Type Here to Get Search Results !

പരവൂർ സ്‌റ്റേഷനിൽ പോലീസിൻ്റെ മൊബൈൽ ഫോൺ മോഷണം ; പതിവ് നടപടി സ്ഥലം മാറ്റം

Kerala police

മൊബൈൽ ഫോൺ കാണാതായ സംഭവത്തിൽ കൊല്ലം പരവൂർ സ്‌റ്റേഷനിൽ കൂട്ടസ്ഥലം മാറ്റം. ചാത്തന്നൂർ എസിപി ഗോപകുമാറിന്റെ അന്വേഷണ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ എട്ട് പൊലീസുകാരെയാണ് സിറ്റി പൊലീസ് കമ്മിഷണർ സ്ഥലം മാറ്റിയത്. വനിതാ പൊലീസുകാർ ഉൾപ്പടെയുള്ളവരും നടപടി നേരിടുന്നവരിൽ ഉണ്ടെന്നാണ് സൂചന.


ഓപ്പറേഷൻ പി ഹണ്ടിന്റെ ഭാഗമായി പിടിച്ചെടുത്ത മൊബൈൽ ഫോണാണ് മോഷണം പോയത്. കഴിഞ്ഞ സെപ്‌തംബറിലായിരുന്നു സംഭവം. കുട്ടികളുടെ അശ്ലീല വീഡിയോകൾ പതിവായി കാണുകയും ഷെയർ ചെയ്യുകയും ചെയ്യുന്നവരെ പിടികൂടാൻ സൈബർ സെല്ലിന്റെ നിർദേശങ്ങൾ അനുസരിച്ച് നടത്തിയ റെയ‌്ഡിൽ പരവൂർ തെക്കുംഭാഗം സ്വദേശിയായ യുവാവിൽ നിന്നും പിടിച്ചെടുത്ത മൊബൈൽ ഫോണാണ് മോഷണം പോയത്.

തുടർന്ന് ഫോൺ കോടതിയിൽ ഹാജരാക്കിയപ്പോഴാണ് തിരിമറി പുറത്തറിയുന്നത്. റെയ‌്ഡിൽ പിടിച്ചെടുത്ത വില കൂടിയ ഫോണിന് പകരം മറ്റൊരു കമ്പനിയുടെ പ്രവർത്തനരഹിതമായ ഫോണാണ് നൽകിയതെന്ന് പരിശോധനാ ചുമതലയുള്ള കോടതി ജീവനക്കാരൻ കണ്ടെത്തുകയായിരുന്നു.സംഭവം വിവാദമായതോടെ ചാത്തന്നൂർ എസ്‌പിയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് കമ്മിഷണർക്ക് റിപ്പോർട്ട് സമർപ്പിച്ചത്.സാധാരണക്കാരൻ മോഷ്ടിച്ചാൽ മോഷണക്കേസിൽ ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരും എന്നാൽ സർക്കാർ ഉദ്യോഗസ്ഥർ മോഷ്ടിച്ചിൽ സ്ഥലം മാറ്റമായിരിക്കും ശിക്ഷ. ട്രയിൻ തട്ടി മരിച്ച യുവാവിൻ്റെ ഫോൺ മോഷ്ടിച്ച് ഉപയോഗിച്ച എസ്ഐയെയും അടുത്തിടെ സ്ഥലം മാറ്റിയിരുന്നു. കുറ്റം ചെയ്യാതെയും ഉദ്യോഗസ്ഥർ സ്വാഭാവികമായി സ്ഥലം മാറ്റം ലഭിക്കാറുണ്ട് അതിൽ നിന്ന് ഒട്ടും വ്യത്യസ്തമല്ല ഈ നടപടിയും. കേസ്സുമായി പിടിക്കപ്പെടുന്നവരുടെ ഫോണിൽ നിന്ന് പോലീസ് മുഖാന്തിരമാണോ ഇത്തരം വീഡിയോകൾ വെബ് സൈറ്റുകളിൽ എത്തുന്നതെന്നും പരിശോധിക്കേണ്ടതുണ്ട്.