "പ്രശ്നം ചില വ്യക്തികളുടെ അല്ല, സിസ്റ്റത്തിന്റെ ആണ്" എന്ന തീർപ്പ് ഉണ്ടാകുന്നത്.


ആഭ്യന്തരമന്ത്രിയും പോലീസ് സേനയും ജനങ്ങളോടുള്ള ഉത്തരവാദിത്തം കാണിക്കുന്നുണ്ട് എന്നുറപ്പാക്കാൻ LDF നു ബാധ്യതയുണ്ട്. പോലീസ് സേനാ നവീകരണം സർക്കാർ ഉടൻ ആരംഭിക്കണം.